Skip to main content
പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയുടെ കളക്‌ട്രേറ്റില്‍ നടന്ന സിറ്റിങ്.

ജില്ലാ ആസ്പത്രിയില്‍ അരിവാള്‍ രോഗികളുടെ വാര്‍ഡ് തുറന്നുകൊടുക്കണം  നിയമസഭാ സമിതി

 

ജില്ലാ ആസ്പത്രിയില്‍ അരിവാള്‍ രോഗികളുടെ ചികിത്സക്കായി പ്രത്യേകം തയ്യാറാക്കിയ  വാര്‍ഡ് ജനുവരി ഒന്നു മുതല്‍ രോഗികള്‍ക്കായി തുറന്ന് കൊടുക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക്  നിയമ സഭാ സമിതി കര്‍ശന നിര്‍ദ്ദേശം നല്‍കി.  ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ചെയര്‍മാനായ പിന്നോക്ക സമുദായ ക്ഷേമം സംബന്ധിച്ച നിയമസഭാസമിതിയുടെ കളക്‌ട്രേറ്റില്‍ നടന്ന സിറ്റിങ്ങിലാണ് തീരുമാനം. ജില്ലയിലെ അരിവാള്‍ രോഗികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ജില്ലാ ആസ്പത്രിയിലെ മൂന്നാം നിലയിലാണ് അരിവാള്‍ രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡ് സജ്ജീകരിച്ചിരുന്നത്. കാലങ്ങളായി ഈ വാര്‍ഡ് അടഞ്ഞുകിടക്കുകയാണ്.   രോഗി സൗഹൃദപരമായല്ല   വാര്‍ഡ്  സജ്ജീകരിച്ചതെന്നും  സമിതിക്ക് മുന്നില്‍ പരാതി എത്തിയിരുന്നു.

 

ഇക്കാര്യങ്ങളില്‍ സമിതി ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് വിശദീകരണം തേടി. അരിവാള്‍ രോഗികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അടിയന്തര പ്രധാന്യം നല്‍കണം. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ,ആരോഗ്യം, സാമൂഹ്യ നീതി, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ജില്ലാ  കളക്ടര്‍ക്ക് സമിതി  നിര്‍ദ്ദേശം നല്‍കി. പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആനുകല്യങ്ങള്‍ വിതരണം ചെയ്യല്‍ മാത്രമല്ല ട്രൈബല്‍ വകുപ്പിന്റെ ജോലി. അവരുടെ എല്ലാ വിഷയത്തിലും ഇടപ്പെടാന്‍ കഴിയണം. വിവിധ വകുപ്പുകള്‍   അരിവാള്‍ രോഗികള്‍ക്കായി നല്‍കുന്ന പെന്‍ഷന്‍, മറ്റ് ആനുകല്യങ്ങള്‍ എന്നിവയെ സംബന്ധിച്ച് ബോധവത്ക്കരണം നടത്തണം. പിന്നോക്ക വിഭാഗത്തിലെ കുട്ടികളുടെ സ്‌കൂളില്‍ നിന്നുളള കൊഴിഞ്ഞുപോക്കിനെ കുറിച്ച് സമിതി വിദ്യാഭ്യാസ വകുപ്പ് അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.  പിന്നോക്ക സമുദായക്കാര്‍ വ്യക്തിപരമായും സാമൂഹ്യപരവുമായും നേരിടുന്ന   പ്രശ്‌നങ്ങളെ സംബന്ധിച്ച്  വ്യക്തികളും  സംഘടനകളും സമിതിക്ക്  നിവേദനങ്ങള്‍ നല്‍കി. സര്‍ക്കാര്‍ ജോലി, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍  പിന്നോക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചുളള നിവേദനങ്ങളില്‍ സാമ്പത്തിക സാമൂഹിക സര്‍വ്വേയുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കുമെന്ന് സമിതി അറിയിച്ചു.

 

ദേശിയ പിന്നോക്ക വികസന കോര്‍പ്പറേഷന്റെ വിവിധ പദ്ധതികളില്‍  ധനസഹായം ലഭിക്കുന്നതിനായുളള വരുമാന പരിധി ഉയര്‍ത്താന്‍ സമിതി ശുപാര്‍ശ നല്‍കും. നിലവില്‍ 81,000 രൂപ വാര്‍ഷിക വരുമാന പരിധിയായതിനാല്‍ ധനസഹായം ലഭിക്കുന്നതിന് തടസ്സം നേരിടുന്ന കാര്യം സമിതിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി .പടിഞ്ഞാറത്തറ വില്ലേജിലെ കോട്ടാലക്കുന്ന് ചെക്കോത്ത് കോളനിയില്‍ പണിയ വിഭാഗക്കാരനായ ശേഖരന്റെ  ഭൂമി 7 ദിവസത്തിനകം അളന്ന് തിട്ടപ്പെടുത്തി  സമിതിക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. തന്റെ ഒരു ഏക്കറോളം വരുന്ന ഭൂമി ഒരു വിഭാഗം ആളുകള്‍  അനധികൃതമായി കയ്യേറി കൃത്രിമമായി റവന്യൂ രേഖകള്‍ ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും വിവിധ തലങ്ങളില്‍ ഇത് സംബന്ധിച്ച് നല്‍കിയ പരാതികളില്‍ ഒരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ലെന്നും കാണിച്ച് സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 

സിറ്റിങ്ങില്‍ 14 പരാതികള്‍ പരിഹരിച്ചു. എം.എല്‍.എമാരായ കെ.ഡി. പ്രസേനന്‍, സി. മമ്മൂട്ടി എന്നിവരായിരുന്നു മറ്റ് സമിതി അംഗങ്ങള്‍ .എ.ഡി.എം കെ.എം രാജു, ജില്ലാ പോലീസ് മേധാവി ഡോ. അരുള്‍ .ബി കൃഷ്ണ,ബി.സി.ഡി.ഡി ഡയറക്ടര്‍ എം.എം ദിവാകരന്‍,നിയമസഭാ ജോയിന്റ് സെക്രട്ടറി തോമസ് ചേറ്റുപറമ്പില്‍ , ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി മേഴ്‌സി, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

date