Skip to main content

എംഎൽഎ ഫണ്ട്:  അവലോകനയോഗം

 

 

ജില്ലയിലെ  എംഎൽഎമാരുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പ്രവൃത്തികളുടെ പുരോഗതി സംബന്ധിച്ചുള്ള അവലോകന യോഗം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ഭരണാനുമതി ലഭിച്ച പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തികരിക്കാനും ബിൽ  എത്രയും വേഗം സമർപ്പിക്കാനും കലക്ടർ നിർദേശിച്ചു. കുടിവെള്ള പദ്ധതികൾ അടിയന്തിരമായി പൂർത്തികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ സീനിയർ ഫിനാൻസ് ഓഫീസർ എം കെ രാജൻ, എം എൽ എ മാരുടെ പ്രതിനിധികൾ, വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

പുറക്കാട്ടിരിയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കോംപ്ലക്സ് സ്ഥാപിക്കുന്നു

 

പുറക്കാട്ടിരിയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കോംപ്ലക്‌സ്  സ്ഥാപിക്കുന്നു. നിലവില്‍ ഭട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയുര്‍വേദ ആശുപത്രി  പരിമിതമായ സ്ഥലത്താണ് പ്രവര്‍ത്തിക്കുന്നത്. പുരുഷന്‍മാരും , സ്ത്രീകളുമായി 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉള്ളത്. 10 നിലയില്‍  ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നതിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ജില്ലാ പഞ്ചായത്ത് ആവിഷ്‌കരിച്ചു കഴിഞ്ഞു. പഠന വൈകല്യമുള്ള കുട്ടികളെ ചികിത്സിക്കുന്ന എ.സി.എസ് മെമ്മോറിയല്‍ ചൈല്‍ഡ് ആന്‍ഡ് അഡൽട്ട്  കെയർ  (സ്പന്ദനം ) പദ്ധതിക്കും കെട്ടിട സമുച്ചയം നിര്‍മ്മിക്കും. ആദ്യ ഘട്ടത്തില്‍ നാല്   നിലയോട് കൂടിയ കെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകരിച്ചു.

രണ്ട്  സ്ഥാപനങ്ങള്‍ക്കും താഴെത്തെ നിലയുടെ നിര്‍മ്മാണം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട്  കോടി രൂപ ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. കൂടുതല്‍ രോഗികളെയും കുട്ടികളെയും കിടത്തി ചികിത്സിക്കാനാവശ്യമായ വാര്‍ഡുകള്‍ ഉള്‍പ്പെടുത്തുന്നതാണ് പുതിയ ആശുപത്രി സമുച്ചയം. നാല്  ഏക്കര്‍ ഭൂമിയിലാണ് ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നത് .

 

ക്ഷീരോത്പാദന വര്‍ദ്ധനവിനായി സമഗ്ര ജില്ലാ പദ്ധതി 

 

 ജില്ലാ പഞ്ചായത്തിന്റെ ക്ഷീരഗ്രാമം പദ്ധതിയിൽ  ഗ്രാമ പഞ്ചായത്ത് വിഹിതം കൂടി  കൂട്ടി ചേര്‍ത്ത് 901 കര്‍ഷകര്‍ക്ക് പുതിയ പശുവിനെ വാങ്ങിക്കാനും അവരുടെ കുടുംബവരുമാനം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് സമഗ്ര ജില്ലാ പദ്ധതി  തുടങ്ങുമെന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബാബു പറശ്ശേരി അറിയിച്ചു. പദ്ധതിയില്‍ ചേരുന്നവര്‍ക്ക് ശുചിത്വമാര്‍ന്ന തൊഴുത്ത് നിര്‍മ്മാണവും  കമ്പോസ്റ്റ് സ്ഥാപിച്ച് വള നിര്‍മാണവും പശുക്കള്‍ക്ക് ആവശ്യമായ ധാതുലവണങ്ങള്‍ നല്‍കുന്ന പദ്ധതിയും ഉള്‍പ്പെടുത്തി കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പശുവിനെ വാങ്ങുകയും മില്‍ക്ക് ഇന്‍സന്റീവ് നല്‍കുകയും ചെയ്യുന്ന ചുമതല ഡയറി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിനാണ്. ധാതു ലവണങ്ങള്‍ നല്‍കുന്നത് വെറ്ററിനറി വകുപ്പ് മുഖേനയും തൊഴുത്ത് നിര്‍മ്മാണം തൊഴിലുറപ്പ് പദ്ധതിയിലും വള നിര്‍മ്മാണം കമ്പോസ്റ്റ് കൃഷി മേഖലയിലും സംയോജിപ്പിച്ചാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കുക. വിവിധ സംയോജന പദ്ധതി വഴി 15 കോടി രൂപ ഈ ജില്ലാ പദ്ധതിക്കായി വിനിയോഗിക്കും. ജില്ലാ ആസൂത്രണ സമിതി ഈ സംയോജിത പദ്ധതിക്ക് ഡി പി ആര്‍ തയ്യാറാക്കാന്‍ വിവിധ വകുപ്പ് തലവന്‍ മാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ഈ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കും.

 

ലഹരി വിമുക്ത ജില്ലക്കായി ക്വിറ്റ് ടു കെയര്‍ പരിപാടി ഊര്‍ജ്ജിതമാക്കും

 

ജില്ലയിലെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം കുറക്കാന്‍ ക്വിറ്റ് ടു കെയര്‍ പരിപാടി ശക്തിപ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. പരിപാടിയുടെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വിദ്യാലയങ്ങളില്‍  ലഹരി വിമുക്ത ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും. പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ സ്‌കൂളുകളില്‍ ക്വിറ്റ് ടു കെയര്‍ വളണ്ടിയര്‍മാരെ നിയമിക്കാനും തീരുമാനമായി. 

ക്വിറ്റ്ടു കെയര്‍ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി   ജില്ലാ കലക്ടര്‍ സാംബശിവറാവുവിന്റെ അധ്യക്ഷതയില്‍  കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദേശീയ ആരോഗ്യദൗത്യവും പോലീസ്, എക്സൈസ്, വിദ്യാഭ്യാസവകുപ്പുകളെയും ഉള്‍പ്പെടുത്തി നടത്തിവരുന്ന ക്വിറ്റ് ടു കെയര്‍ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍, വിവിധ വകുപ്പുകളുമായി  യോജിപ്പിച്ച് ഭാവിയില്‍ നടത്തേണ്ട പരിപാടികള്‍ എന്നിവയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. 

പോലീസ്, എക്സൈസ് വിഭാഗങ്ങള്‍ ചേര്‍ന്ന ക്വിക്ക് ആക്ഷന്‍ ടീം രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 2020 ഓടുകൂടി കോഴിക്കോട് ജില്ലയെ 'ലഹരി വിമുക്ത ജില്ലയായി'പ്രഖ്യാപിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

യോഗത്തില്‍ എക്സൈസ്ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ നര്‍ക്കോട്ടിക്ക് സെല്‍ അസ്സിസ്റ്റന്റ് കമ്മീഷണര്‍ പി.സി ഹരിദാസന്‍, ഡിസ്ട്രിക്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി ഉണ്ണികൃഷ്ണന്‍, സാമൂഹ്യ നീതി ഓഫീസര്‍ ഷീബ മുംതാസ്, ചേവായൂര്‍ എ.ഇ.ഒ ഹെലന്‍ ഹെന്‍സെന്റ്, ക്വിറ്റ്ടുകെയര്‍ പ്രവര്‍ത്തകന്‍ ഏകനാഥന്‍, ഗ്രീന്‍ എന്‍വയോണ്‍മെന്റ് പ്രവര്‍ത്തകന്‍ പ്രമോദ് മണ്ണാടത്ത്, എന്‍.ടി.സി.പി സോഷ്യല്‍വര്‍ക്കര്‍  അഞ്ജിത ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

 

ഒ.ബി.സി.പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്; വിവരങ്ങള്‍ സമര്‍പ്പിക്കണം

 

പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഒ.ബി.സി.പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ഗവ/എയ്ഡഡ് സ്‌കൂളുകളില്‍ 2015-16, 2016-17, 2017-18 വര്‍ഷങ്ങളില്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടും തുക ലഭിക്കാത്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പ്രധാനാധ്യാപകര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കണം.  മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് - 673020 എന്ന വിലാസത്തിലാണ് വിവരം ലഭ്യമാക്കേണ്ടതെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.  ഫോണ്‍ : 0495 2377786, 2377796.

 

 

ടെണ്ടര്‍ ക്ഷണിച്ചു

 

മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസ കേന്ദ്രമായ ഫറോക്ക് താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ വാഹനസൗകര്യം (ഡ്രൈവര്‍ സഹിതം) ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്തംബര്‍ 23 ന് രാവിലെ 10.30. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ സ്ഥാപനത്തില്‍ നിന്നും ലഭിക്കും.

 

 

കുടുംബശ്രീയില്‍ റിസോഴ്സ് പേഴ്സണ്‍ അപേക്ഷ ക്ഷണിച്ചു

 

കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ സ്മാര്‍ട്ട് അഗ്രി വില്ലേജ് റിസോഴ്സ് പേഴ്സണ്‍, ഓര്‍ഗാനിക് ഫാമിങ്  റിസോഴ്സ് പേഴ്സണ്‍ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.  
കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ നിന്ന് അഗ്രികള്‍ച്ചറല്‍ സയന്‍സിലോ, ഓര്‍ഗാനിക് അഗ്രികള്‍ച്ചറിലോ ഡിപ്ലോമ നേടിയവരോ, കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തുന്ന  വി.എച്ച്.എസ്.സി അഗ്രിക്കള്‍ച്ചര്‍ കഴിഞ്ഞവര്‍ക്കുള്ള ഫിനിഷിങ് സ്‌കൂള്‍ പ്രോഗ്രാം വിജയിച്ചവരോ, ജൈവകൃഷിയുമായി ബന്ധപ്പെട്ട സമാനരീതിയിലുള്ള പ്രോജക്ടുകളില്‍ കേന്ദ്ര/സംസ്ഥാന/പൊതുമേഖല വകുപ്പുകളില്‍ 3 വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവരോ ആയിരിക്കണം. റിട്ടയര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പരിഗണിക്കും. 
ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ക്കും  യാത്ര ചെയ്യുന്നതിനും പരിശീലനങ്ങളില്‍ പങ്കെടുക്കുവാന്‍ തയ്യാറുള്ളവരും 5 വര്‍ഷമെങ്കിലും റിസോഴ്സ് പേഴ്സണായി ജോലി ചെയ്യാന്‍ സന്നദ്ധരായവരും ആയിരിക്കണം അപേക്ഷകര്‍. നേതൃത്വപാടവം, അടിസ്ഥാന കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ് പരിജ്ഞാനം, ഡോക്യുമെന്റേഷന്‍ പരിജ്ഞാനം എന്നിവ ഉണ്ടാവണം.
താത്പര്യമുള്ളവര്‍ ബയോഡേറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 6 ന് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി എത്തണം. ഫോണ്‍: 0495 2373066

 

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ 
വിചാരണ

 

കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എംപ്ലോയിസ് കോമ്പന്‍സേഷന്‍ കമിഷണറും എംപ്ലോയിസ് ഇന്‍ഷുറന്‍സ് ജഡ്ജിയുമായ കെ വി രാധാകൃഷ്ണന്‍ സെപ്തംബര്‍ 3, 17 തിയതികളിലായി കണ്ണൂര്‍ ലേബര്‍ കോടതിയിലും 24ന് തലശ്ശേരി ബാര്‍ അസോസിയേഷന്‍ ബൈ സെന്റിനറി ഹാളിലും 19, 20 തിയതികളില്‍ വയനാട് കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ ഹാളിലും സിറ്റിംഗ് നടത്തും. 27ന് കാസര്‍ഗോഡ് ജില്ലാ ലേബര്‍ ഓഫീസിലും 4,5,6,18 തിയതികളില്‍ കോഴിക്കോട് ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയിസ് കോമ്പന്‍സേഷന്‍ കേസുകളും എംപ്ലോയിസ് ഇന്‍ഷൂറന്‍സ് കേസുകളും വിചാരണ ചെയ്യുമെന്ന് കോഴിക്കോട് ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സെക്രട്ടറി അറിയിച്ചു.

 

ജില്ലാ ആസൂത്രണ സമിതി യോഗം ആറിന്

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭേദഗതി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം സെപ്തംബര്‍ 6 ന് ഉച്ചക്ക് 2 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു.

 

ഭൂമിലേലം 

കുടിശ്ശിക ഈടാക്കുന്നതിനായി താമരശ്ശേരി താലൂക്ക് കൊടുവള്ളി വില്ലേജ് മാനിപുരത്ത് ഏറ്റെടുത്ത റീ.സര്‍വ്വെ 34/1 ബിയില്‍ ഉള്‍പ്പെട്ട 2 സെന്റ് ഭൂമി സപ്തംബര്‍ 7 ന് രാവിലെ 11 മണിക്ക് കൊടുവള്ളി വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

 

 ഫിറ്റ് ഇന്ത്യ:  കൂട്ടയോട്ടം നടത്തി
 

ഫിറ്റ് ഇന്ത്യ മൂവ്മെൻറിനോടനുബന്ധിച്ച് കോഴിക്കോട് സായി കേന്ദ്രവും ദേവഗിരി സെൻറ് ജോസഫ് കോളേജും സംയുക്തമായി കൂട്ടയോട്ടം സംഘടിപ്പിച്ചു . ദേവഗിരി കോളേജിൽ നടന്ന കൂട്ടയോട്ടം രാവിലെ ഏഴിന് ജില്ലാ കലക്ടർ സാംബശിവറാവു ഫ്ലാഗ് ഓഫ് ചെയ്തു.ഡെപ്യൂട്ടി മേയർ മീര ദർശക്,സായി കേന്ദ്രം മേധാവി  ടി എ അഗസ്റ്റിൻ, 

കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ജോസ് ജോൺ മല്ലികശ്ശേരി,    കായികവകുപ്പ് വിഭാഗം മേധാവി ഫാദർ ബോണി അഗസ്റ്റിൻ  തുടങ്ങിയവർ സംസാരിച്ചു.

അപേക്ഷ ക്ഷണിച്ചു

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ മുഖേന നടപ്പിലാക്കുന്ന കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ 2019--20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്, എസ്.സി.യുവതികള്‍ക്ക് വാദ്യോപകരണം, എസ്.സി. യുവതികള്‍ക്ക് ഓട്ടോറിക്ഷ എന്നീ പദ്ധതികളിലേക്ക് അതത് പഞ്ചായത്ത് ഗ്രാമസഭ തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകന്‍ ജാതി, വരുമാനം, തുടങ്ങിയ രേഖകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ ഉടന്‍ അപേക്ഷ സമര്‍പ്പിക്കണം.വിശദവിവരങ്ങള്‍ക്ക്:- 04952370379.

date