Skip to main content

പട്ടികജാതി പ്രൊമോട്ടര്‍ നിയമനം 

 

ജില്ലയിലെ വിവിധ മുനിസിപ്പാലിറ്റി/ബ്ലോക്ക് പട്ടികജാതി വികസന                ഓഫീസുകളില്‍ ഒഴിവുളള എസ്.സി. പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് നിശ്ചിതയോഗ്യതയുളള  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 18 നും 40 നും മദ്ധ്യേ പ്രായമുളളവരും പ്രീ-ഡിഗ്രി/പ്ലസ്ടു പാസ്സായവരുമായിരിക്കണം. കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന നല്‍കും.  ഓരോ ജില്ലയിലേയും പ്രൊമോട്ടര്‍മാരില്‍ നിന്നും 10 ശതമാനം പേരെ പട്ടികജാതി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപ്രവര്‍ത്തകരില്‍ നിന്നും നിയമിക്കും. ഇവരുടെ വിദ്യാഭ്യാസയോഗ്യത എസ്.എസ്.എല്‍.സിയും ഉയര്‍ന്ന പ്രായ പരിധി 50 വയസ്സും ആയിരിക്കും. ഈ വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്നവരാണെന്ന റവന്യൂ അധികാരികളുടെ സാക്ഷ്യപത്രവും വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്/ടി.സിയുടെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. താല്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കുന്ന പഞ്ചായത്ത്/മുനിസിപ്പാലിറ്റി  എന്നിവിടങ്ങളിലെ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 30 വൈകുന്നേരം അഞ്ചിനകം കോട്ടയം ജില്ലാ പട്ടികജാതി വികസന  ഓഫീസില്‍ സമര്‍പ്പിക്കണം. നിയമനം  പരമാവധി ഒരു വര്‍ഷമായിരിക്കും. അപേക്ഷകരെ അവര്‍ സ്ഥിരതാമസമാക്കിയിട്ടുളള പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിലെ ഒഴിവിലേക്ക് മാത്രമേ പരിഗണിക്കൂ. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ യോഗ്യരായ അപേക്ഷകര്‍ ഇല്ലെങ്കില്‍ സമീപസ്ഥാപനത്തിലെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരെ പരിഗണിക്കും. അപേക്ഷയുടെ മാതൃകയും മറ്റ് വിശദ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍  ലഭിക്കും. 

                                                   (കെ.ഐ.ഒ.പി.ആര്‍-2203/17)

date