Skip to main content

അടിയന്തിരമായി സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്ക് മാറ്റി പാർപ്പിക്കും  ആനക്കയം ആദിവാസി കോളനി പുനരധിവാസത്തിന് വഴിയൊരുങ്ങുന്നു

2018-ലെ പ്രളയത്തെ തുടർന്ന് വീടുകൾ ഉപേക്ഷിക്കേണ്ടി വന്ന അതിരപ്പിളളി ഗ്രാമപഞ്ചായത്തിലെ ആനക്കയം ആദിവാസി കോളിനിവാസികളുടെ പുനരധിവാസത്തിന് വഴിയൊരുങ്ങി. കോളനിയിലെ 23 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സ്ഥലം കണ്ടെത്തിയതായും സമയബന്ധിതമായി തുടർനടപടിൾ പൂർത്തിയാക്കാൻ തീരുമാനിച്ചതായും സ്ഥലം സന്ദർശിച്ച ശേഷം ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.
പ്രളയത്തെതുടർന്ന് താമസയോഗ്യമല്ലാതായ ആനക്കയം കോളനിവാസികൾക്ക് നേരത്തെ ഉണ്ടായിരുന്ന കൈവശഭൂമിക്ക് തത്തുല്യമായ പകരം ഭൂമി ലഭ്യമാക്കാനുളള നടപടികൾ പുരോഗമിക്കുകയാണ്. അതിരപ്പിളളി പഞ്ചായത്തിലെ തവളക്കുഴിപ്പാറ കോളനിക്ക് സമീപമാണ് പകരം ഭൂമി കണ്ടെത്തിയിരിക്കുന്നത്. ആനക്കയത്ത് നേരത്തെ ആദിവാസികൾ താമസിച്ചിരുന്ന അഞ്ച് ഏക്കറോളം വരുന്ന ഭൂമി വനം വകുപ്പിന് തിരിച്ച് നൽകുകയും തത്തുല്യമായ ഭൂമി പകരമായി ആദിവാസി കുടുംബങ്ങൾക്ക് അനുവദിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സത്വരനടപടി സ്വീകരിക്കണമെന്ന് ചാലക്കുടി എംഎൽഎ ബി ഡി ദേവസ്സി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ കുടിൽ കെട്ടി താമസിക്കുന്ന കുടുംബങ്ങളെ സമീപത്തെ സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്ക് മാറ്റാനും ധാരണയായി. ജില്ലാ കളക്ടർ ഊരുമൂപ്പന്റെ നേതൃത്വത്തിലുളള ആദിവാസി കുടുംബങ്ങളുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ മാറിത്താമസിക്കുന്നതിന് എല്ലാവരും സന്നദ്ധത അറിയിക്കുകയും ചെയ്തു. ആനക്കയത്തെ വനം വകുപ്പ് ക്വാർട്ടേഴ്‌സ്, ഷോളയാർ പവർ ഹൗസ് ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിലേക്കാണ് ഇവരെ മാറ്റിത്താമസിപ്പിക്കുക. ആദിവാസി കോളിനികളിൽ കുട്ടികളുടെ ജനന രജിസ്‌ട്രേഷൻ നടത്താൻ വൈകിയതിന്റെ പേരിൽ പ്രയാസം നേരിടുന്നവരെ സഹായിക്കുന്നതിന് പ്രത്യേക അദാലത്ത് സംഘടിപ്പിക്കും. റേഷൻ കാർഡ് ലഭിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസരമുണ്ടാക്കും. വാച്ചുമരം ആദിവാസി കോളനിയിൽ താമസിക്കുന്ന കുടുംബങ്ങൾ നേരിടുന്ന ഭൂമി ദൗർലഭ്യം പരിഹരിക്കുന്നതിന് സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
ആനക്കയം, വാച്ചുമരം കോളനികളും പുനരധിവാസത്തിന് പുതുതായി നിർദ്ദേശിച്ച സ്ഥലവും ജില്ലാ കളക്ടർ എസ് ഷാനവാസ് സന്ദർശിച്ചു. ഊരുമൂപ്പൻ രാമനുമായും കോളനിവാസികളുമായും ചർച്ച നടത്തുകയും ചെയ്തു. ജില്ലാ കളക്ടർക്ക് പുറമേ വാഴച്ചാൽ ഡിഎഫ്ഒ എസ് വി വിനോദ്, ആർഡിഒ ലതിക, ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസർ ഇ ആർ സന്തോഷ്‌കുമാർ, അതിരപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വർഗ്ഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. വിജു വാഴക്കാല തുടങ്ങിവരും പങ്കെടുത്തു.
 

date