Skip to main content

റേഷന്‍ കാര്‍ഡില്‍ വിവരങ്ങള്‍ കൂട്ടിച്ചേര്‍ക്കാം

 

 

റേഷന്‍ കാര്‍ഡില്‍ വിവരങ്ങള്‍ കൂട്ടി ചേര്‍ക്കുന്നതിനുളള എല്ലാ അപേക്ഷകളും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടതെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മുന്‍ഗണനാ കാര്‍ഡുകളിലേക്ക് മുതിര്‍ന്ന അംഗങ്ങളെ പുതിയതായി കൂട്ടി ചേര്‍ക്കണമെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് ഹാജരാക്കണം.   കൂടാതെ മുതിര്‍ന്ന അംഗങ്ങളുടെ വ്യക്തിപരമായ വരുമാനം കാണിക്കേണ്ടതും നേരില്‍  ഹാജരാകേണ്ടതുമാണ്. മാതാപിതാക്കള്‍ ഉള്‍പ്പെടുന്ന കാര്‍ഡില്‍ മാത്രമേ കുട്ടികളെ ഉള്‍പ്പെടുത്തുകയുള്ളൂ.  അതിനായി ജനന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് /സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ് എന്നിവ ഹാജരാക്കണം, പേര് മാറ്റത്തിനുഉളള അപേക്ഷയില്‍ വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റിന്റെ കൂടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൂടി നല്‍കണം. മേല്‍ വിലാസം മാറ്റുന്നതിന് ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 

 

 

കാര്‍ഷിക ഗവേഷണ വിജ്ഞാന വ്യാപന ശില്പശാല  8 ന്

 

 

കാസറഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഉള്‍പ്പെടുന്ന ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞരും, കേരള കര്‍ഷക ക്ഷേമ കൃഷി വികസന വകുപ്പ്, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍, അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഏജന്‍സി എന്നിവയിലെ ഉദ്യോഗസ്ഥരും മേഖലയിലെ കര്‍ഷകരും പങ്കെടുക്കുന്ന കാര്‍ഷിക ഗവേഷണ വിജ്ഞാന വ്യാപന ശില്പശാല ആഗസ്റ്റ് എട്ടിന് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടത്തും. രാവിലെ 9.30 ന് കേരള കേന്ദ്ര സര്‍വകലാശാല ഗവേഷണ ഡയറക്ടര്‍ പ്രൊഫ. പ്രതാപചന്ദ്ര കുറുപ്പ് ഉദ്ഘാടനം ചെയ്യും. കേരള കാര്‍ഷിക സര്‍വകലാശാല ഗവേഷണ ഡയറക്ടര്‍  അധ്യക്ഷത വഹിക്കും. ശില്പശാലയില്‍ സമീപകാല ഗവേഷണങ്ങളുടെ ഫലങ്ങള്‍, കാര്‍ഷിക മേഖലയിലെ ആനുകാലിക പ്രശ്‌നങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുകയും ഭാവി ഗവേഷണ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും ചെയ്യും. 

 

 

date