Skip to main content

അതിജീവനത്തിന് ചേർത്തല ശ്രീനാരായണ കലാലയത്തിന്റെ ആദരം

ആലപ്പുഴ: ദുരിതക്കടലിൽ നിന്നും നവകേരളത്തിലേക്ക് നീന്തിക്കയറുന്ന കേരള ജനതയ്ക്ക്  കലയിലൂടെ ആദരമർപ്പിച്ച് ചേർത്തല ശ്രീ നാരായണ കലാലയം. 
ചേർത്തല എസ്.എൻ.കോളേജിലെ മലയാളവിഭാഗമാണ് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സഹകരണത്തോടുകൂടി 'ജലജീവനം, അതിജീവനം' എന്ന പേരിൽ പുതുമയാർന്ന പരിപാടി സംഘടിപ്പിച്ചത്.

ഗുരുവരം സെമിനാർ ഹാളിൽ നടന്ന ചടങ്ങ് സബ് കളക്ടർ വി.ആർ.കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു.' കലയും ജലജീവിതങ്ങളും'   എന്നത് കേന്ദ്രപ്രമേയമാക്കി മനുഷ്യരുടെയും ഇതര ജീവജാലങ്ങളുടെയും അതിജീവനത്തിന്റെ ചരിത്രം സർഗ്ഗാത്മക രൂപങ്ങളിലൂടെ  പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. സാഹിത്യം,ഫോട്ടോഗ്രാഫി, ചിത്രകല,ചലച്ചിത്രകല എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി വ്യത്യസ്ത പരിപാടികളാണ് ഒരുക്കിയത്.

ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ.കെ.ബി.മനോജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കുന്നവരുടെ രേഖാചിത്രം വരക്കുന്നതിലൂടെ ശ്രദ്ധേയനായ പ്രദീപ് പുരുഷോത്തമൻ 'അതിജീവനത്തിന്റെ 'വര' വഴികൾ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ മാതൃകയായ കോളേജിലെ വിദ്യാർത്ഥി ഡി.അനന്തകൃഷ്ണനെ സബ് കളക്ടർ ആദരിച്ചു. 'കുട്ടനാട്: പ്രളയവും അതിജീവനവും' എന്ന വിഷയത്തെ ആസ്പദമാക്കി കാജൽ ദത്ത് പകർത്തിയ ഫോട്ടോകളുടെ പ്രദർശനവും ഫോട്ടോഗ്രാഫറുമായുള്ള മുഖാമുഖവും 'പ്രളയത്തിനിടയിലെ പ്രതീക്ഷയുടെ തുരുത്തുകൾ' എന്ന പേരിൽ വിദ്യാർത്ഥികളുടെ ചിത്രരചനാപ്രദർശനവും സംഘടിപ്പിച്ചു.ഡോ. കെ.എൽ.ശ്രീജമോൾ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.

മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ റിജോ ജോസഫ് 'പ്രളയം മുതൽ അതിജീവനം വരെ പ്രസ് ഫോട്ടോഗ്രാഫറുടെ അനുഭവ സാക്ഷ്യം എന്ന വിഷയം അവതരിപ്പിച്ചു. കുട്ടനാടിന്റെ കഥാകാരൻ തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ'  എന്ന ചെറുകഥയുടെ വാമൊഴി അവതരണം,പ്രളയാനന്തര പുനർവായന എന്നിവയാണ് 'ജലജീവിതവും സാഹിത്യവും'എന്ന വിഭാഗത്തിൽ കുമാരി പ്രിയങ്ക  അവതരിപ്പിച്ചത്. എം.വി.കൃഷ്ണമൂർത്തി വിഷയം അവതരിപ്പിച്ചു.'ജലജീവിതം ചലച്ചിത്രകലയിൽ'എന്ന വിഭാഗത്തിൽ  വിവിധ ഭാഷകളിൽ നിന്നുള്ള  ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ  ഗണിതശാസ്ത്രവിഭാഗം മേധാവി വി. ബിപിൻ കുമാർ  ആശംസകൾ നേർന്ന് കവിത അവതരിപ്പിച്ചു. വകുപ്പ് അദ്ധ്യക്ഷ ഡോ.സി.ലേഖ സ്വാഗതം പറഞ്ഞു.മലയാളവിഭാഗം അദ്ധ്യാപകനും പ്രോഗ്രാം കോർഡിനേറ്ററുമായ ടി.ആർ.രതീഷ് ആമുഖ പ്രഭാഷണം നടത്തി. കുമാരി സ്‌നേഹ ബിജു നന്ദി പറഞ്ഞു.

ഫോട്ടോ ക്യാപ്ഷൻ:  

ചേർത്തല എസ്.എൻ.കോളജിൽ നടന്ന 'ജലജീവനം, അതിജീവനം' പരിപാടി സബ്കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യുന്നു

date