Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം 24ന്
 ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് നാളെ(ജൂലൈ 24) രാവിലെ 10 മണി മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തുന്നു.  ഒഴിവുകള്‍, യോഗ്യത എന്ന ക്രമത്തില്‍.  നഴ്‌സ്-ബി എസ് സി നഴ്‌സിംഗ്/ജി എന്‍ എം,  സര്‍വീസ് ടെക്‌നീഷ്യന്‍-ഐ ടി ഐ/ഡിപ്ലോമ ന്‍ ഇലക്‌ട്രോണിക്‌സ്, അക്കൗണ്ടന്റ് - ബി കോം/എംകോം, ഓഫീസ് അസിസ്റ്റന്റ്, സെയില്‍സ് എക്‌സിക്യുട്ടീവ്, റിസപ്ഷനിസ്റ്റ്, വെയ്റ്റര്‍, ടെലികോളര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അക്‌സെസറിസ് ഫിറ്റര്‍, അഡ്മിന്‍,  മാനേജര്‍, എച്ച് ആര്‍, സെയില്‍സ് ഓഫീസര്‍, സെയില്‍സ് മാനേജര്‍-പ്ലസ്ടു, പ്ലസ്ടു വിത്ത് എം എസ് ഓഫീസ്, ഡിഗ്രി, ഡിപ്ലോമ.
    താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.  നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം.  ഫോണ്‍: 0497 2707610.
പി എന്‍ സി/2547/2019

കാലവര്‍ഷം ജില്ലയില്‍ നാളെ റെഡ് അലേര്‍ട്ട്
24 ന് ഓറഞ്ച് അലേര്‍ട്ട്
    കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം. നാളെ(ജൂലൈ 23) ജില്ലയില്‍ റെഡ് അലേര്‍ട്ടും 24 ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. 25, 26 തീയതികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങള്‍, 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങള്‍, അടച്ചുറപ്പില്ലാത്ത വീടുകള്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ താമസിക്കുന്നവര്‍ പ്രധാന രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കണമെന്നും അധികൃതരുടെ നിര്‍ദേശമനുസരിച്ച് മാറിത്താമസിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പി എന്‍ സി/2548/2019

മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കുക
    കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആവാനുള്ള സാധ്യതയുണ്ട്. ആയതിനാല്‍ ജൂലൈ 26 വരെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പി എന്‍ സി/2549/2019

വനം ഡിവിഷന്‍ അദാലത്ത് 
    കണ്ണൂര്‍ വനം ഡിവിഷനുമായി ബന്ധപ്പെട്ട പട്ടയം ഒഴികെയുള്ള പരാതികള്‍ തീര്‍പ്പാക്കുന്നതിന്  ജൂലൈ 23,24 തീയതികളില്‍ ഉച്ചക്ക് ഒരു മണി മുതല്‍ അഞ്ച് മണിവരെ കണ്ണൂര്‍ കണ്ണോത്തുംചാലിലുള്ള കണ്ണൂര്‍ വനം ഡിവിഷന്‍ ഓഫീസില്‍ വെച്ച് അദാലത്ത് നടത്തുന്നു. വിശദ വിവരങ്ങള്‍ക്ക് കണ്ണൂര്‍ വനം ഡിവിഷനുമായി ബന്ധപ്പെടണം. ഫോണ്‍ 0497 2704808.
പി എന്‍ സി/2554/2019

സര്‍ട്ടിഫിക്കറ്റ് പരിശോധന
    ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രീ പ്രൈമറി ടീച്ചര്‍ (പ്രീ പ്രൈമറി സ്‌കൂള്‍ 458/16) തസ്തികയുടെ തെരഞ്ഞെടുപ്പിനായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 24, 25 തീയതികളില്‍ പി എസ് സി ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും അസ്സല്‍ പ്രമാണങ്ങളും സഹിതം അന്നേ ദിവസം രാവിലെ നിശ്ചയിച്ച സമയത്ത് ഹാജരാകേണ്ടതാണ്.  ഫോണ്‍: 0497 2700482. 
പി എന്‍ സി/2555/2019

സ്ഥലം ലേലം
    കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത എടക്കാട് അംശം ചിറക്കുതാഴെ ദേശം റി സ9/2 (9/142)ല്‍പ്പെട്ട 1.38 ആര്‍ സ്ഥലം ആഗസ്ത് 13 ന് എടക്കാട് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ താലൂക്കിലെ റവന്യൂ റിക്കവറി സെക്ഷനിലും എടക്കാട് വില്ലേജ് ഓഫീസിലും ലഭിക്കും.
    കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത പുഴാതി അംശം ദേശം റിസ 62/12ല്‍ പെട്ട 6 1/2 സെന്റ് സ്ഥലം ആഗസ്ത് 16ന് രാവിലെ 11 മണിക്ക് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്ണൂര്‍ താലൂക്കിലെ റവന്യൂ റിക്കവറി സെക്ഷനിലും പുഴാതി  വില്ലേജ് ഓഫീസിലും ലഭിക്കും.
പി എന്‍ സി/2556/2019

അഭിമുഖം 29ന്
    ജില്ലയില്‍ ബി ആര്‍ സികളില്‍ ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കായുള്ള അഭിമുഖം ജൂലൈ 29ന് രാവിലെ 10 മണി മുതലും ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി മുതലും സമഗ്രശിക്ഷാ കേരളം കണ്ണൂര്‍ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടക്കും. ഫോണ്‍ 04972 707993.
പി എന്‍ സി/2557/2019

സൗജന്യ മാവിന്‍ തൈ വിതരണം
    ജില്ലാ ഭാഗ്യക്കുറി ഓഫീസിലെ ഹരിത കൂട്ടായ്മ ഉല്‍പാദിപ്പിച്ച നാടന്‍ മാവിന്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ഫോണ്‍: 9846686908.
പി എന്‍ സി/2558/2019

ലേലം
    കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോമിലെ ഉപയോഗ ശൂന്യമായ ഇരുമ്പു സാധനങ്ങള്‍, പ്ലാസ്റ്റിക്, ടിന്‍ ഷീറ്റുകള്‍ എന്നിവ ആഗസ്ത് ആറിന് രാവിലെ 12 മണിക്ക് സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷണല്‍ ഹോം പരിസരത്ത് വച്ച് ലേലം ചെയ്യും. ഫോണ്‍: 0497 2746141.
പി എന്‍ സി/2559/2019

വിമുക്തഭടന്‍മാരെ നിയമിക്കുന്നു
     ജില്ലയില്‍ ടാറ്റ എ ഐ എ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയിലേക്ക് ബിസിനസ് അസോസിയേറ്റ് ലൈഫ് പ്ലാനേഴ്‌സ് എന്നീ ഒഴിവുകളില്‍ നിയമനം നടത്തുന്നു.  താല്‍പര്യമുള്ള 50 വയസില്‍ താഴെ പ്രായമുള്ള വിമുക്തഭടന്‍മാര്‍ ജൂലൈ 26 ന് മൂന്ന് മണിക്ക് മുമ്പ് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2560/2019

മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു
    കേരള മീഡിയ അക്കാദമിയുടെ 2018 ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു.  2018 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.
    ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുളള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ്, മികച്ച പ്രാദേശിക ലേഖകനുളള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുളള എന്‍ എന്‍ സത്യവ്രതന്‍ അവാര്‍ഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുളള അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുളള അക്കാദമി അവാര്‍ഡ് എന്നിവക്കാണ് എന്‍ട്രികള്‍ ക്ഷണിക്കുന്നത്.
    റിപ്പോര്‍ട്ടില്‍/ഫോട്ടോയില്‍ ലേഖകന്റെ/ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപന മേധാവിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കേണ്ടതാണ്. ഫോട്ടോ 10 x 8 വലുപ്പത്തിലുള്ള പ്രിന്റുകള്‍ നല്‍കണം. ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം.   ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം 2019 ആഗസ്ത് 10 ന് വൈകിട്ട് അഞ്ച് മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി- 682 030 എന്ന വിലാസത്തില്‍ ലഭിക്കണം. കവറിനുപുറത്ത് ഏത് വിഭാഗത്തിലേക്കുളള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം.   
    2018 ലെ ദൃശ്യമാധ്യമ പ്രവര്‍ത്തകനുളള അവാര്‍ഡിന് പ്രേക്ഷകര്‍ക്കും  പേര് നിര്‍ദേശിക്കാവുന്നതാണ്. ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാര്‍ശ ചെയ്യുന്നത് എന്നും രേഖപ്പെടുത്തേണ്ടതുണ്ട്. പ്രേക്ഷകര്‍ക്ക് അക്കാദമിയുടെ വിലാസത്തിലോ keralamediaacademy.gov @gmail.com ലോ അയയ്ക്കാം.
    ഫലകവും 25,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാര ജേതാക്കള്‍ക്കു ലഭിക്കുക.
പി എന്‍ സി/2561/2019

സീറ്റൊഴിവ്
    തലശ്ശേരി ഗവ.കോളേജില്‍ ബി എ, ബി കോം കോഴ്‌സുകളില്‍ എസ് സി/എസ് ടി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റീല്‍ ഒഴിവുണ്ട്.  യോഗ്യരായ വിദ്യാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന്(ജൂലൈ 23) രാവിലെ 11 മണിക്ക് കോളേജില്‍ ഹാജരാകണം.  ഫോണ്‍: 0490 2393985.
പി എന്‍ സി/2562/2019

സൈക്കോളജി അപ്രന്റിസ് നിയമനം
    കല്‍പ്പറ്റ ഗവ.എന്‍ എം എസ് എം കോളേജില്‍ സൈക്കോളജി അപ്രന്റിസ് നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ(ജൂലൈ 23) രാവിലെ 11 മണിക്ക് നടത്തും.  സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ഥികള്‍ രേഖകള്‍ സഹിതം നേരിട്ട് കോളേജില്‍ ഹാജരാകേണ്ടതാണ്.  ഫോണ്‍: 04936 204569.
പി എന്‍ സി/2563/2019

സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി; 
യോഗം ആഗസ്ത് മൂന്നിന്
    കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയില്‍ ഉള്‍പ്പെട്ട കുഞ്ഞിപ്പള്ളി-പുല്ലൂപ്പിറോഡ്, കക്കാട്-മുണ്ടയാട് റോഡുകള്‍ വീതി കൂട്ടി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ ഉള്‍പ്പെടുന്നവരുടെ യോഗം കണ്ണൂര്‍ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറുടെ സാന്നിധ്യത്തില്‍  ആഗസ്ത് മൂന്നിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  രാവിലെ 11 മണിക്ക് കുഞ്ഞിപ്പള്ളി-പുല്ലൂപ്പിറോഡിന്റയും 2.30 ന് കക്കാട്-മുണ്ടയാട് റോഡിന്റെയുമാണ് യോഗം.  ഈ റോഡുകള്‍ ഉള്‍പ്പെട്ട മേഖലയിലുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
പി എന്‍ സി/2564/2019

താല്‍ക്കാലിക അധ്യാപക നിയമനം
    കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ കായചികിത്സ, കൗമാരഭൃത്യ, ശല്യതന്ത്ര വകുപ്പുകളില്‍ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.  താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ജൂലൈ 30 ന് രാവിലെ  11 മണിക്ക് ഗവ.ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പലിന്റെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.  ഫോണ്‍: 0497 2800167.
പി എന്‍ സി/2565/2019

അശ്വമേധം; യോഗം നാളെ
    സംസ്ഥാനത്ത് ആഗസ്ത് 14 മുതല്‍ 27 വരെ നടത്തുന്ന ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന(അശ്വമേധം)  രണ്ടാംഘട്ട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി ജില്ലാതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ജൂലൈ 23 ന് രാവിലെ 10 മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
പി എന്‍ സി/2566/2019

ആര്‍ ടി എ യോഗം
    ആര്‍ ടി എ യോഗം ആഗസ്ത് 12 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/2567/2019
പരാതി സമര്‍പ്പിക്കാം
    ജൂലൈ 29 ന് രണ്ട് മണിക്ക് തോട്ടട ഇ എസ് ഐ ആശുപത്രിയില്‍ നടക്കുന്ന പരാതി പരിഹാര സെല്‍ യോഗത്തില്‍ ഇ എസ് ഐ ഗുണഭോക്താക്കള്‍ക്ക് പരാതികള്‍ ബോധിപ്പിക്കാനുണ്ടെങ്കില്‍ നേരിട്ടോ അല്ലാതെയോ യോഗത്തിന് മുമ്പ് ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണ്.
പി എന്‍ സി/2568/2019

ജെ പി എച്ച് എന്‍   റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
    കാസര്‍കോട് ജെ പി എച്ച് എന്‍ ട്രെയിനിംഗ് സ്‌കൂളിലെ  എ എന്‍  എം കോഴ്സിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഓഫീസ് സമയങ്ങളില്‍ സ്‌കൂളില്‍ പരിശോധനയ്ക്ക് ലഭിക്കും. ഫോണ്‍ 04994 227613.
പി എന്‍ സി/2569/2019

date