Skip to main content

തിരൂരങ്ങാടിയിലെ പ്രളയ പുനരധിവാസം: എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം

  തിരൂരങ്ങാടി മണ്ഡലത്തിലെ പ്രളയക്കെടുതി അവലോകനത്തിനും തുടര്‍ നടപടികള്‍ക്കുമായി പി.കെ അബ്ദുറബ്ബ് എംഎല്‍എയുടെയും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കിന്റെയും നേത്യത്വത്തില്‍ തിരൂരങ്ങാടി നഗരസഭാ കാര്യാലയത്തില്‍ നടന്നു.  ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കര്‍ഷകരും പങ്കെടുത്ത യോഗത്തില്‍  പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് വ്യക്തമാക്കി. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ട പദ്ധതികളില്‍ രണ്ടാഴ്ച്ചക്കകം എസ്റ്റിമേറ്റ് തയ്യാറാക്കി  നല്‍കാനും ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരുന്ന ജില്ലാ തല യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.
   മഴക്കാലത്ത് വെള്ളം കയറി വൈദ്യുതി വിതരണം വിഛേദിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ പരപ്പനങ്ങാടി കരിങ്കല്ലത്താണിയിലെ കെഎസ്ഇബി സബ് സ്റ്റേഷന്‍ ഭിത്തി കെട്ടി മണ്ണിട്ട് ഉയര്‍ത്തണമെന്ന് ആവശ്യം യോഗത്തില്‍ ഉന്നയിച്ചു. കടലുണ്ടിപ്പുഴ വേര്‍പിരിഞ്ഞൊഴുകുന്ന പാലത്തിങ്ങലില്‍ മഴക്കാലത്ത് പുഴ കരകവിഞ്ഞ് ഒഴുകുന്നത് തടയാന്‍ സുരക്ഷാഭിത്തി കെട്ടണമെന്നും കടലുണ്ടിപ്പുഴയില്‍ നിന്ന് മണല്‍ വാരാന്‍ തത്ക്കാലം അനുമതി നല്‍കേണ്ടതില്ലെന്നും യോഗത്തില്‍ ഭൂരിഭാഗം ജനപ്രതിനിധികളും ആവശ്യപ്പെട്ടു. പാലത്തിങ്ങല്‍ ന്യൂകട്ടില്‍ അടിഞ്ഞുകൂടിയ മണല്‍ അടിയന്തരമായി നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നം ആവശ്യമുയര്‍ന്നു. മറ്റ് വിഷയങ്ങളും അതത് മേഖലകളിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ അവതരിപ്പിച്ചു. പുനരധിവാസ നടപടികളുടെയും പദ്ധതി പ്രവര്‍ത്തനങ്ങളുടെയും നിലവിലെ അവസ്ഥ അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളെയും ജില്ലാ കലക്ടറെയും അറിയിച്ചു.    
  അവലോകന യോഗത്തില്‍ തിരൂരങ്ങാടി നഗരസഭാ ചെയര്‍പേഴ്സണ്‍ കെടി റഹീദ, വൈസ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ കുട്ടി, പരപ്പനങ്ങാടി നഗരസഭാ ചെയര്‍പേഴ്സണ്‍ വിവി ജമീല ടീച്ചര്‍, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റര്‍, മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, റവന്യൂ, കെഎസ്ഇബി, ജലസേചന വകുപ്പ്,  പൊതുമരാമത്ത് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി, വാട്ടര്‍ അതോറിറ്റി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

date