Skip to main content

ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരവ്

       ജില്ലയിലെ ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്തനിവാരണസേനാംഗങ്ങളെ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചതോടെയാണ് ക്യാംപിലേക്ക് മടങ്ങുന്ന സേനാംഗങ്ങളെ ആദരിച്ചത്. മൂന്നു സംഘങ്ങളായി 83 സേനാംഗങ്ങളാണ് 18 ദിവസം നീണ്ടു നിന്ന  തെരച്ചിലില്‍ പങ്കെടുത്തത്.  കവളപ്പാറക്കു പുറമെ മാഞ്ചീരി കോളനി, വാണിയമ്പുഴ കോളനി തുടങ്ങിയ പ്രദേശങ്ങളിലുണ്ടായ ദുരന്തങ്ങളിലും സ്തുത്യാര്‍ഹമായ സേവനമാണ് സേന കാഴ്ച വെച്ചത്.
     പ്രളയക്കെടുതിയില്‍ നിന്ന് നാടിനെ സംരക്ഷിച്ചതില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ പങ്ക് ജില്ല ഒരിക്കലും മറക്കില്ലെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ് നടന്ന ആദരിക്കല്‍ ചടങ്ങില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. സേനാഗംങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരമായി പ്രശസ്തിപത്രവും മെമന്റോയും കലക്ടര്‍ സമ്മാനിച്ചു. പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സേനവിഭാഗങ്ങളുടെ സേവനവും അവരോടുള്ള നന്ദിയും നാട് മനസ്സില്‍ സൂക്ഷിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
       സംസ്ഥാനം നേരിട്ട വളരെ വ്യാപ്തിയുള്ള ദുരന്തമായിരുന്നു കവളപ്പാറയിലേത്. ഇത്രയും ദുര്‍ഘടമായ മേഖലയില്‍ നിന്നും 11 പേരൊഴികെ മറ്റുള്ളവരെയെല്ലാം കണ്ടെത്താന്‍ കഴി്ഞ്ഞു എന്നുള്ളത് വിവിധ സേനകളും ഉദ്യോഗസ്ഥരും നാട്ടുകാരും സന്നദ്ധ സംഘടനകളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണെന്ന് മറുപടി പ്രസംഗം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന ഡെപ്യൂട്ടി കമാന്‍ഡന്റ് വിനോജ് ജോസഫ് പറഞ്ഞു.
   അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എ.ഡി.എം എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാരായ പി.എന്‍ പുരുഷോത്തമന്‍, ഡോ. ജെ.ഒ അരുണ്‍, അബ്ദുല്‍ സമദ്, നിലമ്പൂര്‍ തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

date