Skip to main content

മരുന്നുകളും അവശ്യവസ്തുക്കളുമായി  'ആരോഗ്യ കേരളം'

    വയനാട്ടിലെ ദുരിതബാധിത മേഖലകളില്‍ മരുന്നുകളും അവശ്യവസ്തുക്കളുമായി ആരോഗ്യ കേരളം. ഇടുക്കി, തിരുവന്തപുരം ജില്ലകളിലെ ആരോഗ്യ കേരളം പ്രവര്‍ത്തകരാണ് ദുരിതബാധിതര്‍ക്ക് സഹായവുമായി എത്തിയത്. ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സുജിത്ത് സുകുമാരന്റെ നേതൃത്വത്തില്‍ എത്തിയ എഴംഗസംഘം രണ്ടു ലക്ഷം രൂപയുടെ സാധനങ്ങളാണ് ലഭ്യമാക്കിയത്. വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കുള്ള ബാഗ്, നോട്ട്ബുക്ക്, പേന, പെന്‍സില്‍, കുട എന്നിവ അടങ്ങുന്ന കിറ്റുകളാണ് അധികവും. കൂടാതെ ബെഡ്ഷീറ്റ്, നൈറ്റി, പുതപ്പ്, തോര്‍ത്ത്, അടിവസ്ത്രങ്ങള്‍ എന്നിവയടങ്ങുന്ന 50 കുടുംബങ്ങള്‍ക്കുള്ള കിറ്റും 225 ജോടി ചെരുപ്പുകളും ബിസ്‌ക്കറ്റ്, ഓട്‌സ്, അരിപ്പൊടികള്‍ എന്നിവയടക്കമുള്ള ഭക്ഷണ സാധനങ്ങളുമുണ്ട്. മേപ്പാടി കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലേക്ക് കൈമാറിയ സാധനങ്ങള്‍ സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് എറ്റുവാങ്ങി. ഡി.എം.ഒ ഡോ. ആര്‍. രേണുക, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു. 
  എന്‍.എച്ച്.എം സ്റ്റേറ്റ് അഡ്മിന്‍ മാനേജര്‍ സുരേഷ്, തിരുവനന്തപുരം ഡിപിഎം ഡോ. പി.വി. അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മരുന്നുകളടക്കം നാലു ലക്ഷം രൂപയുടെ സാധനങ്ങളാണ് എത്തിച്ചത്. മുണ്ടക്കൈ പുഞ്ചിരിമട്ടം പണിയ കോളനിയിലെ നാല് കുടുംബങ്ങള്‍ക്കടക്കം പ്രദേശത്തെ ദുരിതത്തിലായ നിരവധി വീട്ടുകാര്‍ക്ക് സാധന സാമഗ്രികള്‍ വിതരണം ചെയ്തു. മുണ്ടക്കൈ എച്ച്.എം.എല്‍ എസ്‌റ്റേറ്റ് പാടിയിലും വെള്ളരിമല വില്ലേജ് ഓഫീസ് പരിസരത്തെ നാല് ആദിവാസി കുടുംബങ്ങള്‍ക്കും സഹായമെത്തിച്ചു. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള പാലിയേറ്റീവ് പ്രവര്‍ത്തകരും സന്നദ്ധ സേവനത്തിന് തയ്യാറായ ക്ലീനിങ് സംഘവും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ദുരിതബാധിത മേഖലയില്‍ സഹായമെത്തിച്ചതിനുശേഷമുള്ള സാധന സാമഗ്രികള്‍ മേപ്പാടി കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്ററിലേക്ക് കൈമാറി. 

 

date