Skip to main content

മഴ മാറി; ആശങ്കയൊഴിഞ്ഞ് തീരദേശം

ഒരാഴ്ചയായി നിർത്താതെ പെയ്തിരുന്ന മഴ രണ്ട് ദിവസമായി മാറി നിന്നതോടെ തീരദേശത്ത് ആശങ്കയൊഴിഞ്ഞു. വെള്ളക്കെട്ട് ഒഴിഞ്ഞു പലരും വീടുകളിലേയ്ക്ക് മാറിയതോടെ ക്യാമ്പുകളുടെ എണ്ണവും കുറഞ്ഞു. പടിഞ്ഞാറൻ മേഖലയിൽ ഉള്ളവരാണ് ഇപ്പോഴും വെള്ളക്കെട്ട് ഭീഷണി നേരിടുന്നത്. രണ്ട് ദിവസം കുറഞ്ഞു നിന്ന മഴ പൂർവ്വാധികം ശക്തിയോടെ തിരിച്ചെത്തിയപ്പോൾ കനോലി കനാലിലെ ജലനിരപ്പ് പിന്നെയും ഉയർന്നത് ഈ പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളെ ദുരിതത്തിലാഴ്ത്തിയിരുന്നു. ഇതിനിടയിൽ മാറി നിന്ന മഴ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചു വന്നതോടെ ഒഴിഞ്ഞു പോയ വെള്ളക്കെട്ട് വീണ്ടും തിരിച്ചു വന്നത് ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് പോയവരെ ബുദ്ധിമുട്ടിലാക്കി. ബന്ധുവീടുകളിലേയ്ക്ക് പോയവരും തിരികെയെത്തി വീട് വൃത്തിയാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ ക്‌ളീനിംഗ് സാമഗ്രികൾ അതത് പഞ്ചായത്തിലെ വാർഡ് മെമ്പർമാരുടെയും നഗരസഭ കൗൺസിലർമാരുടെയും നേതൃത്വത്തിൽ വിതരണം ചെയ്യുന്ന നടപടികളും ആരംഭിച്ചു. പകർച്ചവ്യാധികൾ പരക്കാൻ ഇടം നൽകാതെയുള്ള ശുചീകരണ പ്രവർത്തനമാണ് നാട്ടുകാരുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ നടപ്പാക്കുന്നത്. അണുവിമുക്തമാക്കാനുള്ള നടപടികളും സ്വീകരിച്ചു. കൊടുങ്ങല്ലൂർ താലൂക്കിൽ 47 ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടായിരുന്നത് 25 ആയി കുറഞ്ഞിട്ടുണ്ട്. 2529 കുടുംബങ്ങളിൽ നിന്നായി 7322 ആളുകളാണ് ഇപ്പോഴും ക്യാമ്പിൽ താമസിക്കുന്നത്. മേത്തല ബാലാനുബോധിനി എൽപി-52, അഴീക്കോട് സുനാമി ഷെൽട്ടർ-10, ചെന്ത്രാപ്പിന്നി ഗവ. മാപ്പിള ഹയർസെക്കണ്ടറി സ്‌കൂൾ-119, ചെന്ത്രാപ്പിന്നി ആർ,സി. യുപി-72, എടത്തുരുത്തി പൈനൂർ എൻഎൽപിഎസ്-47, എടത്തുരുത്തി സെന്റ് ആൻസ് കോണ്വെന്റ്-290, എടത്തുരുത്തി ചൂലൂർ ഐടിഐ-60, എടത്തുരുത്തി അൽ അൻവറുൾ ഇസ്ലാമിക് എൽപി സ്‌കൂൾ-41, ചെന്ത്രാപ്പിന്നി എച്ച്എസ്-246, ചെന്ത്രാപ്പിന്നി പെരുമ്പടപ്പ് ഈസ്റ്റ് യുപി സ്‌കൂൾ-32, എടവിലങ്ങ് കാര ഫിഷറീസ് എൽപി-146, എടവിലങ്ങ് ഗവ. എച്ച്എസ്-133, എടവിലങ്ങ് കാര സെന്റ് ആൽബന-24, എറിയാട് കെ.വി.എച്ച്.എസ്.എസ്-197, എറിയാട് ശിശുവിദ്യാപോഷിണി-160, എറിയാട് എംഐടി-32, കയ്പമംഗലം പ്രിയദർശിനി കമ്മ്യൂണിറ്റി ഹാൾ-114, കയ്പമംഗലം കൂരിക്കുഴി മദ്രസ-40, കയ്പമംഗലം ബുസ്താനുൽ ഉലൂം മദ്രസ-89, കയ്പമംഗലം ആർ.സി. യുപിഎസ്-209, പി.വെമ്പല്ലൂർ അയ്യപ്പൻകാവ് എഫ്ആർയുപിഎസ്-30, പി.വെമ്പല്ലൂർ എംഐടി യുപിഎസ്-10, മതിലകം കളരിപ്പറമ്പ് യുപിഎസ്-28, പെരിഞ്ഞനം ഈസ്റ്റ് യുപിഎസ്-126, പെരിഞ്ഞനം ജിയുപിഎസ്-252, എസ്.എൻപുരം പള്ളിനട എംഎആർഎം-84 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ പ്രവർത്തനം. 
 

date