Skip to main content

ജീവനം പദ്ധതി സെപ്തംബര്‍ മുതല്‍ സഹായം നല്‍കി തുടങ്ങും

ജീവനം പദ്ധതിയുടെ ഫണ്ട് സമാഹരണം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഡയാലിസിസിന് വിധേയരാകുന്ന വൃക്കരോഗികള്‍ക്ക്  സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന  പദ്ധതിയാണ് ജീവനം. പദ്ധയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സെപ്റ്റംബര്‍ മാസത്തോടെ സാമ്പത്തിക സഹായം നല്‍കി തുടങ്ങാനാണ് തീരുമാനം. നിലവില്‍ 355 പേര്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സമാഹരിച്ച ഫണ്ടുകള്‍ അടിയന്തരമായി  പദ്ധതിക്കായി ആരംഭിച്ച ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഫണ്ട് കൈമാറാന്‍ ബാക്കിയുളള തദ്ദേശ സ്ഥാപനങ്ങള്‍ക്കായി  നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രത്യേകം ധനസമാഹരണ യോഗം ചേരും. ആഗസ്റ്റ് 6,7,8 തിയ്യതികളില്‍ യഥാക്രമം മാനന്തവാടി,കല്‍പ്പറ്റ,ബത്തേരി  എന്നിവടങ്ങളില്‍ ഫണ്ട് സമാഹരണ യോഗം ചേരുക. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍,കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി.ജി വിജയകുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അര്‍.രേണുക, ജില്ലാ പഞ്ചായത്തംഗങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date