Skip to main content

കുട്ടികളെ ബഹുമാനിക്കുന്ന സമൂഹമാണ് ഏറ്റവും നല്ല സമൂഹം: ബാലകൃഷ്ണൻ അഞ്ചത്ത്

കുട്ടികളെ ബഹുമാനിക്കുന്ന സമൂഹമാണ് ഏറ്റവും നല്ല സമൂഹമെന്ന് സാഹിത്യകാരനും മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ബാലകൃഷ്ണൻ അഞ്ചത്ത്. മനുഷ്യരുടെ ഉള്ളു തുറക്കാനുള്ള താക്കോലാണ് പുസ്തകങ്ങൾ. പുസ്തകം വായിക്കുക എന്നാൽ ലോകത്തെ അറിയുകയാണ്. അതിലൂടെ സൃഷ്ടിക്കപ്പെടുന്ന പുതുലോകം കുട്ടികളെ ബഹുമാനിക്കുന്ന ലോകമായിരിക്കും. അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തൃശ്ശൂർ ജില്ലയിൽ സംഘടിപ്പിക്കുന്ന അക്ഷരയാത്ര മണ്ണുത്തി ഡോൺ ബോസ്‌കോ ഹയർസെക്കൻഡറി സ്‌കൂളിലെ ഉദ്ഘാടനം നിർവഹിച്ച് കുട്ടികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സി ആർ ദാസ് അദ്ധ്യക്ഷത വഹിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ടോണി വലിയപരയ്ക്കാട്ട്, സ്‌കൂൾ റെക്ടർ ആന്റ് മാനേജർ ഫാ. പി കെ ജോൺ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എഡിറ്റോറിയൽ അസിസ്റ്റന്റ് നവനീത് കൃഷ്ണൻ എസ് എന്നിവർ സംസാരിച്ചു. തലോർ ദീപ്തി സ്‌കൂളിലെ അക്ഷരയാത്ര ചൊവ്വാഴ്ച (ആഗസ്റ്റ് ആറ്) ചീഫ് വിപ്പ് അഡ്വ. കെ രാജൻ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്കുള്ള 215 പുസ്തകങ്ങളുമായാണ് അക്ഷരയാത്ര സ്‌കൂളിൽ എത്തിയിരിക്കുന്നത്. ജില്ലയിലെ ഏതു കുട്ടിക്കും 50 ശതമാനം വിലക്കിഴിവോടെ ഈ പുസ്തകങ്ങൾ വാങ്ങാം. അക്ഷരയാത്ര ആഗസ്റ്റ് 13 വരെ തൃശ്ശൂർ ജില്ലയിൽ തുടരും. ഒരു സ്‌കൂളിൽ രണ്ടു ദിവസമാണ് മേള.

date