Skip to main content

പ്രളയം ബാല ക്ഷേമ സമിതി പ്രത്യേക സിറ്റിങ് നടത്തി

     പ്രളയ ദുരന്തത്തില്‍പ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും നിയമബോധവത്കരണങ്ങള്‍ക്കും നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി ജില്ലാ ബാലക്ഷേമ സമിതി നിലമ്പൂരില്‍ പ്രത്യേക സിറ്റിങ് നടത്തി. സിറ്റിങ്ങില്‍  11 കേസുകളില്‍ തീര്‍പ്പ് കല്പിച്ചു.  പ്രകൃതി ക്ഷോഭത്തെ തുടര്‍ന്നു  കിടപ്പാടം നഷ്ടപ്പെട്ടു സാമൂഹ്യ സ്ഥാപനത്തില്‍  പ്രവേശിപ്പിച്ചിരുന്ന  കുടുംബത്തിനെ മാറ്റി താമസിപ്പിക്കാന്‍ തീരുമാനിച്ചു.
    മൈലാടി സ്വദേശിനിയായ പൂര്‍ണ്ണ ഗര്‍ഭിണിയെയും അഞ്ചും മൂന്നും വയസ്സായ കുട്ടികളെയും എടവണ്ണ പോലീസിന്റെ അപേക്ഷ പ്രകാരം രണ്ടത്താണി ശാന്തി ഭവനില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ സ്ത്രീ കുഞ്ഞിന് ജ•ം നല്‍കുകയും ചെയ്തിരുന്നു. ഇവര്‍ പുതിയ സ്ഥലത്തേക്ക് താമസം മാറും.  കവളപ്പാറ ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട് മാതാവിന്റെ വീട്ടില്‍ താമസിക്കുന്ന കുട്ടിക്ക് ബാല നീതി നിയമം നിഷ്‌കര്‍ഷിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി ധന സഹായം നല്‍കാന്‍ ശിശു സംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. ധന സഹായം ലഭ്യമാവും വരെ കുട്ടിയുടെ പഠന ചെലവ് മലപ്പുറം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
   സിറ്റിങ്ങില്‍ ബാല ക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. ഷാജേഷ് ഭാസ്‌കര്‍,  അംഗങ്ങളായ അഡ്വ. സി. സി. ദാനദാസ്, കെ. പി. തനൂജ ബീഗം,  അഡ്വ.  ഷീന രാജന്‍, അഡ്വ. ഷഹനാസ് ബീഗം, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
സിറ്റിങ്ങിനു ശേഷം മുണ്ടേരി ട്രൈബല്‍ സ്‌കൂള്‍, മാമ്പറ്റ ഗവ. എല്‍. പി  സ്‌കൂള്‍ എന്നിവിടങ്ങളിലേക്കുള്ള ചൈല്‍ഡ് ലൈനിന്റെ സ്‌കൂള്‍ കിറ്റുകളുടെ വിതരണം നടന്നു.

 

date