Skip to main content

പ്രളയ പുനര്‍നിര്‍മാണം സര്‍ക്കാരിനൊപ്പം  ജനങ്ങളും മുന്നിട്ടിറങ്ങി                                                          :മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് സര്‍ക്കാരിനൊപ്പം ജനങ്ങളും  മുന്നിട്ടിറങ്ങിയെന്ന്  തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.  പ്രളയ ദുരിതാശ്വാസ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതു സമൂഹത്തെ അറിയിക്കാന്‍ 'ജനകീയം ഈ അതിജീവനം' എന്ന ശീര്‍ഷകത്തില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല പൊതുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടൊന്നാകെ പുനര്‍നിര്‍മാണത്തില്‍ പങ്കെടുത്തു. നിരവധി സംഘടനകളും ഇതില്‍ പങ്കാളികളായി. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ദുരിതബാധിതര്‍ക്ക് സഹായവുമായെത്തി. റീബില്‍ഡ് കേരളയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നത്. കെയര്‍ഹോം പദ്ധതി പ്രകാരം സഹകരണവകുപ്പ് 84 വീടുകളാണ് ജില്ലയില്‍ നിര്‍മിച്ചു നല്‍കുന്നതെന്നും സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന വീട് നിര്‍മാണം ഇതിനു പുറമെയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ  അധ്യക്ഷത വഹിച്ചു. പ്രളയത്തെ അതിജീവിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതുകൊണ്ട് കേരളത്തിന്റെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് തന്നെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

  ജില്ലയിലെ പ്രളയ ദുരിതാശ്വാസ, പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍ വിശദീകരിച്ചു. സഹകരണ വകുപ്പ് നടപ്പിലാക്കുന്ന കെയര്‍ഹോം പദ്ധതിയുടെ ഭാഗമായി പണി പൂര്‍ത്തിയാക്കിയ രണ്ടു വീടുകളുടെ താക്കോല്‍ മേപ്പാടി സ്വദേശിനി ശാന്ത വിജയന്‍, പനമരം കൂളിവയല്‍ സ്വദേശിനി സുമയ്യ റഷീദ് എന്നിവര്‍ക്ക് കൈമാറി. തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. കൂടാതെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ് തണല്‍ തൃശ്ശിലേരി വില്ലേജിലെ 17 കുടുംബങ്ങള്‍ക്ക് അഞ്ചു സെന്റ് ഭൂമി വീതം സൗജന്യമായി നല്‍കിയതിന്റെ രേഖകളും കൈമാറി. പ്ലാമൂല കാക്കോരി, നന്മാറ കോളനിവാസികള്‍ ഭൂ രേഖകള്‍ എറ്റുവാങ്ങി. പ്രളയബാധിതരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സാമൂഹിക- സന്നദ്ധസംഘടന പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ ,എ.ഡി.എം കെ.അജീഷ്, സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, ജില്ലാ കളക്ടറേറ്റ് സീനിയര്‍ സൂപ്രണ്ട് ആന്‍ഡ് നോഡല്‍ ഓഫീസര്‍ ഇ.സുരേഷ് ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

date