Skip to main content

ഖാദി മേഖലയില്‍ ഓണ കാലത്ത് ലക്ഷ്യമിടുന്നത് 44 കോടിയുടെ വില്‍പന, ആഗസ്ത് മുതല്‍ മിനിമം വേതനം: ശോഭന ജോര്‍ജ്

സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച് ഖാദി മേഖലയില്‍ 44 കോടിയുടെ വില്‍പന ലക്ഷ്യമിടുന്നതായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭന ജോര്‍ജ്. ഇതിനകം 15 കോടിയുടെ വില്‍പന നടന്നു. ഇത് തുടര്‍ന്നാല്‍ 50 കോടിയിലധികം രൂപയുടെ വില്‍പന ഓണം വിപണിയിലില്‍ ഖാദി മേഖലക്ക് കൈവരിക്കാനാകും. നിലവില്‍ ഖാദി വ്യവസായം പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇത് പരിഹരിക്കാന്‍ വില്‍പന വര്‍ദ്ധിപ്പിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളു. പ്രത്യക്ഷമായും പരോക്ഷമായും 45,000 പേരുടെ ഉപജീവന മാര്‍ഗമായ ഖാദിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഖാദി മേഖലയെ വൈവിധ്യവല്‍ക്കരിക്കുന്നതോടൊപ്പം തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്‍കും. ആഗസ്ത് മാസത്തെ വേതനത്തോടൊപ്പം വര്‍ധിപ്പിച്ച തുക നല്‍കുമെന്നും അവര്‍ പറഞ്ഞു.
പരമ്പരാഗത രീതിയില്‍ നിന്ന് ഏറെ മാറി ഖാദി വസ്ത്രങ്ങള്‍ വ്യത്യസ്തമാവുകയാണ്. പുതുതലമുറക്കുള്‍പ്പെടെ ഉപയോഗിക്കാനുള്ള ഫാഷന്‍ വസ്ത്രങ്ങളും ഇന്ന് ഖാദി വിപണന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. സംസ്ഥാനത്തെ വിവിധ കോളേജുകളിലെ ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥികളുടെ സേവനവും വസ്ത്രങ്ങളുടെ ഡിസൈനിംഗിനായി ലഭ്യമാക്കുന്നുണ്ട്. ഇപ്രാവശ്യം ആദ്യമായി ഖാദി മേഖലയില്‍ നിന്ന് അടിവസ്ത്രങ്ങളും ഉല്‍പാദിപ്പിച്ച് വില്‍പനക്കെത്തിച്ചതായും അവര്‍ പറഞ്ഞു.
ഖാദി വസ്ത്രങ്ങളുടെ ഗുണമേന്‍മ ഇന്ന് ഏതൊരു ലോകോത്തര ബ്രാന്റുകളോടും കിടപിടിക്കുന്നതാണ്. എന്നാല്‍ താരനിരകളെ ഉപയോഗിച്ച് ആവശ്യമായ പരസ്യം ചെയ്യാന്‍ സാമ്പത്തികമായി ഖാദി ബോര്‍ഡിന് മാര്‍ഗമില്ല. ഖാദി വസ്ത്രങ്ങളുടെ പരസ്യം ജനങ്ങള്‍ തന്നെയാണ്. അതിനാല്‍ കൂടുതല്‍ ആളുകള്‍ കൈത്തറി വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ മുന്നോട്ട് വരണമെന്നും അവര്‍ പറഞ്ഞു.
165 കോടിയുടെ ശക്തമായ ഒരു  വിപണിയാണ് ഖാദിക്ക് കേരളത്തിലുള്ളത്. സംസ്ഥാനത്ത് വിറ്റഴിക്കുന്ന തുണിത്തരങ്ങളുടെ 40 ശതമാനത്തോളമേ സംസ്ഥാനത്ത് ഉല്‍പാദിക്കുന്നുള്ളൂ. സില്‍ക്ക്, മസ്ലിന്‍ തുണിത്തരങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നവയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇവ ഉല്‍പാദിപ്പിക്കുന്നതിന് ബോര്‍ഡ് മുന്‍ഗണന നല്‍കും. ഇതിന്റെ ഭാഗമായി രണ്ട് വര്‍ഷം കൊണ്ട് 300 തറികള്‍ പുതുതായി സ്ഥാപിക്കും. സില്‍ക്ക് ബോര്‍ഡിന്റെ സഹായത്തോടെ ഒരു റീലിംഗ് സെന്ററും സ്ഥാപിക്കുമെന്നും അവര്‍ പറഞ്ഞു. ഖാദി എന്ന പേരില്‍ കള്ള ഖാദി വസ്ത്രങ്ങള്‍ ചിലര്‍ സംസ്ഥാനത്ത് വില്‍പനക്കെത്തിക്കുന്നുണ്ട്. ഗുണമേന്‍മയില്ലാത്ത ഇത്തരം കള്ള ഖാദികള്‍ യഥാര്‍ഥ ഖാദി ഉല്‍പന്നങ്ങളുടെ വിപണനത്തെ ബാധിക്കുന്നുണ്ടെന്നും ശോഭന ജോര്‍ജ് പറഞ്ഞു.
കണ്ണൂര്‍ ഖാദി വ്യവസായ കേന്ദ്രത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സെക്രട്ടറി ശരത് പി രാജ്, പ്രൊജക്ട് ഓഫീസര്‍ എന്‍ നാരായണന്‍, ഡയറക്ടര്‍മാരായ എം മാധവന്‍ നമ്പൂതിരി, പി സുരേശന്‍, എം സുരേശ് ബാബു എന്നിവര്‍ പങ്കെടുത്തു.

date