Skip to main content
മണക്കാട് ഗ്രാമപഞ്ചായത്തില്‍  പാലിയേറ്റിവ് കുടുംബസംഗമത്തിന്റെയും ഓണകിറ്റ് -ഓണക്കോടി വിതരണത്തിന്റെയും  ഉദ്ഘാടനം മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍ നിര്‍വഹിക്കുന്നു.

പാലിയേറ്റിവ് കുടുംബസംഗമവും ഓണകിറ്റ് -ഓണക്കോടി വിതരണവും നടത്തി

തൊടുപുഴ മണക്കാട് ഗ്രാമപഞ്ചായത്തും  പ്രാഥമികാരോഗ്യ കേന്ദ്രവും  സംയുക്തമായി പാലിയേറ്റിവ് കുടുംബസംഗമവും ഓണകിറ്റ് -ഓണക്കോടി വിതരണവും നടത്തി.  ചിറ്റൂര്‍ ഗവണ്മെന്റ് എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സ ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ബി അധ്യക്ഷനായിരുന്നു. പരിപാടിയോടനുബന്ധിച്ച് പഞ്ചായത്തിലെ പാലിയേറ്റിവ് രോഗികളുടെ കുടുംബസംഗമവും വിവിധ കലാപരിപാടികളും അരങ്ങേറി. പഞ്ചായത്തിന്റെ പരിധിയിലെ 60 കുടുംബങ്ങള്‍ക്ക് 1000 രൂപ വിലവരുന്ന ഓണകിറ്റും 40 കുടുംബങ്ങള്‍ക്ക് ഓണക്കോടിയും നല്‍കി.

മണക്കാട് പഞ്ചായത്തിലെ പി.എച്ച്.സിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പാലിയേറ്റിവ് കെയര്‍ യൂണിറ്റില്‍ 200 രോഗികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കിടപ്പുരോഗികളും ക്യാന്‍സര്‍ രോഗികളുമായി 104 പേര്‍ക്കും വീടുകളില്‍ പോയി സഹായം നല്‍കിവരുന്നു. ഇതിനായി ഒരു നഴ്‌സിന്റെ സേവനം രോഗികള്‍ക്ക് ലഭ്യമാണ്. കൂടാതെ എല്ലാ മാസങ്ങളിലും സാമ്പത്തികമായി തീര്‍ത്തും പിന്നോക്കമായ 12 പാലിയേറ്റിവ് കുടുംബങ്ങള്‍ക്ക് ഫുഡ് കിറ്റും നല്‍കിവരുന്നുണ്ട്.

മെഡിക്കല്‍ ഓഫീസര്‍ ഡോ.രാഹുല്‍ രാഘവന്‍, പാലിയേറ്റിവ് നേഴ്‌സ് ഷിജ മനോജ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിന്‍സി ജോമോന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ജോര്‍ജ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റെജി ദിവാകരന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷീന ഹരിദാസ്, ഷൈനി ഷാജി, ലീലാമ്മ ജോസ്, ശോഭന രാധാകൃഷ്ണന്‍, ഉഷാകുമാരി സന്തോഷ്‌കുമാര്‍, സന്തോഷ് പത്മനാഭന്‍, ക്ലമന്റ് ഇമ്മാനുവല്‍, റ്റിസി ജോബ്, ജോയി ജോസഫ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആശ സന്തോഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മഹേഷ് സി എസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

date