Skip to main content

പോരാട്ടത്തോടെ ദുരന്തനിവാരണ സേന

     അതിശക്തമായ മഴയില്‍ ഒറ്റപ്പെട്ട ജില്ലക്ക് പോരാട്ട വീര്യമേകി ദേശീയ ദുരന്തനിവാരണ സേനയും. ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട പുത്തുമലയില്‍ ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ ഏറെ സഹായകമായി. പ്രദേശത്ത് മണ്ണിനടിയിലകപ്പെട്ടുപോയവരെ കണ്ടെത്താന്‍ നടത്തിയ തിരച്ചലില്‍ ദുരന്തനിവാരണ സേനയുടെ ഇടപെടല്‍ നിര്‍ണ്ണായകമായിരുന്നു. ദുര്‍ഘടമായ കാലാവസ്ഥയെ അതിജീവിച്ചും വിവിധ സേനകളുടെ പങ്കാളിത്തതോടെ നടത്തിയ തിരച്ചലില്‍ 10 മൃതദേഹങ്ങള്‍ കണ്ടെടുക്കാനും കഴിഞ്ഞു. ആഗസ്റ്റ് എട്ടിന് രാത്രിയോടെയാണ് ഡെപ്യുട്ടി കമാന്‍ഡന്റ് ടി.എം ജിതേഷിന്റെ നേതൃത്വത്തിലുള്ള 25 പേരടങ്ങുന്ന ആദ്യസംഘം ജില്ലയിലെത്തിയത്. മഴ ശക്തമായതിനെ തുടര്‍ന്ന് ആഗസ്റ്റ് ഒന്‍പതിനു രാവിലെ തന്നെ 100 പേരടങ്ങുന്ന രണ്ടാമത്തെ സംഘവും ജില്ലയിലെത്തി. ആദ്യഘട്ടത്തില്‍ സേനയിലെ 50 പേരെയും പുത്തുമല ദൗത്യത്തിന് നിയോഗിച്ചു. ബാക്കിയുള്ള അംഗങ്ങള്‍ മൂന്നു സംഘങ്ങളായി മാനന്തവാടി, പനമരം, പടിഞ്ഞാറത്തറ ഭാഗങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. വെള്ളം കയറി ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് റബ്ബര്‍ ബോട്ടുകളില്‍ ഭക്ഷണമെത്തിച്ചു. മാനന്തവാടി കാളിന്ദി നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഒറ്റപ്പെട്ട കോളനികളിലെ നൂറോളം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റാനും ദുരന്തനിവാരണ സേനയ്ക്കു കഴിഞ്ഞു. മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ട പൊഴുതന, അച്ചൂരം, തിരുനെല്ലി തുടങ്ങിയ ഇടങ്ങളിലെ റോഡിലെ തടസ്സങ്ങള്‍ മാറ്റാനും സംഘത്തിന്റെ സഹായമുണ്ടായി.  മഴ കുറഞ്ഞതോടെ മാനന്തവാടി ഒഴികെയുള്ള സ്ഥലങ്ങളിലെ സേനാംഗങ്ങളെ കൂടി മുത്തുമലയില്‍ നിയോഗിച്ചു. ഇതോടെ 100 പേരടങ്ങുന്ന സംഘം പുത്തുമല ദൗത്യത്തില്‍ സജീവമായിട്ടുണ്ട്. ഉരുള്‍പൊട്ടലിന്റെ ഉത്ഭവ സ്ഥാനങ്ങളിലും സംഘം തിരച്ചില്‍ നടത്തി. ഓരോ ദിവസവും രാവിലെ ആറുമണിയോടെ തുടങ്ങുന്ന തിരച്ചില്‍ ഏറെ വൈകിയാണ് അവസാനിക്കുക. മഴ ശാന്തമായതോടെ മാനന്തവാടിയില്‍ തുടരുന്ന സംഘം വ്യാഴാഴ്ച വൈകീട്ടോടെ തിരിച്ചു പോയി. ബാക്കിയുള്ള 100 പേര്‍ പുത്തുമലയില്‍ തുടരുന്നുണ്ട്. 

 

date