Skip to main content

ജില്ലയിലെ എൻജിനീയറിംഗ് വിദ്യാർത്ഥികൾ ശേഖരിച്ച സാമഗ്രികൾ മലപ്പുറത്തെത്തിച്ചു

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ എൻജിനീയറിംഗ് കോളേജുകൾ സംയുക്തമായി ദുരിതാശ്വാസ സാമഗ്രികൾ ശേഖരിച്ച് മലപ്പുറം കളക്‌ട്രേറ്റിലെത്തിച്ചു.  കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാൻഡ്രം, ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് ബാർട്ടൺഹിൽ, എസിഇ കോളേജ് തിരുവല്ലം, വിദ്യാ എൻജിനീയറിംഗ് കോളേജ് കിളിമാനൂർ, ലൂർദ് മാതാ കോളേജ് ഓഫ് എൻജിനീയറിംഗ് കുറ്റിച്ചൽ, ജോൺ കോക്‌സ് എൻജിനീയറിംഗ് കോളേജ് എന്നീ കോളേജുകളിലെ വിദ്യാർഥികൾ കോളേജ് ബസിൽ സഞ്ചരിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ശേഖരണം നടത്തിയത്.  ഇരുന്നൂറോളം എൻജിനീയറിംഗ് വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.  വൈകിട്ട് അഞ്ച് മണിയോടെ എല്ലാ ബസുകളും എസ്എംവി സ്‌കൂളിലെ ജില്ലാ ഭരണകൂടത്തിന്റെ സംഭരണ കേന്ദ്രത്തിലെത്തി.  തുടർന്ന് ജില്ലയിൽ നിന്നും ശേഖരിച്ച സാധനങ്ങൾ കിളിമാനൂർ വിദ്യാ എൻജിനീയറിംഗ് കോളേജിന്റെ ബസിൽ മലപ്പുറം കളക്‌ട്രേറ്റിലേക്ക് തിരിക്കുകയായിരുന്നു.  തിരുവനന്തപുരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു.  ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പാളും വിദ്യാ എൻജിനീയറിംഗ് കോളേജ് ഡയറക്ടറുമായ ഡോ. ബി. അനിൽ സംബന്ധിച്ചു.  സർവകലാശാല നാഷണൽ സർവീസ് സ്‌കീം സെല്ലിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ജില്ലാ കോ-ഓർഡിനേറ്റർ പ്രൊഫ. ഷാജിയുടെ നേതൃത്വത്തിൽ ഇരുപതോളം എൻജിനീയറിംഗ് വിദ്യാർഥികൾ സന്നദ്ധപ്രവർത്തനങ്ങൾക്ക് മലപ്പുറത്ത് എത്തി.  മലപ്പുറം കളക്‌ട്രേറ്റിലെത്തിച്ച ദുരിതാശ്വാസ സാമഗ്രികൾ മന്ത്രി കെ.കെ ശൈലജ ടീച്ചർ സ്വീകരിച്ചു.
പി.എൻ.എക്സ്.2954/19

date