Skip to main content

പ്രളയാനന്തര പുനനിര്‍മ്മാണം കോട്ടക്കല്‍ മണ്ഡലം അവലോകന യോഗം ചേര്‍ന്നു

 

    കോട്ടക്കല്‍ മണ്ഡലത്തിലെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുള്ള നഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും പുനനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുമായി പ്രൊഫ. കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കോട്ടയ്ക്കല്‍ നഗരസഭാ കാര്യാലയത്തില്‍ അവലോകനം യോഗം ചേര്‍ന്നു. പ്രധാന തോടുകളിലെ കൈയ്യേറ്റം കണ്ടെത്താന്‍ ജില്ലാ തലത്തില്‍ സര്‍വ്വേ നടത്തണമെന്ന് യോഗത്തില്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സംസ്ഥാന ദുരന്തനിവാരണ നിധി (എസ്.ഡി.ആര്‍.എഫ്) യില്‍ നിന്നും തുക അനുവദിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്താന്‍ സാധിക്കുമോ എന്ന കാര്യം പരിശോധിക്കണം. പ്രളയത്തില്‍ വ്യാപാരികള്‍ക്കുണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കണം. തൂതപ്പുഴ, കടലുണ്ടിപ്പുഴ തുടങ്ങിയവയുടെ തീരങ്ങള്‍ സംരക്ഷിക്കാന്‍ ഭിത്തി കെട്ടണമെന്നും എം.എല്‍.എ ആവശ്യ്‌പ്പെട്ടു. പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഉടന്‍ ലഭ്യമാക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് വ്യക്തമാക്കി. ജനപ്രതിനിധികള്‍ ആവശ്യപ്പെട്ട പദ്ധതികളില്‍ ഉടന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരുന്ന ജില്ലാ തല യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. പുനരധിവാസ നടപടികളുടെയും പദ്ധതി പ്രവര്‍ത്തനങ്ങളുടെയും നിലവിലെ അവസ്ഥ അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളെയും ജില്ലാ കലക്ടറെയും അറിയിച്ചു.
കോട്ടയ്ക്കല്‍ നഗസസഭാ ചെയര്‍മാന്‍ കെ.കെ നാസര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ബുഷറ ഷെബീര്‍, വളാഞ്ചേരി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ റുഫീന, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ റഹ്മാന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.സി ഷമീല (കുറ്റിപ്പുറം), വി.കെ റജുല (ഇരിമ്പിളിയം), വി. മധുസൂദനന്‍ (മാറാക്കര), കെ. മൊയ്തീന്‍ (പൊ•ള), തിരൂര്‍ തഹസില്‍ദാര്‍ ടി. മുരളി, റവന്യൂ, ജലസേചന വകുപ്പ്,  പൊതുമരാമത്ത് വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി, വാട്ടര്‍ അതോറിറ്റി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

 

date