Skip to main content

അതിജീവന കേരളത്തിനായി അബുദാബിയില്‍ നിന്നും ഒരു കുഞ്ഞു കൈതാങ്ങ്

    പ്രളയത്തിനെ അതിജീവിക്കുന്ന കേരളത്തിന് അബുദാബിയില്‍ നിന്നും ഒരു കുഞ്ഞുകൈതാങ്ങ്. അബുദാബിയിലെ മയ്യൂര്‍ പ്രൈവറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഫാത്വിമ അല്‍ സഹറ ആണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കുഞ്ഞു സമ്പാദ്യവുമായി അബുദാബിയില്‍ നിന്ന് എത്തിയത്. വര്‍ഷങ്ങളായി കൊച്ചു കുടുക്കയില്‍ സ്വരൂപിച്ച 360 ദിര്‍ഹവും  (എഴായിരം രൂപ) ജില്ലാകലക്ടര്‍ ജാഫര്‍ മലികിന് കലക്ടറേറ്റില്‍ വന്ന് നല്‍കി താരമായിരിക്കുകയാണ് രണ്ടാം ക്ലാസ്സുകാരി. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ തുക ഏറ്റുവാങ്ങി. വേങ്ങര സ്വദേശി ഉപ്പൂപ്പ മുഹമ്മദ് അബ്ബാസിന്റെയും ഉമ്മൂമ്മ ജൂവൈരിയുടെയും ഉമ്മ അജിഷയുടെയും ഒപ്പം എത്തിയാണ് ഫാത്വിമ അല്‍ സഹറ കലക്ടര്‍ക്ക് തുക കൈമാറിയത്.
   വര്‍ഷങ്ങളായി ഉപ്പയും ഉമ്മയും നല്‍കിയ സ്‌നേഹ സമ്മാനങ്ങളായിരുന്നു അവള്‍ കുടുക്കയില്‍ നിക്ഷേപിച്ചിരുന്നത്. പ്രളയകാഴ്ചകള്‍ ടി.വിയിലൂടെയും വീഡിയോകളിലൂടെയും കണ്ടതോടെയാണ് ഏറെ നാളത്തെ തന്റെ കുടുക്ക പൊട്ടിക്കാന്‍ അവള്‍ ആലോചിച്ചത്. അബുദാബിയിലെ ഡിഫന്‍സ് എഞ്ചിനീയറായ തലശ്ശേരി സ്വദേശി കുട്ടിയുടെ ഉപ്പ അബ്ദുല്‍ റഹീമിന്റെയും വേങ്ങര സ്വദേശിനി ഉമ്മ അജിഷയുടെയും പിന്തുണ കൂടി ലഭിച്ചപ്പോള്‍ വെക്കേഷനിന്  നാട്ടില്‍ വരുമ്പോള്‍ തുക നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. വെക്കേഷന്‍ കഴിഞ്ഞ് അടുത്ത മാസം 14ന് കുട്ടി തിരികെ അബുദാബിയിലേക്ക് പുറപ്പെടും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, മെമ്പര്‍മാരായ  വെട്ടം ആലികോയ, പുല്ലാണി സയ്യിദ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

date