Skip to main content

കാരുണ്യ: 40.69 കോടിയുടെ  ധനസഹായത്തിന് ശിപാർശ

 

ആലപ്പുഴ: കാരുണ്യ ബനവലന്റ് പദ്ധതിയിൽ 40,69,08,537 രൂപയുടെ ചികിത്സ ധനസഹായത്തിനുള്ള അപേക്ഷ സർക്കാരിന്റെ അംഗീകാരത്തിന് ശിപാർശ ചെയ്തതായി ജില്ല കളക്ടർ ടി.വി. അനുപമ അറിയിച്ചു. ഈ മാസം ചേർന്ന ജില്ലാതലയോഗത്തിൽ 314 പേരുടെ ധനസഹായമാണ് ശുപാർശ ചെയ്തത്. ഇതിൽ 140 കാൻസർ രോഗികളും 124 ഹൃദ്‌രോഗികളും 36 വൃക്കരോഗികളും 14  പേർ ന്യൂറോ സംബന്ധമായ അസുഖമുള്ളവരുമാണ്. 
എ.ഡി.എം. ഐ. അബ്ദുൾ സലാമിന്റെ  അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ജില്ലാതല കാരുണ്യ ബനവലന്റ് കമ്മിറ്റിയാണ് ചികിത്സ ധനസഹായത്തിനുള്ള അപേക്ഷകൾ അംഗീകരിച്ചത്. ജില്ല ലോട്ടറി ഓഫീസർ ബി. മുരളീധരൻ, മെഡിക്കൽ കോളജ് ആശുപത്രി ആർ.എം.ഒ. ഡോ. നോനാം ചെല്ലപ്പൻ, ഡപ്യൂട്ടി ഡി.എം.ഒ. ഡോ. ടി.എസ്. സിദ്ധാർഥൻ എന്നിവർ പങ്കെടുത്തു. 
വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ കുറവുള്ള കാൻസർ, ഹൃദയം, വൃക്ക, ന്യൂറോ സംബന്ധമായ രോഗമുള്ളവർക്ക് സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്ക് കാരുണ്യ ബനവലന്റ് ഫണ്ടിൽ നിന്ന് ധനസഹായം ലഭിക്കും.
                                                                     
   (പി.എൻ.എ.3126/17)

date