Skip to main content

ദുരന്ത മേഖലയില്‍ സാന്ത്വനം പകര്‍ന്ന് ആരോഗ്യ മന്ത്രി

ദുരന്തത്തിന്റെ ഓര്‍മകളില്‍ പകച്ചുനില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസവും സാന്ത്വനവുമായി ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിലമ്പൂരിലെത്തി. ഉച്ചയോടെ പോത്തുകല്ലിലെത്തിയ മന്ത്രി ദുരന്തത്തിനരയായി മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടത്തിനായി താത്ക്കാലിക സംവിധാനമൊരുക്കിയ മസ്ജിദുല്‍ മുജാഹിദീന്‍ സന്ദര്‍ശിച്ചു. തുടര്‍ന്നു പോത്തുകല്‍ ആരോഗ്യകേന്ദ്രത്തിലെത്തിയ മന്ത്രി അവലോകന യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ പ്രളയകാല അനുഭവം വെച്ച് ഇത്തവണ കാര്യങ്ങള്‍ നേരത്തെ ആസൂത്രണം ചെയ്തു തുടങ്ങിയിരുന്നുവെന്നു മന്ത്രി പറഞ്ഞു. ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സാന്നിധ്യം ഉറപ്പു വരുത്താനായി. അസൗകര്യങ്ങള്‍ അവഗണിച്ച് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പ് സംഘത്തെയും സന്നദ്ധ പ്രവര്‍ത്തകരെയും മന്ത്രി അഭിനന്ദിച്ചു. പ്രളയാനന്തര കാലത്ത് വരാനിടയുള്ള എലിപ്പനിയുള്‍പ്പെടെയുള്ളവയുടെ വ്യാപനം തടയാന്‍ പ്രതിരോധ മരുന്ന് കഴിച്ചുവെന്നു ഉറപ്പു വരുത്തണമെന്നു മന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്നു കവളപ്പാറയിലെ ദുരന്ത സ്ഥലത്തെത്തിയ മന്ത്രി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നു ഭൂദാനം സെന്റ് ജോര്‍ജ്ജ് ചര്‍ച്ചില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് മന്ത്രിയെത്തിയത്. ക്യാമ്പിലെ കുടുംബങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി ക്യാമ്പിലുള്ളവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നു. അപ്രതീക്ഷിതമായെത്തിയ ദുരന്തത്തില്‍ നിന്നും അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ എല്ലാവരുടെയും സഹകരണവും മന്ത്രി അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ ശക്തി പൊതുജനങ്ങളുടെ സഹകരണമാണ്. അതിജീവനത്തിന് എല്ലാവരുടെയും സഹകരണമാണ് ഈ ഘട്ടത്തില്‍ ആവശ്യം. ക്യാമ്പിലുള്ളവര്‍ക്ക് എന്ത് പ്രയാസമുണ്ടെങ്കിലും ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അറിയിക്കാം. ആരോഗ്യസേവനമടക്കമുള്ള സാധ്യമായ എല്ലാ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഈ ദുരന്തത്തില്‍ നിന്നും നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പി.വി. അന്‍വര്‍ എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുണാകരന്‍പിള്ള, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

 

date