വിദ്യാർത്ഥികളുടെ സംഘശക്തിയുടെ മാതൃകയായി കറുപ്പ് സിനിമ
* പ്രിവ്യൂ ഷോ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു
സിനിമ നിർമിക്കാൻ കാശിനായി ഒരു കൂട്ടം വിദ്യാർത്ഥികൾ ഒത്തുചേർന്നപ്പോൾ പിറവിയെടുത്തത് ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ മേ•യെ വിളിച്ചോതുന്ന സിനിമ. കണ്ണൂർ ജില്ലയിലെ വേങ്ങാട് ഇ.കെ നായനാർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റും കണ്ണൂർ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് നിർമ്മിച്ച സിനിമ പ്രമേയം കൊണ്ടും വിഷയാവതരണം കൊണ്ടും പൊതുവിദ്യാഭ്യാസ രംഗത്തിന്റെ നേട്ടത്തെ വിളിച്ചോതുന്നതായി. കുട്ടികൾ പിരിച്ചെടുത്ത 38 ലക്ഷം രൂപ ഉപയോഗിച്ചാണ് സിനിമ നിർമ്മിച്ചത്. ദീപേഷ് ടിയാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. തിരക്കഥ ഡോ. ജിനേഷ്‌കുമാർ എരമം.
മലയോര ഗ്രാമത്തിലെ ആദിവാസി ബാലന് സ്‌കൂളിൽ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും അവന്റെ കഴിവുകൾ തിരിച്ചറിയുന്നതിലൂടെ ശ്രദ്ധേയനാകുന്നതുമാണ് സിനിമ ചർച്ചചെയ്യുന്നത്. തിരുവനന്തപുരത്ത് കാർണിവൽ സിനിമാസിൽ സിനിമയുടെ പ്രിവ്യൂ ഷോ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ ഉണർവിന്റെ പ്രതിഫലനമാണ് കറുപ്പ് സിനിമയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഒരു ക്യാമ്പസ് എങ്ങനെ വളരുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ് ഈ സിനിമ. സ്‌കൂൾ ക്ലാസുകൾ ശിശുകേന്ദ്രീകൃത അവസ്ഥയിലാകുമ്പോൾ സർഗ്ഗശേഷി വളരുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ സിനിമയെന്നും മന്ത്രി പറഞ്ഞു. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ആറളം ഫാമിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി നന്ദൻ സിയെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
സ്‌കൂളിൽ ഒരു ആദിവാസി ബാലൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ഫീച്ചർ ഫിലിം നിർമിക്കുന്നത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷിനിത്ത് പാട്യം, ജേക്കബ് ജോൺ, അഭിനേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്സ്.3220/19
- Log in to post comments