Skip to main content

അനുസ്മരണ ദിനം ആചരിച്ചു

കുറാഞ്ചേരിയിൽ മണ്ണിടിഞ്ഞ് 19 പേർ മരണമടഞ്ഞ സംഭവത്തിൽ ഒന്നാം വാർഷികം ആചരിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവരുടെ സ്മരണാർത്ഥം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ തിരിതെളിയിച്ച് പുഷ്പാർച്ചന നടത്തി. ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ മാതൃകയാണ് പ്രളയ ദുരന്തങ്ങളിലും തുടർന്നുള്ള അതിജീവന പ്രക്രിയയിലും പ്രതിഫലിച്ചതെന്നും ഈ ഐക്യം തുടരണമെന്നും അദ്ദേഹം പറഞ്ഞു. 
കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ പ്രളയത്തിന്റെ പ്രത്യാഘാതങ്ങൾ ഏറെനേരിട്ട പ്രദേശങ്ങളിലൊന്നായിരുന്നു തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി മുൻസിപ്പാലിറ്റി പരിധിയിലുള്ള കുറാഞ്ചേരി. കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ ദേശീയപാത സമീപം സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഉരുൾപ്പൊട്ടിയുണ്ടായ ആളപായമായിരുന്നു ജനങ്ങളെ ഭീതിപ്പെടുത്തിയത്. കുട്ടികളും വൃദ്ധരും അടക്കം 5 വീടുകളിലായി 19 പേരാണ് ദുരന്തത്തിൽ മരണമടഞ്ഞത്. കുന്നുകുഴി വീട്ടിൽ മോഹനൻ, ആശ, അഖിൽ, അമൽ, മുണ്ടം പ്ലാക്കൽ വീട്ടിൽ ജെൻസൺ, സുമിത, മോസസ്സ്, ഹെനോക്ക്, യാഫത്ത്, ഷാജി, കളപ്പുരയ്ക്കൽ ഫ്രാൻസിസ്, സാലി (ആലീസ്), പാറേക്കാട്ടിൽ റോസി, എയ്ഞ്ചൽ, കൊല്ലം മുന്നേൽ മാത്യു, റോസ, മെറിൻ, മിൽന, സൗമ്യ (കരുത്തി വീട്) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടവർ.പ്രളയാനന്തര പുനർനിർമ്മാണത്തിന്റെ ഭാഗമായി തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയുടെ ധനസഹായവും മരണപ്പെട്ടവരുടെ ആശ്രിതർക്ക് നാല് ലക്ഷം രൂപ വീതവും വിതരണം ചെയ്തു. കൂടാതെ നഗരസഭയുടെ നേതൃത്വത്തിൽ ദുരന്തത്തിൽ തകർന്ന രണ്ട് കടമുറികൾ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി സ്ഥലം അനുവദിച്ചു കൊടുക്കുകയും ചെയ്തു.
ഇതിനു പുറമെ മുൻസിപ്പാലിറ്റി, പഞ്ചായത്ത്, കെ.എസ്.ഇ.ബി, പി.ഡബ്ലിയു.ഡി എന്നിങ്ങനെ അനവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായ സഹകരണത്തോടെ ഇലട്രിസിറ്റി ലൈനുകളുടെയും കുടിവെള്ള പൈപ്പ് ലൈനുകളുടെയും പുനസ്ഥാപനം, തകർന്ന ഹൈവേയുടെ ഉപരിതല നിർമ്മാണം, റെയിൽവേ ട്രേക്കിന്റെ സംരക്ഷണഭിത്തി, അപകട മേഖലയിലേക്കുള്ള കോൺക്രീറ്റ് റോഡ് എന്നിങ്ങനെ ഒട്ടനവധി അനുബന്ധ പ്രവർത്തനങ്ങളും സർക്കാർ നടപ്പാക്കി.
അനിൽ അക്കര എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ് ഷാനവാസ്, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമാസ്, കുന്നംകുളം ഡി.വൈ.എസ്.പി. സിനോജ്, തെക്കുംകര പഞ്ചാായത്ത് പ്രസിഡണ്ട് ഇ.കെ.ശ്രീജ, തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽകുമാർ എന്നിവർ ചടങ്ങിൽ തിരിതെളിയിച്ച് പുഷ്പപങ്ങൾ അർപ്പിച്ചു.

date