Skip to main content

പൂക്കളച്ചിത്രങ്ങളും ഡിജിറ്റൽ  പൂക്കളങ്ങളും ഇന്ന് 'സ്‌കൂൾ വിക്കിയിൽ'

സ്‌കൂളുകളിൽ ഇന്ന് (സെപ്റ്റംബർ 2) ഓണാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കുന്ന പൂക്കളങ്ങളുടെ ചിത്രങ്ങളും ഒപ്പം ഹൈടെക് ക്ലാസ്‌റൂം സംവിധാനങ്ങൾ ഉപയോഗിച്ച് തയ്യാറാക്കുന്ന 'ഡിജിറ്റൽ പൂക്കള'ങ്ങളും 'സ്‌കൂൾ വിക്കി'  (www.schoolwiki.in) പോർട്ടലിൽ ലഭ്യമാകും. അതത് സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്ഥാപിച്ചിട്ടുള്ള 2069 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുക.  
ഹൈടെക് പദ്ധതിയുടെ ഭാഗമായി സ്‌കൂളുകൾക്ക് നൽകിയിട്ടുള്ള ഡി.എസ്.എൽ.ആർ. ക്യാമറ ഉപയോഗിച്ച് എടുക്കുന്ന പൂക്കളച്ചിത്രങ്ങളിൽ ഏറ്റവും മികച്ചവയാണ് പകർപ്പവകാശ നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാനാകുംവിധം 'സ്‌കൂൾ വിക്കി'യിൽ ഇന്ന് അപ്‌ലോഡ് ചെയ്യുക. പൂക്കള ഡിസൈനിംഗിന് താല്പര്യമുള്ളവരുടെ ലിസ്റ്റ് മുൻകൂട്ടി തയ്യാറാക്കി ലാപ്‌ടോപ്പിന്റെ ലഭ്യതയ്ക്കനുസരിച്ച് വിവിധ ബാച്ചുകളിലായി താൽപര്യമുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും അതത് സ്‌കൂളുകളിൽ അവസരം ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയർമാൻ & എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് അറിയിച്ചു.  പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തയാറാക്കി അപ്‌ലോഡ് ചെയ്യാനുള്ള നിർദേശങ്ങൾ എല്ലാ സ്‌കൂളുകൾക്കും നൽകിയിട്ടുണ്ട്. ജിമ്പ്, ഇങ്ക്‌സ്‌കേപ്പ്, എക്‌സ്‌പെയിന്റ്, ടക്‌സ് പയിന്റ്, കളർ പെയിന്റ് എന്നീ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് ഉപയോഗിക്കുന്നത്.  സ്‌കൂളുകളിൽ ഇതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർത്തിയാക്കി.  
ഒരു സ്‌കൂളിൽ നിന്നും പരമാവധി 3 ചിത്രങ്ങളാണ് അവരുടെ 'സ്‌കൂൾ വിക്കി' ലോഗിൻ പേജ് വഴി അപ്‌ലോഡ് ചെയ്യുക.  ഈ ചിത്രങ്ങളെല്ലാം അപ്‌ലോഡ് ചെയ്യുന്നമുറയ്ക്ക് www.schoolwiki.in എന്ന വെബ്‌സൈറ്റിലെ 'ഡിറ്റൽ പൂക്കളം' എന്ന പേജിൽ ലഭ്യമാകും.  രാജ്യത്തു തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നത്.
പി.എൻ.എക്സ്.3191/19

date