Skip to main content
ജില്ലാ ട്രഷറിയുടെയും സബ്ട്രഷറിയുടെയും കീഴിലുള്ള ഡിഡിഒ മാര്‍ക്ക് ഇടിഎസ്ബി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.നിതിന്‍രാജ് ക്ലാസെടുക്കുന്നു.  

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി  ഇ ടി എസ് ബി അക്കൗണ്ട് : പരിശീലന ക്ലാസ് നടത്തി

    കണ്ണൂര്‍ ജില്ലാ ട്രഷറിയുടെയും കണ്ണൂര്‍ സബ് ട്രഷറിയുടെയും കീഴിലെ ഡി ഡി ഒ മാര്‍ക്കായി ഇ ടി എസ് ബി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ട്രഷറി ഓഫീസര്‍ എം വി ലാല്‍രാജ് ഉദ്ഘാടനം ചെയ്തു. കലക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് ജില്ലാ ട്രഷറി ഓഫീസര്‍ കെ പി ഹൈമ അധ്യക്ഷത വഹിച്ചു. ഇ ടി എസ് ബി സംവിധാനത്തെക്കുറിച്ച്  ഇ ടി എസ് ബി ജില്ലാ കോര്‍ഡിനേറ്റര്‍ നിതിന്‍ രാജ് ക്ലാസെടുത്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായി ആരംഭിച്ച ട്രഷറിയിലെ സാലറി അക്കൗണ്ടുകളാണ് ഇ ടി എസ് ബി. സ്പാര്‍ക്ക് സംവിധാനത്തില്‍ ലഭ്യമായിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ ഇ- കീ ആയി സ്വീകരിച്ച് ഓട്ടോമേറ്റഡ് പ്രോസസ്സിലൂടെ ട്രഷറികള്‍ തന്നെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഈ അക്കൗണ്ട് ആരംഭിക്കും. സ്പാര്‍ക്ക് സംവിധാനത്തില്‍ പേര് വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്ന ജീവനക്കാര്‍ക്ക് ഈ അക്കൗണ്ടിന്റെ വിവരങ്ങള്‍ എസ് എം എസ് ആയി ലഭിക്കും. ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യവും ഈ അക്കൗണ്ടിലേക്കാണ് ലഭിക്കുന്നത്. ഡി ഡി ഒ ക്ക് സമ്മതപത്രം നല്‍കി ചെക്ക് മുഖേനയോ ഇന്റര്‍നെറ്റ് മുഖേനയോ ജീവനക്കാര്‍ക്ക് സ്വന്തം ഇ ടി എസ് ബി അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കാവുന്നതാണ്. ഇ ടി എസ് ബി അക്കൗണ്ടിലെത്തുന്ന പ്രതിമാസ ശമ്പളത്തിന്റെ എത്ര ശതമാനം അക്കൗണ്ടില്‍ നിലനിര്‍ത്തണം എന്ന് വ്യക്തമാക്കി അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കിയാണ് ഡി ഡി ഒ ക്ക് സമ്മത പത്രം നല്‍കേണ്ടത്. 
tsbonline.kerala.gov.in ലൂടെ രജിസ്‌ട്രേഷന്‍ നടത്തി ലഭ്യമാകുന്ന ഒ ടി പി ഉപയോഗിച്ച് ഇന്റര്‍നെറ്റ് ബാങ്കിംഗ് മുഖേനയും ജീവനക്കാര്‍ക്ക് തുക പിന്‍വലിക്കാം. ഇതിനായി കെ വൈ സി യും അപേക്ഷയും സഹിതം ട്രഷറിയില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഇന്റര്‍നെറ്റ് ബാങ്കിംഗ് വഴി പ്രതിദിനം രണ്ട് ലക്ഷം രൂപയുടെ ഇടപാടുകള്‍ വരെ നടത്താന്‍ സാധിക്കും. ഇ ടി ബി എസ് അക്കൗണ്ടില്‍ പ്രതിമാസം നിക്ഷേപിക്കുന്ന ശമ്പള തുക നാലാം തീയതി മുതല്‍ 18 ാം തീയതി വരെ തുടര്‍ച്ചയായി മിനിമം ബാലന്‍സായി നിലനിര്‍ത്തിയാല്‍ ആ തുകയ്ക്ക് ആറ് ശതമാനം പലിശ ലഭിക്കും. സബ് ട്രഷറി ഓഫീസര്‍ വി ഒ രാജീവ്, ജില്ലാ ട്രഷറി ജൂനിയര്‍ സൂപ്രണ്ട് പി അശോകന്‍ എന്നിവര്‍ സംസാരിച്ചു. 
പി എന്‍ സി/2546/2019

date