Skip to main content

പ്രളയാനന്തര ആരോഗ്യ ജാഗ്രതാ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും-മന്ത്രി കെ.കെ ശൈലജ

പ്രളയാനന്തരം പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. ജില്ലാ പ്ലാനിങ ്‌സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പ് മേധാവികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്നത് ഉറപ്പിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ മുന്‍കൈയെടുക്കണം. എലിപ്പനി, എച്ച്1 എന്‍1, മറ്റ് വൈറസ് പനികള്‍ എന്നിവ നേരത്തേ കണ്ടെത്തി ചികില്‍സിക്കേണ്ടതാണ്. ആവശ്യമായ മരുന്നുകള്‍ ജില്ലയില്‍ സ്റ്റോക്കുണ്ട്. നിലമ്പൂര്‍ മേഖല കേന്ദ്രീകരിച്ച് പ്രത്യേക ആരോഗ്യ ക്യാമ്പയിന്‍ നടത്തും. പകര്‍ച്ചവ്യാധികള്‍ തടയാന്‍ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കും. ജില്ലയില്‍ 16 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളടക്കം 138 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പ്രളയത്തില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ല കലക്ടര്‍ ജാഫര്‍ മലിക്, ഡി.എം.ഒ മാരായ ഡോ. കെ സക്കീന, ഡോ. കെ സുശീല,  ഡോ. ഷീബ, ഡപ്യുട്ടി കലക്ടര്‍ ജെ.ഒ.അരുണ്‍, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാല്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
ഇന്ന് ഡോക്സി ഡെ
മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവര്‍ക്കും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ വിതരണം ചെയ്യും. ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് 17) മുതല്‍ എല്ലാ ശനിയാഴ്ചകളിലും ഡോക്സി ഡെ ആയി ആചരിക്കും. ഈ ദിവസം ജില്ലയിലെ എല്ലാ ഗവണ്‍മെന്റ് ആശുപത്രികളിലും, പ്രധാനപ്പെട്ട പ്രൈവറ്റ് ആശുപത്രികളിലും, ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും, പ്രളയ ക്യാമ്പുകളിലും, ഓട്ടോ, ടാക്‌സി സ്റ്റാന്റ് എന്നിവിടങ്ങളിലും ഡോക്‌സി ബൂത്തുകള്‍ തുറന്ന് മരുന്നുകള്‍ വിതരണം ചെയ്യും. ഇതിനാവശ്യമായ മരുന്നുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. വീട്ടില്‍ കഴിയുന്ന സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും മരുന്ന് നേരിട്ടെത്തി വിതരണം ചെയ്യും. പ്രളയം ബാധിക്കാത്ത മേഖലയിലും പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഉറവിട ശുചീകരണമടക്കമുള്ളവ ഈ മേഖലയില്‍ നടക്കും. പ്രളയ ബാധിത മേഖലയില്‍ കൂടുതല്‍ ഊര്‍ജിത പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. മലിനജലവുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കം തുടരുന്നവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരും തുടര്‍ന്നുള്ള ആഴ്ചകളിലും ഡോക്‌സി ബൂത്തുകളില്‍നിന്ന് ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുകയും എലിപ്പനി എന്ന മാരക രോഗത്തിനെതിരെ പ്രതിരോധം നേടേണ്ടതുമാണ്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവധിയില്ല
അത്യാവശ്യഘട്ടത്തിലല്ലാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവധി അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു. അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം. അത്യാവശ്യഘട്ടത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസറുടെ ശുപാര്‍ശയുണ്ടെങ്കില്‍ അവധി അനുവദിക്കും. ഡോക്ടര്‍മാര്‍ കൃത്യമായി സേവനം നല്‍കണം. സേവനം നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 311 പുതിയ താത്കാലിക നിയമനം
പ്രളയബാധിത മേഖലയില്‍ സേവനം നല്‍കുന്നതിനായി ജില്ലയില്‍ 311 പേരെ പുതുതായി നിയമിക്കും. മൂന്ന് മാസത്തേക്ക് താത്കാലികമായാണ് നിയമനം നടത്തുക. ഡോക്ടര്‍, കൗണ്‍സിലര്‍, നഴ്സ് തുടങ്ങിയവരെയാണ് നിയമിക്കുക. പ്രളയബാധിത മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പുവരുത്താനാണ് നിയമനം.
സ്‌കൂള്‍ കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പാക്കും
വെള്ളം കയറിയ സ്‌കൂള്‍ കെട്ടിടം സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. തദ്ദേശസ്ഥാപന എഞ്ചിനിയര്‍ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമേ കെട്ടിടം ഉപയോഗിക്കാവൂ. ഇക്കാര്യത്തില്‍ ഡപ്യുട്ടി ഡയരക്ടര്‍ സൂഷ്മത പുലര്‍ത്തണം. സുരക്ഷിതമല്ലെങ്കില്‍ പകരം സംവിധാനം ഒരുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. കുടിവെള്ളം ശുദ്ധമാണെന്നും വെള്ളം കയറിയ ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
കുട്ടികളുടെയും പ്രായമായവരുടെയും അവകാശം സംരക്ഷിക്കും
ദുരിതബാധിതരായ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ പഠനം തുടരുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കും. സ്‌കൂളുകളില്‍ പ്രത്യേക കൗണ്‍സിലിങ് അടക്കമുള്ളവ നടത്തുമെന്നും മന്ത്രി പറഞ്ഞു. ക്യാംപുകളില്‍ കഴിയുന്ന പ്രായമായവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നുണ്ട്. പ്രളയത്തില്‍ സഹായ ഉപകരണങ്ങള്‍ നഷ്ടമായ 60 വയോജനങ്ങള്‍ക്ക്  ഇവ നല്‍കിയതായും മന്ത്രി പറഞ്ഞു.
വെള്ളം കയറിയ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തരുത്
വെള്ളം കയറിയ അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു. ഇത്തരം അരിയും ധാന്യങ്ങളും ശാസ്ത്രീയമായി നശിപ്പിക്കണം. റേഷന്‍ കടകള്‍ നനഞ്ഞു കുതിര്‍ന്ന സാധനങ്ങള്‍ വില്‍പ്പന നടത്തരുത്.. വില്‍പ്പന നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. അംഗന്‍ വാടികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. ഇവ പരിശോധന നടത്തുന്നതിന് സപ്ലൈ ഓഫീസറോടും സാമൂഹ്യ നീതി ഓഫിസറോടും നിര്‍ദ്ദേശിച്ചു.
24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം തുറന്നു
പ്രളയാനന്തരം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനങ്ങള്‍ക്ക് പകര്‍ച്ചവ്യാധി സംബന്ധമായ കാര്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം.ഫോണ്‍-0483-2737587.

 

date