ലഹരിവിരുദ്ധ ബോധവല്‍ക്കരണം; താലൂക്ക്, മണ്ഡലം തല ജനകീയ സമിതി പ്രവര്‍ത്തനം ശക്തമാക്കും
വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി രൂപീകരിച്ച ജനകീയ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ താലൂക്ക്, മണ്ഡലം തലങ്ങളില്‍ ശക്തിപ്പെടുത്തും. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളെ സമിതിയില്‍ ഉള്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
വിമുക്തി ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്‌കൂളുകള്‍, കോളേജുകള്‍, ആദിവാസി കോളനികള്‍, തീരദേശ പ്രദേശങ്ങള്‍ തുടങ്ങിയ മേഖലകളിലായി നിരവധി പരിപാടികളാണ് മെയ്, ജൂണ്‍ മാസങ്ങളിലായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചത്. നാടകങ്ങള്‍, ഫ്‌ളാഷ് മോബുകള്‍, ചിത്ര പ്രദര്‍ശനങ്ങള്‍, വിവിധ മത്സരങ്ങള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ വിമുക്തിയുടെ ഭാഗമായി വിവിധയിടങ്ങളില്‍ അരങ്ങേറി. വിദ്യാര്‍ഥികളെ പരിശീലിപ്പിച്ച് സ്‌കൂളുകളില്‍ വ്യാപകമായ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താനും പരിപാടിയുണ്ട്.
മെയ് മാസം നടന്ന യോഗത്തിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുഴപ്പിലങ്ങാട് ബീച്ച് പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുകയും മുള്ളൂല്‍, വള്ള്യായി, എരമം-കുറ്റൂര്‍ പഞ്ചായത്തിലെ കക്കറ കോളനി, ചെങ്ങളായി, മയ്യില്‍, ചെറുവത്തലമൊട്ട തുടങ്ങിയ പ്രദേശങ്ങളില്‍ നിരന്തരം റെയ്ഡുകള്‍ നടത്തുകയും ചെയ്തു. കണ്ണൂര്‍ വിമാനത്താവളത്തിലൂടെയുള്ള മയക്കുമരുന്നു കള്ളക്കടത്ത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനത്താവളവും പരിസരവും നിരീക്ഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും വകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.
ജില്ലയില്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലായി 775 തവണ കള്ളുഷാപ്പുകളിലും 41 തവണ ത്രീ സ്റ്റാര്‍ ബാര്‍ ഹോട്ടലുകളിലും 14 തവണ വിദേശമദ്യ ഷോപ്പുകളിലും 11 തവണ ബിയര്‍/വൈന്‍ പാര്‍ലറുകളിലും പരിശോധന നടത്തി. ഈ കാലയളവില്‍ നടത്തിയ 1447 റെയിഡുകളിലായി പുകയില ഉല്‍പ്പന്നങ്ങളുമായി ബന്ധപ്പെട്ട് 685 കേസുകളും 222 അബ്കാരി കേസുകളും കണ്ടെത്തിയിട്ടുണ്ട്. 3985 ലിറ്റര്‍ വാഷ്, 618 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 412.9 ലിറ്റര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യം 131 ലിറ്റര്‍ കള്ള്, 45 ലിറ്റര്‍ ചാരായം, 5.2 ലിറ്റര്‍ ബിയര്‍, 11.6 കിലോഗ്രാം കഞ്ചാവ്, 296.9 കിലോഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍ 20 വാഹനങ്ങള്‍ തുടങ്ങിയവ ഈ കാലയളവില്‍ പിടിച്ചെടുത്തു.
എഡിഎം ഇപി മേഴ്‌സി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി കെ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ അനൂപ് (പാനൂര്‍), കെ കെ രാജീവന്‍ (തലശ്ശേരി), പി വി രവീന്ദ്രന്‍ (സിഐടിയു), പി ടി സുഗുണന്‍ (ഐഎന്‍സി), ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പി എന്‍ സി/2680/2019
- Log in to post comments