Skip to main content

പാൽവില; കർഷകർക്ക്  ആശ്വാസകരമായ തീരുമാനം ഉടൻ: മന്ത്രി അഡ്വ. കെ രാജു

പാൽവിലയുമായി ബന്ധപ്പെട്ട് കർഷകർക്ക് ആശ്വാസകരമായ തീരുമാനം ഉടൻ എടുക്കുമെന്ന് വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ രാജു മിൽമയുടെ നവീകരിച്ച ഡയറിയുടെ ഉദ്ഘാടനം രാമവർമ്മപുരം ഡയറി കോമ്പൗണ്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയനഷ്ടങ്ങളും കാലിത്തീറ്റ വിലവർദ്ധനവും കണക്കിലെടുത്ത് ശാസ്ത്രീയമായി വകുപ്പ് തല അപഗ്രഥനത്തിന് തീരുമാനം കൈക്കൊളളുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിലെ പ്ലാന്റ് നവീകരിച്ച ശേഷം പാൽവില സംബന്ധിച്ച സംസ്ഥാനത്തെ മൊത്തം ഡയറി സെക്ടറുകളുടെയും മുഖഛായ മാറ്റുമെന്നും ക്ഷീരോൽപാദകമേഖലയിൽ ഇത് വൻതോതിലുളള കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ക്ഷീരവ്യവസായത്തെ തകർക്കുന്ന ആർസിഇപി കരാറിനെ അതിശക്തമായി ചെറുക്കണമെന്ന് അദ്ധ്യക്ഷത വഹിച്ച കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു. മിൽമ എറണാകളും യൂണിയൻ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാറിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 403 ലക്ഷം രൂപയും കേന്ദ്ര സർക്കാരിന്റെ ആർകെവിവൈ പദ്ധതി പ്രകാരം അനുവദിച്ച 278 ലക്ഷം രൂപയും യൂണിയന്റെ സ്വന്തം ഫണ്ടിൽ നിന്നുളള 50 ലക്ഷം രൂപയും ഉൾപ്പെടെ 7 കോടി 31 ലക്ഷം രൂപ ചിലവഴിച്ചാണ് തൃശൂർ ഡയറി നവീകരിച്ചത്. ഇതിന്റെ ഭാഗമായി പുതിയ പാസ്ച്ചുറൈസേഷൻ പ്ലാന്റ്, ഹോമോജനൈസർ, ബോയിലർ, സിഐപി സിസ്റ്റം, തൈര് ഉൽപാദന യൂണിറ്റ്, റഫ്രിജറേഷൻ സിസ്റ്റം എന്നിവ സജ്ജമാക്കി. ഡയറിയുടെ പ്രതിദിന സംഭരണ വിതരണ ശേഷി ഒരു ലക്ഷം ലിറ്റർ ആയും വർദ്ധിപ്പിച്ചിട്ടുണ്ട്. പ്ലാന്റിന്റെ ശിലാഫലക അനാച്ഛാദനം തദവസരത്തിൽ മന്ത്രി അഡ്വ. കെ രാജു നിർവഹിച്ചു. കോർപ്പറേഷൻ മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, മിൽമ ഫെഡറേഷൻ ചെയർമാൻ പി എ ബാലൻ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ എസ് ശ്രീകുമാർ, തിരുവനന്തപുരം മേഖല ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ്, ഇആർസിഎംപിയു ചെയർമാൻ ജോൺ തെരുവത്ത് തുടങ്ങിയവർ പങ്കെടുത്തു.
 

date