Skip to main content

സ്വാതന്ത്ര്യദിനാഘോഷം വര്‍ണാഭമാക്കാന്‍ ജില്ലയില്‍ ഒരുക്കങ്ങള്‍ തുടങ്ങി

 

ആഗസ്റ്റ് 15 ന് എഴുപത്തി മൂന്നാമത് സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വിവിധ പരിപാടികളോടെ നടത്താന്‍ കലക്ടര്‍ സീറാം സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോഴിക്കോടിന്റെ പ്രൗഢിയും ഗാംഭീര്യവും വിളിച്ചോതുന്ന തരത്തിലുള്ള വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. ജില്ലാതല സ്വാതന്ത്ര്യദിന പരേഡ് രാവിലെ 8.30ന്  വെസ്റ്റ്ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ നടക്കും. അനുബന്ധ പരിപാടിയായി ഹയര്‍സെക്കണ്ടറി, ഹൈസ്‌കൂള്‍, യുപി, എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കും. 

 

സ്വാതന്ത്ര്യദിന പരേഡിന്റെ റിഹേഴ്സല്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ ആഗസ്റ്റ് 12,13,14 തിയതികളിലായാണ് നടക്കുക. ഡ്രസ് റിഹേഴ്സല്‍ 14ന് നടക്കും. സായുധസേന, ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്സൈസ്, ഫോറസ്റ്റ്, എന്‍സിസി ആര്‍മി, എന്‍സിസി  സീനിയര്‍ ഗേള്‍സ്, സീനിയര്‍/ജൂനിയര്‍ എന്‍സിസി നേവി, എന്‍സിസി ജൂനിയര്‍ ബോയ്സ്, ഗേള്‍സ്, സ്‌കൗട്ട്സ്, ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്, എന്നിവയുടെ പ്ലാറ്റുണുകള്‍ കേന്ദ്രീയ വിദ്യാലയ, ചിന്‍മയ വിദ്യാലയ ബാന്റ് സംഘം എന്നിവ പരേഡില്‍ അണിനിരക്കും. ഹരിത പെരുമാറ്റ ചട്ടം കര്‍ശനമായി പാലിച്ചാണ് ഇത്തവണയും ജില്ല സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങുന്നത്. ആഘോഷ പരിപാടികളില്‍ സ്വാതന്ത്ര്യ സമരസേനാനികളും പൊതുജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സബ് കലക്ടര്‍ വി വിഘ്നേശ്വരി, അസി. കലക്ടര്‍ ഡി ആര്‍ മേഘശ്രീ, എഡിഎം റോഷ്നി നാരായണന്‍, കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ.കെ ജമാലുദ്ദീന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

കുടുംബശ്രീ ദേശീയ നഗര ഉപജീവന മിഷനില്‍

 കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍

 

 

ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി നടപ്പിലാക്കുന്ന നഗരസഭകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് കരാറടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമന കാലാവധി 12 മാസം. പ്രതിമാസ ശമ്പളം 10000 രൂപ. അപേക്ഷകര്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളും നഗരസഭാ പ്രദേശത്തെ താമസക്കാരും ആയിരിക്കണം. യോഗ്യതയുളള സാമൂഹ്യ വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യവും കുടുംബശ്രീ പ്രവൃത്തി പരിചയവും അധിക യോഗ്യതയായി കണക്കാക്കും. എസ് ജെ എസ് ആര്‍ വൈ പദ്ധതിയില്‍ സിഇഒ ആയി പ്രവര്‍ത്തിച്ചവര്‍ക്കും കുടുംബശ്രീ സംഘടനാ  പ്രവര്‍ത്തകര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12 ന് വൈകിട്ട് 5 മണി. അപേക്ഷാ ഫോമിന്റെ മാതൃക അതാത് സിഡിഎസ് ഓഫീസുകളില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍ എന്ന വിലാസത്തില്‍ അയക്കണം.

 

 

 

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് മൂന്നിന്

 

 

 

കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് മൂന്നിന് രാവിലെ 11 മണിക്ക് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കണമെന്ന് കോഴിക്കോട് തഹസില്‍ദാര്‍ അറിയിച്ചു.

 

 

ഓണം ബോണസിനു  ഒപ്പ് രേഖപ്പെടുത്താന്‍ അവസരം

 

 

 സംസ്ഥാന ലോട്ടറി വെല്‍ഫെയര്‍ ബോര്‍ഡിലെ ക്ഷേമനിധി അംഗങ്ങള്‍ക്ക് ഓണം ബോണസിനുള്ള ഒപ്പ് ആഗസ്റ്റ് 5 മുതല്‍ രേഖപ്പെടുത്താന്‍ അവസരം. ആഗസ്റ്റ്  12, 14, 17, 19 തിയ്യതികള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ കോഴിക്കോട് ജില്ലാ ക്ഷേമനിധി ഓഫീസില്‍ ഒപ്പ് രേഖപ്പെടുത്താം. ഓഗസ്റ്റ് 12, 19 തീയതികളില്‍ വടകര ലോട്ടറി സബ് ഓഫീസ്, 14, 17 തീയതികളില്‍ താമരശ്ശേരി ലോട്ടറി സബ് ഓഫീസ് എന്നിവിടങ്ങളില്‍ ഒപ്പ് സാക്ഷ്യപ്പെടുത്താം. ഒപ്പ് സമര്‍പ്പിക്കാന്‍ വരുന്നവര്‍ ആധാര്‍ കാര്‍ഡ്, ക്ഷേമനിധി പാസ്ബുക്ക്, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. 

 

 

 

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പൈപ്പ്ലൈന്‍ നീട്ടുന്നതിന് 

56 ലക്ഷം രൂപയുടെ ഭരണാനുമതി

 

 

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 56 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാവൂര്‍ ഗ്രാസിം ഗ്രൗണ്ട് മുതല്‍ തെങ്ങിലക്കടവ് ജംഗ്ഷന്‍ വരെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 50 ലക്ഷം രൂപയുടേയും പള്ളിയോള്‍ അടുവാട് ഭാഗത്ത് പൈപ്പ് ലൈന്‍ നീട്ടുന്നതിന് ആറ് ലക്ഷം രൂപയുടേയും  ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്.

കൂളിമാട് 72 എം.എല്‍.ഡി ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം മാവൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭാഗത്തും എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ്  തുക അനുവദിച്ചത്. നേരത്തെ 103 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയ കെ.ഡബ്ല്യു.എയുടെ പൈപ്പ് ലൈന്‍ നീട്ടല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചതായും  ഇപ്പോള്‍ ലഭ്യമാക്കിയ തുക കൂടി ഉപയോഗപ്പെടുത്തുന്നതോടെ മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രധാന ഭാഗങ്ങളിലെല്ലാം കുടിവെള്ളം ലഭ്യമാക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

 

 

ബന്ധുക്കളോടൊപ്പം കിഷന്‍ സ്വദേശത്തേക്ക് മടങ്ങി 

 

 

വെള്ളിമാട്കുന്ന് ഹോം ഫോര്‍ ദി മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണില്‍ കഴിയുകയായിരുന്ന കിഷന്‍ സ്വദേശത്തേക്ക് മടങ്ങി. കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍കമ്മറ്റി മുഖേന ജൂണ്‍ 29 നാണ്  കിഷന്‍ എന്ന് പേരുള്ള കമോദ് മുഖിയ സാമൂഹ്യനീതിവകുപ്പിന് കീഴിലുള്ള ഹോം ഫോര്‍ ദി മെന്റലി ഡെഫിഷ്യന്റ് ചില്‍ഡ്രണ്‍ എന്ന സ്ഥാപനത്തില്‍ പ്രവേശനം നേടിയത്. സാമൂഹ്യപ്രവര്‍ത്തകനും കേന്ദ്ര ആഭ്യന്തരവകുപ്പ് റിട്ടയേഡ് ഉദ്യോഗസ്ഥനുമായ ശിവന്‍ കോട്ടൂളി കിഷനുമായി സംസാരിച്ച് കുട്ടിയുടെ സ്വദേശം ബീഹാറിലെ ബേനിപട്ടി എന്ന സ്ഥലത്താണെന്ന് മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ പോലീസ് സ്റ്റേഷന്‍ മുഖേന കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തി. കഴിഞ്ഞ ദിവസം സഹോദരന്‍ സുബോദ് മുഖിയയും  ബന്ധുവായ ആഷുകുമാര്‍ മുഖിയയും  സ്ഥാപനത്തില്‍ എത്തി കിഷനെ  വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. 

10 മാസത്തോളമായി  വീട്ടില്‍ നിന്നും കാണാതായ കമോദ് മുഖിയയെ കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലും തുടര്‍ന്ന് കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന എച്ച്.എം.ഡി.സി സ്ഥാപനത്തിലും പ്രവേശിപ്പിച്ചിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരോടും, താമസക്കാരോടും യാത്ര പറഞ്ഞ് കിഷനും ബന്ധുക്കളും നാട്ടിലേയ്ക്ക് മടങ്ങി. ജീവനക്കാര്‍ പാരിതോഷികങ്ങള്‍ നല്‍കിയാണ് കിഷനെ യാത്രയാക്കിയത്. കിഷന്‍, സഹോദരന്‍ സുബോദ് മുഖിയ, ബന്ധു ആഷുകുമാര്‍ മുഖിയ, ശിവന്‍ കോട്ടൂളി, സ്ഥാപന സൂപ്രണ്ട് കെ.പ്രകാശന്‍ മറ്റു ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍  സംബന്ധിച്ചു.   

 

 

റേഷന്‍ വിതരണം

 

 

ജില്ലയില്‍ 2019 ജൂലൈ മാസത്തെ റേഷന്‍  വിഹിതം എല്ലാ റേഷന്‍  കടകളിലൂടെയും ആഗസ്റ്റ് ഒന്ന്  വരെ ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

 

date