Skip to main content

പുന്നമടയിലെ ഓളങ്ങളിൽ വീണ്ടും ആവേശം  പകർന്ന് ജലരാജാക്കൻമാർ

ആലപ്പുഴ: അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ഓഗസ്റ്റ് 31 ന് അറുപത്തി ഏഴാമത് നെഹ്റു ട്രോഫി വള്ളംകളി നടക്കുമ്പോൾ പുന്നമടയിൽ ജലരാജാക്കൻമാരുടെ തുഴച്ചിൽ പരിശീലനം തകൃതിയായി.  കായൽ പരപ്പിലെ ഓളങ്ങളെ കീറിമുറിച്ച് ആവേശത്തോടെയാണ്  ടീമുകളുടെ പരിശീലന തുഴച്ചിൽ നടക്കുന്നത്. മഴക്കെടുതി മൂലം മാറ്റി വെച്ച വള്ളംകളിക്കായുള്ള പരിശീലനം പല ടീമുകളും  നാല് ദിവസം മുമ്പാണ് പുനരാരംഭിച്ചത്.എൺപതിലധികം തുഴച്ചിൽക്കാരാണ് ഒരോചുണ്ടൻ വള്ളങ്ങളിലുമുള്ളത്. രാവിലെയും, വൈകിട്ടും രണ്ടു മണിക്കൂർ വീതമാണ് തുഴച്ചിൽ പരിശീലനം. വള്ളത്തിൽ പരിശീലനത്തിനു പോകുന്നതിനു മുമ്പ് കായികമായി അഭ്യസംനടത്തി, ശരീരവും, മനസും പാകപ്പെടുത്തിയെടുക്കുന്നു. കുട്ടനാട്ടിലെ മുക്കിലും മൂലയിലും വള്ളംകളിയുടെ ചർച്ചകളാണ് ഇപ്പോൾ. കാത്തിരുന്ന പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് പുന്നമട വീണ്ടും.

(ചിത്രമുണ്ട്)

നെഹ്രു ട്രോഫി വള്ളംകളി ബ്ലൂ വാരിയേഴ്‌സിന്റെ ജഴ്‌സി

 പ്രകാശനം ചെയ്തു

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളി കാണാനെത്തുന്ന ഭിന്നശേഷിക്കാരായ അതിഥികളെ സഹായിക്കുവാൻ നിയോഗിച്ചിട്ടുള്ള ബ്ലൂ വാരിയേഴ്‌സിന്റെ ജഴ്‌സി ജില്ലാ കളക്ടർ ഡോ.അദീല അബ്ദുള്ള പ്രകാശനം ചെയ്തു.  കളക്ടറേറ്റിൽ നടന്ന ചടങ്ങിലാണ് ജഴ്‌സി പ്രകാശനം ചെയ്തത്.  അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണർ ഷിൻസ്.ഡി.യുടെ നേതൃത്വത്തിൽ ഗ്രാമവികസന വകുപ്പിലെ ജീവനക്കാരാണ് ബ്ലൂ വാരിയേഴ്‌സ് വാളണ്ടിയർമാരായി പ്രവർത്തിക്കുന്നത്. 

(ചിത്രമുണ്ട്) 

മടവീഴ്ച: പുറം ബണ്ടിന്റെ നിർമ്മാണം
അവസാന ഘട്ടത്തിലേക്ക്

· കനകാശ്ശേരി, വലിയതുരുത്ത് പാടശേഖരത്തിലെ പുറം ബണ്ടിന്റെ നിർമ്മാണം പൂർത്തിയായി

ആലപ്പുഴ: മടവീഴ്ചയുണ്ടായ കുട്ടനാട്ടിലെ കൈനകരി, ആറു പങ്ക്  പാടശേഖരത്തിന്റെ പുറം ബണ്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുന്നു. ചാക്കുകെട്ടുകളിൽ മണൽ നിറച്ചാണ് മടവീഴ്ചയുണ്ടായ പാടശേഖരങ്ങളുടെ പുറം ബണ്ട് നിർമ്മിക്കുന്നത്.കനകാശ്ശേരി, വലിയതുരുത്ത് പാടശേഖരത്തിലെ പുറം ബണ്ടിന്റെ നിർമാണം പൂർത്തിയായി.
57000 മണൽ ചാക്കുകളാണ്  ഇതിനായി ഉപയോഗിച്ചത്. 25 അടി താഴ്ചയിൽ 20 മീറ്റർ വീതിയിലും 40 മീറ്റർ നീളത്തിലുമാണ് ബണ്ടിന്റെ നിർമ്മാണം.മണൽ ചാക്ക് നിറച്ച് ഇരു വശത്തും ചെളി, ഈരക്കാട് എന്നിവയും നിറച്ചാണ് ബണ്ടിനെ ബലപ്പെടുത്തുക. മൂന്ന് പാടശേഖരങ്ങളിലുമായുള്ള 500എക്കർ സ്ഥലത്ത് 45 ദിവസം പ്രായമായ നെൽചെടികളാണ് വെള്ളം കയറി നശിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്കാവശ്യമായ മണൽ തോട്ടപ്പള്ളിയിൽ നിന്നും ടോറസ് ലോറികളിലാണ് ആലപ്പുഴ ദേശീയ ജലപാതാ ടെർമിനലിൽ എത്തിച്ചത് .  

രണ്ട് ഘട്ടമായാണ് പുറം ബണ്ട് ബലപ്പെടുത്തുന്ന ജോലികൾ പുരോഗമിച്ചു വരുന്നത്. ഒന്നാം ഘട്ടം ചാക്കിലേക്ക് മണൽ നിറയ്ക്കുന്ന പ്രവർത്തനങ്ങൾ ദേശീയ ജലപാതാ ടെർമിനലിലാണ് നടക്കുന്നത്. മടവീഴ്ചയുണ്ടായ പാടശേഖരങ്ങളുടെ പുറം ബണ്ടിൽ താമസിക്കുന്ന സ്ത്രീകൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങി ഒട്ടേറെ ആളുകളാണ്  മണൽ ചാക്ക് നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നത്.സന്നദ്ധ സംഘടനാ പ്രവർത്തകരും സഹായത്തിനുണ്ട്. ഇവിടെ നിന്നും മണൽ ചാക്കുകൾ പാടശേഖരങ്ങളിൽ എത്തിക്കുന്നതിനായി നാലു  ബാർജ്ജുകളും ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കായി 40 പേരടങ്ങുന്ന സംഘമാണ് ബണ്ട് നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ളത്. രാവിലെ 8 മുതൽ വൈകിട്ട് 6 മണി വരെ ഇരുപത് പേരടങ്ങുന്ന സംഘം അര മണിക്കൂർ ഷിഫ്റ്റായാണ് ബണ്ട് നിർമ്മാണത്തിനായി പ്രവർത്തിക്കുന്നത്. പത്തുപേർ ഒരെ സമയം മുങ്ങാംകുഴിയിട്ട് മണൽ ചാക്ക് അടിത്തട്ടിൽ വരെ കൃത്യമായി നിറച്ചാണ് ബണ്ടിന്റെ നിർമ്മാണം. ടെർമിനലിൽ നിന്നും ആറു പങ്കിലേക്ക് ഒന്നര മണിക്കൂർ യാത്ര ഉണ്ട്. ഇത് വരെ 20000 ചാക്കു മണലുകളാണ്  ആറു പങ്കിൽ ഇത് വരെ എത്തിച്ചത്. നാളെ പമ്പിങ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളും നടത്തി വരുന്നുണ്ട്. മടവീഴ്ചയുണ്ടായ ബണ്ടുകൾ ഇത്രയും വേഗത്തിൽ ചെളികുത്തുന്നതിന് സർക്കാർ യുദ്്ധകാല അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കുകയായിരുന്നു. മുമ്പ് മൂന്നുമാസം എടുത്ത് ചെയ്തിരുന്ന ജോലിയാണ് ദിവസങ്ങൾക്കുള്ളിൽ ഇവിടെ പൂർത്തിയായി വരുന്നത്.

date