Skip to main content

ആറാട്ടുപുഴയിലെ ദുരിതാശ്വസ ക്യാമ്പ്  ജില്ലാ കളക്ടർ സന്ദർശിച്ചു

ആലപ്പുഴ: ആറാട്ടുപുഴയിലെ കടലാക്രമണ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പ് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ചൊവ്വാഴ്ച സന്ദർശിച്ചു. ആറാട്ടുപുഴ ജി.പി.എൽ.പി.സ്‌കൂളിൽ 53 കുടുംബങ്ങളിലെ  220 ആളുകളാണുള്ളത്. ക്യാമ്പിലെത്തിയ കളക്ടർ അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു. പുലിമുട്ട് നിർമ്മിച്ചു നൽകണമെന്ന ക്യാമ്പ് അംഗങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണാമെന്ന ഉറപ്പും കളക്ടർ നൽകി. കടലാക്രമണമുണ്ടായ പ്രദേശങ്ങൾ, സുനാമി പദ്ധതി വഴി നിർമിച്ചു നൽകിയ വീടുകൾ എന്നിവയും കളക്ടർ കണ്ടു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വർണമ്മ, കാർത്തികപ്പള്ളി തഹസിൽദാർ കെ.ബി. ശശി, ഡെപ്യൂട്ടി തഹസിൽദാർ ശരത്ത് കുമാർ, വില്ലജ് ഓഫീസർ റ്റി. സിന്ധു എന്നിവർ കളക്ടറോടൊപ്പം ഉണ്ടായിരുന്നു.

(ചിത്രമുണ്ട്)

ഐ ആം ഫോർ ആലപ്പി നിർമ്മിച്ച അംഗനവാടികളുടെ താക്കോൽ ദാനം 

ആലപ്പുഴ: ഐആം ഫോർ ആലപ്പി ക്യാംപയിൻ വഴി രാമ കൃഷ്ണ ആശ്രമത്തിന്റെ സഹായത്തോടെ നിർമ്മിച്ച അംഗനവാടികളുടെ താക്കോൽ ദാനം നടത്തി. ജനകീയം ഈ അതിജീവനം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ  പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരനാണ് അംഗനവാടികളുടെ താക്കോൽ ദാനം നിർവ്വഹിച്ചത്. പ്രളയം സാരമായി ബാധിച്ച കരുവാറ്റ, വീയ്യപുരം, ഹരിപ്പാട്, പള്ളിപ്പാട്, ചെട്ടിക്കുളങ്ങര, കണ്ണമംഗലം, തഴക്കര, ചേർത്തല എന്നിവിടങ്ങളിലാണ് അംഗനവാടികൾ നിർമ്മിച്ചത്. ഭൂനിരപ്പിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിൽ നിർമ്മിച്ച അംഗനവാടികൾ ഇനിയൊരു പ്രളയം വന്നാലും അതിജീവിക്കുന്ന തരത്തിലാണുള്ളത്. സാമൂഹിക നീതി വകുപ്പിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് അംഗനവാടികൾ നിർമ്മിച്ചു നൽകിയത്. പത്ത് ലക്ഷം രൂപ ചെലവിൽ 600 ചതുരശ്ര അടിയിലാണ് അംഗനവാടികളുടെ നിർമ്മാണം. കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള ഹാൾ, അടുക്കള, സ്റ്റോർ റൂം, ശുചിമുറി  എന്നിവയാണ് ഇതിൽ ഉൾക്കോള്ളിച്ചിട്ടുള്ളത്. അത്യാധുനിക എട്ട് അംഗനവാടികളാണ് ജില്ലയിലുടനീളം നിർമ്മിച്ചത്. 

 

date