Skip to main content

മഞ്ചേരിയിലെ ഗതാഗത പരിഷ്‌ക്കണം സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാക്കും

മഞ്ചേരിയിലെ പുതിയ ഗതാഗത പരിഷ്‌കരണം സെപ്തംബര്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്ന്  ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. പുതിയ പരിഷ്‌കരണവുമായി  ബസ് ഉടമകളും തൊഴിലാളികളും യാത്രക്കാരും സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന ട്രാഫിക് റഗുലേറ്ററിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഗതാഗത പരിഷ്‌കരണങ്ങള്‍  കാര്യക്ഷമമായും കര്‍ശനമായും നടപ്പാക്കാന്‍ മഞ്ചേരി നഗരസഭയെയും ആര്‍.ടി.ഒയെയും പൊലീസിനെയും ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കാലം  തിരക്ക് ഒഴിവാക്കാനുള്ള  നടപടികള്‍ പൊലീസ് ഏറ്റെടുത്ത് നിര്‍വഹിക്കും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസും ആര്‍.ടി.ഒയുടെ പട്രോളിങ് വിങും കൈകോര്‍ക്കും. മഞ്ചേരിയിലെ വിവിധ ഏരിയകളിലെ  വാഹനങ്ങളുടെ അനധികൃത പാര്‍ക്കിങുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ നഗരസഭ ചര്‍ച്ച ചെയ്ത് തീരുമാനിക്കും.

  കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ കച്ചേരിപ്പടി ഐ.ജി.ബി.ടി സ്റ്റാന്‍ഡില്‍ നിന്ന്  പുറപ്പെടുന്ന രീതിയിലാണ് മഞ്ചേരിയിലെ പുതിയ ഗതാഗത പരിഷ്‌കരണം. കോഴിക്കോട് നിന്നും മഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന ബസുകള്‍ തുറക്കല്‍ വഴി സെന്‍ട്രല്‍ ജങ്ഷനിലെത്തിയ ശേഷം മഞ്ചേരി മെഡിക്കല്‍ കോളജ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലെത്തും. മഞ്ചേരി ഗേള്‍സ് സ്‌കൂളിന് മുന്നില്‍ യാത്രക്കാരെ ഇറക്കും. എന്നാല്‍ ആളെ കയറ്റാന്‍ അനുവദിക്കില്ല. ഐ.ജി.ബി.ടിയില്‍ നിന്നും തുറക്കല്‍ ബൈപ്പാസ് വഴിയാണ് കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെടുന്നത്.
നെല്ലിപറമ്പ് /നിലമ്പൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസുകള്‍ മഞ്ചേരിയില്‍ എത്തുമ്പോള്‍ ജസീല ജങ്ഷന്‍, രാജീവ് ഗാന്ധി ബൈപ്പാസ്,തുറക്കല്‍ ബൈപ്പാസ് വഴി ഐ.ജി.ബി.ടി സ്റ്റാന്‍ഡില്‍ എത്തണം. തിരികെ പോകുമ്പോള്‍ നിലവിലെ സ്ഥിതി തുടരണം. പാണ്ടിക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്കുള്ള ബസുകള്‍ ചമയം ജങ്ഷന്‍ വഴി സി.എച്ച് ബൈപ്പാസില്‍ നിന്നും  ജസീല ജങ്ഷന്‍, രാജീവ് ഗാന്ധി ബൈപ്പാസ് വഴി തുറക്കലിലൂടെ കച്ചേരിപ്പടിയിലെത്തണം. മലപ്പുറം-ആനക്കയം-പെരിന്തല്‍മണ്ണ വഴി മഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന ബസുകളും, മലപ്പുറം-ആനക്കയം- പെരിന്തല്‍മണ്ണ(നെല്ലിപറമ്പ്/നിലമ്പൂര്‍ ഭാഗത്തേക്ക്) പോകുന്ന ബസുകളും, മലപ്പുറം-ആനക്കയം- പെരിന്തല്‍മണ്ണ പാണ്ടിക്കാട് പോകുന്ന ബസുകളും നിലവിലെ സ്ഥിതി തുടരുമെന്നാണ് ആര്‍.ടി.ഒ അറിയിച്ചത്.
 
യോഗത്തില്‍ മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ, ആര്‍.ടി.ഒ അനൂപ് വര്‍ക്കി, ഏറനാട് തഹസില്‍ദാര്‍ പി.സുരേഷ്, പി.ഡബ്‌ള്യൂ.ഡി റോഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.ഗീത, എസ്.ഐ പി.കെ എബ്രഹാം, പി.സതീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date