Skip to main content
കട്ടപ്പന ടൗണ്‍ ഹാളില്‍ നടന്ന സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഭവന നിര്‍മ്മാണ വായ്പ കുടിശ്ശിക നിവാരണ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.

തീരാക്കടങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദാലത്തുകള്‍ സഹായകരമാകും - റോഷി അഗസ്റ്റിന്‍ എം.എല്‍.എ

ഭവന വായ്പയെടുത്ത് കുടിശികയായ വലിയ കടബാധ്യതയ്ക്ക് പരിഹാരം കാണാന്‍ അദാലത്തുകള്‍ സഹായകരമാകുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ.  സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഭവന നിര്‍മ്മാണ വായ്പ കുടിശ്ശിക നിവാരണ അദാലത്തിന്റെ ജില്ലാതല ഉദ്ഘാടനം കട്ടപ്പന ടൗണ്‍ ഹാളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭവനരഹിതരായ ഏഴു ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്കിയ ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പരിശ്രമവും ജനങ്ങളുടെ സഹകരണവും ആവശ്യമാണ്. ഭവന നിര്‍മ്മാണത്തിനായി എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാതെ വലിയ കുടിശിഖയായവര്‍ക്ക് അര്‍ഹമായ ഇളവുകള്‍ നല്കി കുടിശ്ശിക നിവാരണത്തിനുള്ള അവസരമാണ് അദാലത്തിലൂടെ ലഭിച്ചിരിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
  സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ് യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മുഖ്യ പ്രഭാഷണം നടത്തി. കുടിശ്ശികക്കാര്‍ക്ക് കടബാധിതയില്‍ നിന്ന് മോചിതരാകാനുള്ള അവസരം എന്നതുപോലെ തന്നെ ബോര്‍ഡിനെ നിലനിര്‍ത്തി കൊണ്ടുപോകാനും സാധാരണക്കാര്‍ക്ക് തുടര്‍ന്നും ഇതിന്റെ പ്രയോജനം ലഭിക്കുവാനും വായ്പ കുടിശ്ശിക നിവാരണ അദാലത്തിലൂടെ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
  കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കൗണ്‍സിലര്‍ മനോജ് എം.തോമസ്, ഭവന നിര്‍മ്മാണ ബോര്‍ഡ് അഡീഷണല്‍ സെക്രട്ടറി കെ.ബാബു, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ റാണി പി.എന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
  ഭവന വായ്പകള്‍ തീര്‍പ്പാക്കാന്‍ പ്രയാസമനുഭവിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ആശ്വാസ നടപടിയെന്ന നിലയിലാണ് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് ആദ്യമായി വായ്പാ കുടിശ്ശിക നിവാരണ അദാലത്തുകള്‍ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ളത്. 12-ാമത് അദാലത്താണ് ഇടുക്കി ജില്ലയിലേത്. ജില്ലയില്‍ 145 പേരിലായി 14.95 കോടി രൂപയാണ് കുടിശ്ശികയുള്ളത്. ഗുണഭോക്താക്കളുടെ നിലവിലുള്ള സ്ഥിതിവിവരങ്ങള്‍ പരിശോധിച്ച് വരുമാനം, പ്രകൃതിക്ഷോഭം, രോഗങ്ങള്‍, മരണം തുടങ്ങി വിവിധ കാര്യങ്ങളെ അടിസ്ഥാനമാക്കി എട്ട് വിഭാഗങ്ങളായി തിരിച്ചാണ് ഇവരെ അദാലത്തിന് വിളിച്ച് ഇളവുകള്‍ അനുവദിക്കുന്നത്. ഇത്തരത്തില്‍ അദാലത്തില്‍ വരുന്ന 99 വായ്പാ ഫയലുകളില്‍ നിന്നായി 10.45 കോടി രൂപയാണ് ബോര്‍ഡിന് ലഭിക്കാനുള്ളത്.

 

date