Skip to main content

ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളില്‍  എസ്.ആര്‍.എം. പരിശോധന പൂര്‍ത്തിയായി

ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ കേന്ദ്രങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി നടന്നുവന്ന സ്റ്റേറ്റ് റിവ്യൂ മിഷന്‍ (എസ്.ആര്‍.എം) പരിശോധന പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ വി.ആര്‍ രാജു, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ (ആര്‍.സി.എച്ച്) ഡോ. നിത വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ 14 അംഗ സംഘമാണ് ആരോഗ്യകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ആസ്പിരേഷണല്‍ ഡിസ്ട്രിക്ടായ വയനാടിന്റെ ആരോഗ്യരംഗം വിലയിരുത്താന്‍ കേന്ദ്രസംഘം എത്തുന്നതിനു മുന്നോടിയായിരുന്നു പരിശോധന. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളായ തരിയോട്, മീനങ്ങാടി, പേരിയ, മേപ്പാടി, അമ്പലവയല്‍, പനമരം, നല്ലൂര്‍നാട്, ഫാമിലി ഹെല്‍ത്ത് സെന്ററുകളായ നൂല്‍പ്പുഴ, വെങ്ങപ്പള്ളി, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളായ വാഴവറ്റ, പൊഴുതന, ചീരാല്‍, അപ്പപ്പാറ, യുപിഎച്ച്‌സി മുണ്ടേരി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രികള്‍, മാനന്തവാടി ജില്ലാ ആശുപത്രി, കല്‍പ്പറ്റ ജനറല്‍ ആശുപത്രി,  മാനന്തവാടി ദേശീയ ആരോഗ്യ ദൗത്യം ഓഫീസ്, ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാം ഓഫീസ് എന്നിവിടങ്ങളില്‍ സംഘമെത്തി. 
ആരോഗ്യകേന്ദ്രങ്ങളിലെ മെറ്റേണല്‍-ചൈല്‍ഡ് ഹെല്‍ത്ത്, നാഷണല്‍ വെക്ടര്‍ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ പ്രോഗ്രാം, റിവൈസ്ഡ് നാഷണല്‍ ട്യൂബര്‍കുലോസിസ് കണ്‍ട്രോള്‍ പ്രോഗ്രാം, നാഷണല്‍ ഓറല്‍ ഹെല്‍ത്ത് പ്രോഗ്രാം, അഡോളസന്റ് ഹെല്‍ത്ത്, ഫാമിലി പ്ലാനിങ്, നാഷണല്‍ പ്രോഗ്രാം ഫോര്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് കാന്‍സര്‍, ഡയബറ്റ്‌സ്, കാര്‍ഡിയോ വാസ്‌കുലാര്‍ ഡിസീസ് ആന്റ് സ്‌ട്രോക്ക്, നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാം, നാഷണല്‍ പ്രോഗ്രാം ഫോര്‍ ഹെല്‍ത്ത് കെയര്‍ ഓഫ് എല്‍ഡേര്‍ലി, പാലിയേറ്റീവ് കെയര്‍ തുടങ്ങിയവ പരിശോധിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെയും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെയും ലാബ്, ഓപറേഷന്‍ തിയേറ്റര്‍, ബ്ലഡ് ബാങ്ക് കാര്യക്ഷമത, ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, സാംക്രമിക രോഗങ്ങളുടെ ഏറ്റക്കുറച്ചില്‍ തുടങ്ങിയവയും പരിശോധനയ്ക്കു വിധേയമാക്കി. 
കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളും രോഗികള്‍ക്കുള്ള സൗകര്യങ്ങളും വിലയിരുത്തിയ സംഘം ആശുപത്രി അധികൃതര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി. പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയ ആരോഗ്യ ദൗത്യം സ്റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ വി.കേശവേന്ദ്രകുമാറിന്റെ സാന്നിധ്യത്തില്‍ കലക്ടറേറ്റിലെ എ.പി.ജെ ഹാളില്‍ യോഗം ചേര്‍ന്നു. ആശുപത്രികളിലെ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദേശം നല്‍കി. മികച്ച പ്രവര്‍ത്തനം നടത്തി വരുന്ന ആരോഗ്യകേന്ദ്രങ്ങളെയും കേരളത്തില്‍ ആദ്യമായി ആശാ പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജരെയും ആശാ കോ-ഓഡിനേറ്ററെയും എസ്.ആര്‍.എം. അംഗങ്ങള്‍ അഭിനന്ദിച്ചു. ജില്ലാ കലക്ടര്‍ എ.ആര്‍. അജയകുമാര്‍, സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ഡോ. നിത വിജയന്‍, ഡോ. വി.ആര്‍ രാജു, ഡി.എം.ഒ (ആരോഗ്യം) ഡോ. ആര്‍.രേണുക, ആയുര്‍വേദം, ഹോമിയോ ഡിഎംഒമാര്‍, എസ്.ആര്‍.എം അംഗങ്ങള്‍, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, മെഡിക്കല്‍ ഓഫിസര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date