Skip to main content

പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒരു തരത്തിലും അനാസ്ഥ അനുവദിക്കില്ല- സ്പീക്കര്‍

എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഒരു തരത്തിലും അനാസ്ഥ അനുവദിക്കില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കലക്ടറുടെ അധ്യക്ഷതയില്‍  നടന്ന പൊന്നാനി മണ്ഡലം വികസന പ്രവൃത്തികളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വന്ന കാലതാമസം പെട്ടെന്ന് തന്നെ പരിഹരിച്ച് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കലക്ടറുടെ ചേമ്പറില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തത്.  
എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നതില്‍ കാല താമസം വരുത്തുന്നത് സാമാജികരുടെ  പ്രിവിലേജിന്റെ  ലംഘനം കൂടിയാണെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി.  ഓരോ മണ്ഡലത്തിലെയും വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ അവസ്ഥ പ്രത്യേകം അവലോകനം ചെയ്യുമെന്നും അതിന്റെ ആദ്യ പടിയായാണ്  സ്പീക്കറുടെ മണ്ഡലത്തിലെ പ്രവൃത്തികള്‍ അവലോകനം ചെയ്യുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി.  ജനങ്ങളുടെ ജീവിത സൗകര്യത്തിനും സുരക്ഷയ്ക്കുമാണ് ഓരോ പദ്ധതിയും വിഭാവന ചെയ്യുന്നതെന്ന് മനസ്സിലാക്കി കാലതാമസം ഒഴിവാക്കണമെന്നും പദ്ധതികളുടെ സാങ്കേതികമായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കടലാക്രമണം ഭീഷണിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് തീരമേഖലയില്‍ നിന്ന് അകലെയല്ലാതെ സ്ഥലം കണ്ടെത്തും. 10 ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും സ്ഥലം വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും  അനുവദിക്കപ്പെട്ടിട്ടുള്ളത്.  സ്ഥലമെടുപ്പിനും വീട് നിര്‍മിക്കുന്നതിനും യോഗത്തില്‍ പ്രൊജക്ട് വളണ്ടിയര്‍ കമ്മിറ്റി രൂപികരിച്ചു. ജില്ലാകലക്ടര്‍, ആര്‍ഡിഒ, പൊന്നാനി തഹസില്‍ദാര്‍, ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍, പദ്ധതി നടപ്പാക്കുന്ന  ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവരാണ് പ്രൊജക്ട് കമ്മിറ്റിയിലുള്ളത്. 100 ല്‍ കൂടുതല്‍ കുടുംബങ്ങള്‍ക്ക്  ഒരുമിച്ച് സ്ഥലം കണ്ടെത്തി അവരുടെ  പേരില്‍ സ്ഥലം പതിച്ചു കൊടുക്കും. ബാക്കിയുള്ള തുകയ്ക്ക് സ്ഥലത്ത്  വീട് നിര്‍മിച്ച് നല്‍കും.  ആഗസ്റ്റ് 16 നാണ് കമ്മിറ്റിയുടെ ആദ്യ യോഗം.
നിരന്തരമായ കടലാക്രമണ ഭീഷണി  നേരിടുന്ന  പൊന്നാനി തീരദേശ മേഖലയില്‍ കടല്‍ഭിത്തി നിര്‍മ്മാണം  യഥാ സമയങ്ങളില്‍ പൂര്‍ത്തികരിക്കുകയും ജിയോ ടെക്സ്റ്റല്‍ ട്യൂബ്പദ്ധതി ഉടന്‍ ആരംഭിക്കുകയും ചെയ്യും. നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപ അനുവദിച്ച   വെളിയങ്കോട് തണ്ണിത്തുറ സുനാമി കോളനി അങ്കണവാടി നിര്‍മ്മാണം എന്‍.ഒ.സി ലഭിക്കാത്തതിനാല്‍ മുടങ്ങിക്കിടക്കുകയാണ്.  ഭൂമി റവന്യൂ വകുപ്പിന് കൈമാറി  പദ്ധതിക്ക് എന്‍.ഒ.സി നല്‍കാനും  യോഗത്തില്‍ നടപടിയായി. പൊന്നാനി നഗരസഭയിലെ  അഞ്ച് സ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ലാസ്സ് മുറികള്‍ ഒരുക്കാന്‍ 2017-18 ല്‍ തുക അനുവദിച്ചിട്ടും പദ്ധതി നടപ്പായില്ല. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് സ്മാര്‍ട് ക്ലാസ് മുറികള്‍ യാഥാര്‍ഥ്യമാക്കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.  കടവനാട് ജി.എല്‍.പി സ്‌കൂള്‍, വെളിയങ്കോട് സൗത്ത് ജി.എം.യു.പി സ്‌കൂള്‍, വെള്ളീരി ജി.എല്‍.പി സ്‌കൂള്‍ എന്നീ  സ്‌കൂളുകളിലേക്ക് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച സ്‌കൂള്‍ ബസ്  എത്രയും പെട്ടെന്ന് വാങ്ങി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
മാറഞ്ചേരി  വില്ലേജിന്റെ  പിന്‍ഭാഗത്ത് താമസിക്കുന്നവര്‍ക്ക്  നിലവിലുള്ള വഴി വിട്ടുനല്‍കാന്‍ യോഗം തീരുമാനിച്ചു. 50 വര്‍ഷമായി  ജനങ്ങള്‍ ഉപയോഗിക്കുന്ന വഴിയായതിനാല്‍ സാങ്കേതികമായ കാരണം പറഞ്ഞ് അടച്ചുകെട്ടാനാവില്ല. വെളിയങ്കോട് തണ്ണിത്തുറ  ഫിഷറീസ്  ഡിസ്‌പെന്‍സറിയിലോ ഫിഷറിസ് സ്‌കൂള്‍ പരിസരത്തോ നടപ്പാക്കുന്ന 20 ലക്ഷം ചെലവഴിച്ച് നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതിക്ക് രണ്ടാഴ്ച്ചയ്ക്കുള്ളില്‍ എന്‍.ഒ.സി നല്‍കാനും തീരുമാനിച്ചു.
രണ്ടു വര്‍ഷം മുമ്പ് പ്രൊപ്പോസല്‍ നല്‍കിയ പദ്ധതികള്‍ ഇതുവരെയും നടപ്പാക്കാത്തതും ആരംഭിക്കാത്തതും നിര്‍മ്മാണം പൂര്‍ത്തികരിക്കാത്തതും  ഗുരുതര പ്രശ്‌നമായി കാണണമെന്നും  ബന്ധപ്പെട്ട വകുപ്പുകള്‍ ഉടനടി പരിഹാരം കാണണമെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് യോഗത്തില്‍ പറഞ്ഞു. നടപടികള്‍ പെട്ടെന്ന് പൂര്‍ത്തികരിക്കേണ്ടത് ഓരോ വകുപ്പിലെയും  ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ചുമതലയാണ്. നടപടിക്രമങ്ങളില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കില്‍ കലക്ടറെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയോ അറിയിക്കണമെന്നും കലക്ടര്‍ പറഞ്ഞു. നടപടിക്രമങ്ങളിലെ ചെറിയ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തന്നെ പരിഹരിക്കണമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

date