Skip to main content

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് യഥേഷ്ട തുക ചെലവഴിക്കാം

ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ തുക ചെലവഴിക്കുന്നതിന് അനുമതിയുണ്ടെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങളില്‍ ഗുരുതരമായ സാക്രമിക രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവ തടയുന്നതിന് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുക വിനിയോഗിക്കാം. പ്രളയദുരന്ത ബാധിതരുടെ പുനരധിവാസം, കുടിവെള്ളം ലഭ്യമാക്കല്‍, തകര്‍ന്ന തദ്ദേശ സ്ഥാപനങ്ങളുടെയും ഘടകങ്ങളുടെയും നിര്‍മ്മാണം, സംരക്ഷണം എന്നിവക്ക് തനത് ഫണ്ടില്‍ നിന്ന് യഥേഷ്ടം പണം ചെലവഴിക്കുന്നതിനാണ് ഉത്തരവ്. പ്രളയക്കെടുതിയോടനു ബന്ധിച്ചുള്ള പുനരധിവാസ നടപടികള്‍ക്കായി ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്താം. അടിയന്തര ഘട്ടങ്ങളില്‍ ജനറേറ്ററുകള്‍ വാടകയ്ക്ക് എടുക്കല്‍, വെളിച്ചം നല്‍കുന്നതിനുള്ള സംവിധാനങ്ങള്‍,മറ്റ് രക്ഷാ ഉപകരണങ്ങള്‍ വാടകയ്ക്ക് എടുക്കാനും തൊഴിലാളികള്‍ക്ക് പ്രതിഫലം നല്‍കാനും  പണം ചെലവഴിക്കാം. ശുചീകരണത്തിനായി വാര്‍ഡ് തലത്തില്‍ വളണ്ടിയേഴ്‌സിന്റെ ടീം രൂപീകരിക്കാനും ശുചീകരണ പ്രവൃത്തികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാടകയ്ക്ക് എടുക്കാനും വാങ്ങാനും അനുമതിയുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും കാര്‍ഷിക കര്‍മ്മസേനയില്‍ നിന്നും  ഉപകരണങ്ങള്‍ പ്രാദേശികമായി സംഘടിപ്പിക്കാവുന്നതും ലഭ്യമായില്ലെങ്കില്‍ അവ വാടകയ്ക്ക് എടുക്കാം. ശുചീകരണത്തിനുള്ള ബ്ലീച്ചിങ് പൗഡര്‍ സ്ഥലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ശേഖരിക്കാനും നിര്‍ദേശം നല്‍കി.

 

date