Skip to main content

നടപടികളുമായി വ്യാപാരികള്‍ സഹകരിക്കണം:  ജില്ലാ കലക്ടര്‍ 

പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ കാംപയിന്‍ ജില്ലയൊന്നാകെ ഏറ്റെടുത്ത പദ്ധതിയാണെന്നും അത് വിജയിപ്പിക്കേണ്ട ചുമതല മറ്റെല്ലാവരെയും പോലെ വ്യാപാരി സമൂഹത്തിനുമുണ്ടെന്നും അതുമായി ബന്ധപ്പെട്ട നടപടികളുമായി അവര്‍ സഹകിക്കണമെന്നും ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി അഭ്യര്‍ഥിച്ചു. ഡി.ടി.പി.സിയുടെ മിഡ്‌നൈറ്റ് മാരത്തണുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ജനങ്ങളും ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും തദ്ദേശ സ്ഥാപനങ്ങളുമടക്കം ഏറ്റെടുത്ത് വിജയിപ്പിച്ച പദ്ധതിയാണിത്. ജില്ലയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
    വന്‍തോതില്‍ പ്ലാസ്റ്റിക് കാരി ബാഗ് വില്‍പ്പന നടത്തിയ സ്ഥാപനം സീല്‍ ചെയ്ത നടപടി പൊടുന്നനെ എടുത്തതല്ല. ഒരു വര്‍ഷമായി ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.  നിരവധി മുന്നറിയിപ്പുകളും നല്‍കി.   പ്ലാസ്റ്റിക് കാരിബാഗ് നിരോധനം തികച്ചും പൊതുജനതാല്‍പര്യം മുന്‍നിര്‍ത്തി നടപ്പിലാക്കിയ പദ്ധതിയാണ്. അതിന്റെ നേട്ടം ജില്ലയിലെ മുഴുവന്‍ ജനങ്ങള്‍ക്കുമാണ്. പദ്ധതിയിലൂടെ വലിയ തോതില്‍ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കാന്‍ ഇതിനകം സാധിച്ചിട്ടുണ്ട്. ജില്ലയ്ക്കു തന്നെ അഭിമാനമായി മാറിയ പദ്ധതി വിജയിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. 
ജില്ലയിലെ മുഴുവന്‍ രാഷ്ട്രീ പാര്‍ട്ടികളും പ്ലാസ്റ്റിക് രഹിത കണ്ണൂര്‍ പദ്ധതി നടപ്പിലാക്കാന്‍ മുന്നിട്ടിറങ്ങിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പറഞ്ഞു. പാര്‍ട്ടികള്‍ അവരുടെ സമ്മേളനങ്ങള്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് സംഘടിപ്പിച്ചുവരുന്നത്. ജില്ലയൊന്നാകെ ഏറ്റെടുത്ത കാംപയിനെതിരേ ഒരു ചെറിയ വിഭാഗം മാത്രം നിലപാട് സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 
പി എന്‍ സി/4920/2017

date