Skip to main content

ദുരന്തമുഖത്ത് പതറാതെ വനംവകുപ്പ്

      ജില്ല കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളില്‍ പതറാതെ വനം വകുപ്പും. ജില്ലയില്‍ അപകടം നടന്ന പലസ്ഥലങ്ങളിലും ആദ്യമെത്തിയതും പുറം ലോകത്തെ അറിയിച്ചതും വനം വകുപ്പായിരുന്നു. ഏറ്റവും സാഹസികമായിട്ടാണ് റാണിമല ഓപറേഷനിലൂടെ വനംവകുപ്പ് 40-ല്‍ അധികം ജീവനുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്. പുത്തുമല ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ നില്‍ക്കുമ്പോഴും തോരാത്ത പെയ്ത മഴ മറ്റു മലകള്‍ക്കും ഭീഷണി സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മേപ്പാടി പഞ്ചായത്തിന്റെ കൂടി സഹകരണത്തോടെ പുത്തുമലയ്ക്കു സമീപമുള്ള റാണിമല എസ്റ്റേറ്റില്‍ നിന്നും അയല്‍ സംസ്ഥാന തൊഴിലാളികളെയടക്കം അതിസാഹസികമായി വനംവകുപ്പ് ഒഴിപ്പിച്ചത്. ആഗസ്റ്റ് ഒന്‍പതിനു തുടങ്ങിയ ദൗത്യം വളരെ മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവയ്‌ക്കേണ്ടി വന്നു. അടുത്ത ദിവസം കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി വനംവകുപ്പ് ഒറ്റപ്പെട്ടുപോയ ഈ കുടുംബങ്ങളെ ഒഴിപ്പിക്കുകയായിരുന്നു. മൂന്നു കിലോമീറ്ററലധികം ദുര്‍ഘടം പിടിച്ച പാതകളും രണ്ടു ശക്തമായ നിര്‍ച്ചാലുകളും ദൗത്യത്തെ കാര്യമായി ബാധിച്ചിരുന്നു. മരം കൊണ്ട് താല്ക്കാലിക പാലങ്ങള്‍ ഉണ്ടാക്കിയും കയറുകള്‍ കെട്ടിയുമാണ് ഓരോ ആളെ വീതം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ആറുമണിക്കൂറോളമുള്ള പരിശ്രമത്തിനു ശേഷമാണ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. 
സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍, സോഷ്യല്‍ ഫോറസ്ട്രി എ.സി.എഫ് എം. രാജീവന്‍, മറ്റു ജീവനക്കാരായ ഹാഷിഫ്, മണി, അഭിലാഷ്, ബാബു, ഷിജു എന്നിവര്‍ നേതൃത്വം നല്കി. ഡിഫന്‍സ് സെക്യുരിട്ടി കോര്‍പ്‌സ്, പൊലീസ് എന്നിവരുടെ സഹകരണവുമുണ്ടായിരുന്നു.  

date