Skip to main content

ജില്ലാകളക്ടർ ദുരിതാശ്വാസ ക്യാമ്പ്  സന്ദർശിച്ചു

ആലപ്പുഴ: ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള ദുരിതാശ്വാസ ക്യാമ്പ്  സന്ദർശിച്ചു. കാട്ടൂരിലെ ലയോള ഹാളിലെ ദുരിതാശ്വാസ ക്യാമ്പാണ് സന്ദർശിച്ചത്. കാട്ടൂരിന് സമീപം കടലാക്രമണം ഉണ്ടായ സ്ഥലങ്ങളും കളക്ടർ സന്ദർശിച്ചു. ക്യാമ്പുകളിൽ താമസക്കാർക്കുള്ള ഭക്ഷണവും അവശ്യവസ്തുക്കളും ലഭിക്കുന്നുണ്ടെന്ന് കളക്ടർ ഉറപ്പാക്കി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ.ടി.മാത്യു, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വർണമ്മ,  അമ്പലപ്പുഴ തഹസിൽദാർ അബ്ദുൾ റഷീദ്, വില്ലേജ് ഓഫീസർ എന്നിവർ ഒപ്പമുണ്ടായി.

  
തോട്ടപ്പള്ളി പൊഴി കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: വെള്ളം ഉയരുന്ന സാഹചര്യത്തിൽ കടലിലേക്ക് അധിക ജലം ഒഴുക്കിക്കളയുന്നതിന് തോട്ടപ്പള്ളി പൊഴി മുറിച്ചു. രണ്ടു ജെ.സി.ബികളുടെ സഹായത്തോടെയാണ് പൊഴി മുറിച്ചത്. വെള്ളം കടലിലേക്ക് ഒഴുകുന്നുണ്ട്. പ്രദേശം സന്ദർശിച്ച കളക്ടർ പ്രദേശവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തോട്ടപ്പള്ളി പാലത്തിലെ ഷട്ടറുകളുടെ തകരാറുകൾ പരിഹരിക്കണമെന്ന അവരുടെ ആവശ്യത്തിന് പരിഹാരിക്കാമെന്ന് ഉറപ്പും നൽകി. 

ദുരിതാശ്വാസ ക്യാമ്പുകളിൽ 
മെഡിക്കൽ ക്യാമ്പ് നടത്തി

ആലപ്പുഴ: ജില്ലയിൽ ആറാട്ടുപുഴ, മാരാരിക്കുളം സൗത്ത് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പ് നടത്തി. ആറാട്ടുപുഴ പഞ്ചായത്ത് എൽ.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.നൂപുരയുടെ നേതൃത്വത്തിലും കാട്ടൂർ ലയോള പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ ചെട്ടികാട് ആശുപത്രിയിലെ മെഡിക്കൽ ആഫീസർ ഡോ.സുലേഖറാണിയുടെ നേതൃത്വത്തിലുമാണ്  മെഡിക്കൽ ക്യാമ്പ് നടത്തിയത്.  ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ആറാട്ടുപുഴയിലെ ക്യാമ്പിൽ 53 കുടുംബങ്ങളിലെ 217 പേരും കാട്ടൂരിൽ 18 കുടുംബങ്ങളിലെ 65 പേരും താമസിക്കുന്നു.

date