Skip to main content
കരയിടിച്ചാലുണ്ടായ പ്രദേശങ്ങൾ ജെയിംസ് മാത്യു എം എൽ എ യുടെ നേതൃത്വത്തിൽ സംയുക്ത.സംഘം സന്ദർശിക്കുന്നു

കരയിടിച്ചില്‍: സംയുക്ത സമിതി പ്രശ്‌ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജെയിംസ് മാത്യു എംഎല്‍എ

മഴയെ തുടര്‍ന്ന് ശക്തമായ കരയിടിച്ചിലുണ്ടായ മയ്യില്‍ പഞ്ചായത്തിന്റെയും ആന്തൂര്‍ മുനിസിപ്പാലിറ്റിയുടെയും തീരപ്രദേശങ്ങള്‍ ജെയിംസ് മാത്യു എംഎല്‍എയുടെയും എഡിഎം ഇ പി മേഴ്‌സിയുടെയും നേതൃത്വത്തിലുള്ള  സംയുക്ത  സംഘം സന്ദര്‍ശിച്ചു. റവന്യൂ, മണ്ണ്  സംരക്ഷണ വകുപ്പ്, മേജര്‍ - മൈനര്‍ ഇറിഗേഷന്‍ വകുപ്പുകള്‍, സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ബോട്ട് യാത്ര നടത്തി കരയിടിയുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. 

ശക്തമായ മണ്ണിടിച്ചിലുണ്ടായ വളപട്ടണം പുഴയുടെ തീരപ്രദേശങ്ങളിലെ ജനങ്ങള്‍ ഭീതിയുടെ നിഴലിലാണെന്ന് ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു. ഏത് നിമിഷവും തങ്ങളുടെ വീടുകള്‍ പുഴയെടുത്തേക്കാമെന്ന ആശങ്കയിലാണ് പുഴയോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയുടെ തീരുമാനപ്രകാരമാണ് സംയുക്ത സംഘം സന്ദര്‍ശനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ട കാര്യങ്ങള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അവലോകനം നടത്തുകയും വിദഗ്ധാഭിപ്രായം ആരായുകയും ചെയ്ത ശേഷം പുഴഭിത്തി സംരക്ഷണത്തിനായുള്ള ശാസ്ത്രീയവും പ്രായോഗികവുമായ മാര്‍ഗങ്ങളെ കുറിച്ച് സമഗ്രമായ പദ്ധതി രേഖ തയ്യാറാക്കി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരയിടിച്ചില്‍ ഏറ്റവും രൂക്ഷമായ സ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സംരക്ഷണ പ്രവര്‍ത്തികള്‍ നടപ്പിലാക്കും. 
ഇപ്പോള്‍ പ്രശ്‌നം രൂക്ഷമായ കോര്‍ളായി പ്രദേശത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് മേജര്‍ ഇറിഗേഷന്‍ വകുപ്പ് പണിത സംരക്ഷണ ഭിത്തി ഒന്നര വര്‍ഷം തികയും മുമ്പേ പൂര്‍ണമായും പുഴയെടുത്തു. തീരസംരക്ഷണത്തിന് ജൈവഭിത്തി നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ ആരായും. അതേസമയം, പുഴയും തീരവും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുന്ന കാര്യമല്ലെന്നും തദ്ദേശ സ്ഥാപനങ്ങളും പ്രദേശവാസികളും ഇക്കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പുഴ സംരക്ഷണ സമിതികള്‍ രൂപീകരിക്കണം. ഇവര്‍ക്ക് തദ്ദേശസ്ഥാപനങ്ങളുടെയും പോലിസിന്റെയും സഹായം ലഭ്യമാക്കണം. കരയിടിച്ചില്‍ രൂക്ഷമാവാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനധികൃത മണല്‍ വാരലാണെന്നും ഇതിന് തടയിടാന്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ വേണം. തീരത്തെ തെങ്ങുകള്‍ പുഴയിലേക്ക് മറിഞ്ഞു വീണ് അതോടൊപ്പം നാലോ അഞ്ചോ സെന്റ് ഭൂമിയും ഒഴുകിപ്പോവുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതൊഴിവാക്കാന്‍ തീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന പ്രദേശങ്ങളിലെ തെങ്ങുകള്‍ മുറിച്ചു മാറ്റണമെന്നും എംഎല്‍എ പറഞ്ഞു. 
മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന പുഴയോരത്തെ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് എഡിഎം ഇ പി മേഴ്‌സി പറഞ്ഞു. ഓരോ പ്രദേശത്തിന് അനുയോജ്യമായ രീതിയിലുള്ള സംരക്ഷണ രീതികള്‍ അവലംബിച്ച് ഘട്ടംഘട്ടമായി തീരസംരക്ഷണം സാധ്യമാക്കുമെന്നും അവര്‍ വ്യക്തമാക്കി. 
എരഞ്ഞിക്കടവ്, കമ്പില്‍ക്കടവ്,  കോര്‍ളായി ദ്വീപ്, നണിച്ചേരിക്കടവ്, കോള്‍ത്തുരുത്തി, മുല്ലക്കൊടി, ആയാര്‍ മുനമ്പ്, പറശ്ശിനിക്കടവ്, എകെജി  അയലന്റ്, പള്ളിമാട്, നണിയൂര്‍ നമ്പ്രം, പാമ്പുരുത്തി തുടങ്ങിയ കരയിടിച്ചില്‍ രൂക്ഷമായ  പ്രദേശങ്ങള്‍ സംയുക്ത സംഘം സന്ദര്‍ശിച്ചു. കരയിടിച്ചില്‍ ഏറ്റവും രൂക്ഷമായ പ്രദേശങ്ങളിലൊന്നായ കോര്‍ളായി പ്രദേശത്ത് സംരക്ഷണ ഭിത്തികള്‍ പൂര്‍ണമായും ഒലിച്ചുപോയ സ്ഥിതിയാണ്. ഇവിടത്തെ ഫുട്‌ബോള്‍ ഗ്രൗണ്ട് ഇക്കഴിഞ്ഞ മഴയില്‍ മണ്ണൊലിച്ച് വിണ്ടു കീറിയിട്ടുണ്ട്. ശക്തമായ കരയിടിച്ചിലിനെ തുടര്‍ന്ന് ഭീഷണിയിലായ  എരഞ്ഞിക്കടവിലെ കീപ്പാട്ട് പുതിയ പുരയില്‍ ശരീഫ, കീപ്പാട്ട് പുതിയപുരയില്‍ സീനത്ത് എന്നിവരുടെ വീടുകള്‍ നില്‍ക്കുന്ന പ്രദേശവും സംഘം സന്ദര്‍ശിച്ചു. ജലനിരപ്പില്‍ നിന്ന് എട്ട് മീറ്ററോളം ഉയരത്തിലുള്ള കരയില്‍ നിന്ന് മൂന്നോ നാലോ മീറ്റര്‍ മാത്രം അകലെയാണ് ഈ വീടുകള്‍ സ്ഥിതി ചെയ്യുന്നത്. ശക്തമായ ഒരു മഴ കൂടി പെയ്താല്‍ വീട് ഉള്‍പ്പെടെ ഒലിച്ചു പോവുന്ന സ്ഥിതിയാണെന്നും വളരെ ഭീതിയോടെയാണ് ചെറിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ഇവിടെ കഴിയുന്നതെന്നും താമസക്കാര്‍ പറഞ്ഞു. കരയിടിഞ്ഞ്  ഭീഷണിയിലായ കണ്ടക്കൈയിലെ പിലാക്കൂല്‍ റുഖിയ്യയുടെ വീട് നില്‍ക്കുന്ന സ്ഥലവും സംഘം സന്ദര്‍ശിച്ചു. അടുത്തകാലം വരെ നൂറിലേറെ തെങ്ങുകളുണ്ടായിരുന്ന ആയാര്‍ വരമ്പ് പള്ളിക്ക് സമീപമുള്ള തുരുത്ത് പുഴയെടുത്തതിന്റെ നാമമാത്രമായ ശേഷിപ്പുകളും സംഘത്തിന് കാണാനായി. കോര്‍ളായിയില്‍ നിന്നാരംഭിച്ച യാത്ര പാമ്പുരുത്തിയിലാണ് സമാപിച്ചത്. 
ആന്തൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പി കെ ശ്യാമള ടീച്ചര്‍, മയ്യില്‍ പഞ്ചായത്ത് പ്രസിഡന്റ് പി ബാലന്‍, കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ താഹിറ, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി സുഹാസിനി, മേജര്‍ ഇറിഗേഷന്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി പി മുരളി, മണ്ണ് സംരക്ഷണ വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ യു കെ ബീത, സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് ഓഫീസര്‍ രാമചന്ദ്രന്‍ മുട്ടില്‍, തളിപ്പറമ്പ് തഹസില്‍ദാര്‍ സി കെ ഷാജി, ഹരിത കേരളം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ബിജു കണ്ടക്കൈ, ബേബി സുനാഗര്‍, എം വി ജനാര്‍ദ്ദനന്‍, അബ്ദുസ്സലാം, തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.

date