Skip to main content

അഴീക്കോട് മാരിടൈം പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനം 29 ന്

മദ്ധ്യകേരളത്തിലെ ആദ്യത്തെ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ സ്ഥാപിതമായ അഴീക്കോട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിൽ പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനം ജൂലൈ 29 രാവിലെ 10ന് സംസ്ഥാന തുറമുഖവകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ നിർവ്വഹിക്കും. ലാസ്‌കർ, സ്രാങ്ക്, എഞ്ചിൻ ഡ്രൈവർ എന്നീ ഹ്രസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകൾ, ഫസ്റ്റ് ക്ലാസ് മാസ്റ്റർ, സെക്കന്റ് ക്ലാസ് മാസ്റ്റർ, ഫസ്റ്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ, സെക്കന്റ് ക്ലാസ് എഞ്ചിൻ ഡ്രൈവർ എന്നിവയാണ് ആരംഭിക്കുന്നത്. ഉദ്ഘാടനദിവസം തന്നെ ക്ലാസുകളും ആരംഭിക്കും. നാല് ദിവസം നീണ്ടു നിൽക്കുന്ന ക്ലാസ് 50 പേരടങ്ങുന്ന ഒറ്റ ബാച്ചായാണ് ആരംഭിക്കുന്നത്. പ്രവർത്തനത്തിന്റെ രണ്ടാംഘട്ടമെന്ന നിലയിൽ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്കിൽ എംബിഎ, ഡിപ്ലോമ, ഡിഗ്രി കോഴ്സുകളും ഉടനെ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ കീഴിൽ ആദ്യമായാണ് ഇത്തരത്തിൽ മറൈൻ കോഴ്സുകൾ വരുന്നത്. തുറമുഖവകുപ്പാണ് കോഴ്സുകൾ വിഭാവനം ചെയ്തിരിക്കുന്നത്. 
നൂറ്റാണ്ടുകൾക്ക് മുമ്പ് നിലനിന്നിരുന്ന പുരാതന മുസ്‌രിസ് തുറമുഖം പുനർനിർമ്മിക്കുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെട്ടത്. ലോകത്തിലെ കപ്പൽ വ്യവസായ-ഗതാഗത മേഖലയിലെ വർദ്ധിച്ചുവരുന്ന തൊഴിലവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക, കപ്പൽ വ്യവസായ-ഗതാഗത ഭൂപടത്തിൽ കേരളത്തെ ഉയർത്തുക, ഉൾനാടൻ ജലഗതാഗതം പരിപോഷിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. 
തുറമുഖവകുപ്പിന്റെ രണ്ടര ഏക്കർ സ്ഥലത്ത് 11 കോടി രൂപ ചെലവിട്ട് നിർമ്മിച്ച ഇൻസ്റ്റിറ്റ്യൂട്ട് 2015 ജൂലൈ 11 ന് നാണ് ഉദ്ഘാടനം ചെയ്തത്. നാല് പ്രധാന കോഴ്സുകളും സർട്ടിഫിക്കറ്റ് കോഴ്സുകളും ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്ന് 2017-ൽ മാസത്തിലൊരു തവണ സ്രാങ്കുകൾക്കായുള്ള പരിശീലനം തുടങ്ങി. സാങ്കേതിക കാരണങ്ങൾ മൂലം പരിശീലനം നിന്നു. തുടർന്നാണ് സർക്കാർ വിഭാവനം ചെയ്യുന്ന സർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിച്ച് ഇൻസ്റ്റിറ്റ്യൂട്ട് തുറക്കണമെന്ന ആവശ്യമുയർന്നത്. ഇതിനെ തുടർന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് തുറന്നു പ്രവർത്തിക്കാൻ തുറമുഖവകുപ്പ് തീരുമാനിച്ചത്. ആറ് ബ്ലോക്കുകളടങ്ങുന്ന കെട്ടിടസമുച്ചയത്തിൽ ഏഴ് ക്ലാസ് മുറികൾ, വർക്ക്ഷോപ്പ്, ഭരണവിഭാഗം ബ്ലോക്ക്, ലബോറട്ടറി ബ്ലോക്ക്, ചാർട്ട്റൂം ബ്ലോക്ക്, കംപ്യൂട്ടർ ബ്ലോക്ക്, ഹോസ്റ്റൽ, ടോയ്ലറ്റ് ബ്ലോക്ക്, സബ്സ്റ്റേഷൻ എന്നിവയാണുള്ളത്. 
ചടങ്ങിൽ ഇ.ടി.ടൈസൺ മാസ്റ്റർ എംഎൽഎ അദ്ധ്യക്ഷത വഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസ് മാനേജർ ജിസ്‌മോൻ ജേക്കബ് റിപ്പോർട്ട് അവതരിപ്പിക്കും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ അബീദലി, എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനൻ, ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date