Skip to main content

ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക്   സ്റ്റാര്‍ട്ടപ്പ് വായ്പാ പദ്ധതി

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിന് വായ്പാ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം  പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. അഞ്ച് ലക്ഷം രൂപവരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 10 ലക്ഷം രൂപവരെ ഏഴ് ശതമാനം പലിശനിരക്കിലും 10 ലക്ഷം രൂപയ്ക്ക് മുകളില്‍ എട്ട് ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍( എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബിആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബിഫാം, ബയോടെക്‌നോളജി, ബി.സി.എ, എല്‍.എല്‍.ബി, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്,  ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതലയാവ) വിജയകരമായി പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല. പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. വായ്പ തുകയുടെ 20 ശതമാനം പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. താല്‍പര്യമുള്ള പ്രൊഫഷണലുകള്‍  www.ksbcdc.com  എന്ന വെബ്‌സൈറ്റ് വഴി സെപ്തംബര്‍ 20നകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫഷണലുകളെ സെപ്തംബര്‍ 30നകം കോര്‍പ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ ഉപജില്ലാ ഓഫീസില്‍ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖത്തിന്റെ തീയതി എസ്.എം.എസ്/ ഇ മെയില്‍ മുഖേന അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.ksbcdc.com 

date