Skip to main content

ശുചീകരണം: സജീവമായി ട്രൈബല്‍ യൂത്ത് ക്ലബുകള്‍

       പ്രളയാനന്തര ശുചിത്വപരിപാലനത്തിലും ബോധവല്‍ക്കരണത്തിലും  സജീവമായി കുടുംബശ്രീയുടെ ട്രൈബല്‍ യൂത്ത് ക്ലബുകള്‍. ഇരുന്നൂറോളം അംഗങ്ങളാണ് കണിയാമ്പറ്റ, പൂതാടി, മാനന്തവാടി, മീനങ്ങാടി, മുളളന്‍കൊല്ലി, മുട്ടില്‍, നെന്‍മേനി, നൂല്‍പ്പുഴ,പൊഴുതന, പുല്‍പ്പള്ളി, തവിഞ്ഞാല്‍, തൊണ്ടര്‍നാട,് വെളളമുണ്ട എന്നിവിടങ്ങളിലെ വെളളം കയറിയ വീടുകളിലെയും പൊതുയിടങ്ങളിലേയും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ജില്ലയിലാകമാനം 2100 വീടുകളാണ് യൂത്ത് ക്ലബ്ബ്, ഹരിതകര്‍മ്മസേന,ആനിമേറ്റര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരിച്ചത്. ആദിവാസി കോളനികളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും ക്ലബ് സജീവമാണ്. പട്ടിക വര്‍ഗ്ഗ മേഖലയിലെ യുവതീ യുവാക്കളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന് വേണ്ടി കുടുംബശ്രീ  രൂപീകരിച്ചതാണ്  പട്ടിക വര്‍ഗ്ഗ യൂത്ത് ക്ലബ്ബുകള്‍. അനാരോഗ്യ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുന്നതില്‍ നിന്നും യുവാക്കളെ തടയുക സാമൂഹ്യ പ്രതിബദ്ധതയിലേക്ക് ഇവരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടവയാണ് യൂത്ത് ക്ലബ്ബുകള്‍. പ്രാദേശികമായി ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കായിക മേഖലയിലും സാംസ്‌കാരിക മേഖലയിലും ഇവരുടെ പ്രവര്‍ത്തനം നടന്നു വരുന്നു. ജില്ലയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത 120 കുടുംബശ്രീ യൂത്ത് ക്ലബ്ബുകളില്‍ നിന്നായി 2236 അംഗങ്ങള്‍ ആണ് ഉള്ളത്. ഊരുകളിലെ ആരോഗ്യ കായിക-സാംസ്‌കാരിക മേഖലയില്‍ ഇടപെടുന്നതിനായി യൂത്ത് അംഗങ്ങളെ ഉള്‍പ്പെടുത്തി യുവാക്കളുടെ കര്‍മ്മ സേനയെ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ജില്ലാ മിഷന്‍.

date