Skip to main content

299 തുറമുഖ തൊഴിലാളികൾക്കും ആശ്രിതർക്കും  ധനസഹായത്തിനും സൗജന്യ റേഷനും അനുമതി

ആലപ്പുഴ: 2019-20 സാമ്പത്തിക വർഷം ആലപ്പുഴ തുറമുഖത്ത് 299 തുറമുഖ തൊഴിലാളികൾക്ക് ആശ്രിതർക്ക് ഓണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ധനസഹായവും രണ്ടാഴ് ചത്തെ സൗജന്യ റേഷനും നൽകുന്നതിന് സർക്കാർ അനുമതിയായി. ധനസഹായത്തിന്റെ വിതരണോദ്ഘാടനം  തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇന്ന് (04/09/2019)  രാവിലെ 9 മണിക്ക് ആലപ്പുഴ തുറമുഖ ഓഫീസിൽ വച്ച് നിർവഹിക്കും. അന്നേ ദിവസം ഉദ് ഘാടനത്തിനു ശേഷവും തുടർന്നുള്ള മൂന്നു ദിവസങ്ങളിലും തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്യുന്നതാണ്. തുറമുഖ തൊഴിലാളികളോ നിയമപരമായ ആശ്രിതരോ പിൻതുടർച്ചാവകാശികളോ അവകാശം തെളിയിക്കുന്നതിനുള്ള രേഖകളായി - ടോക്കൺ, ആധാർ കാർഡ്, റേഷൻ കാർഡ്, പണം കൈപ്പറ്റുന്നതിനായുള്ള ഒരു രൂപയുടെ റവന്യ സ്റ്റാമ്പ് എന്നിവ സഹിതം തുറമുഖ ഓഫീസിൽ ഹാജരാക്കി ധനസഹായം കൈപ്പറ്റാവുന്നതാണ്.

മാവേലിമന്നനെ കാണാൻ ചാന്ദ്രമനുഷ്യൻ; സംഗമവേദിയായി പേരിശ്ശേരി ഗവ.യു.പി.സ്‌ക്കൂൾ

ചെങ്ങന്നൂർ : പേരിശ്ശേരി ഗവ.യു.പി.സ്‌ക്കൂളിന്റെ ഓണാഘോഷവേദിയിൽ ഒരു അപൂർവ്വ അതിഥി. മാവേലി മന്നനോടൊപ്പം ഓണപ്പാട്ടും ഓണക്കളികളുമായി ആർത്തുല്ലസിച്ച കൂട്ടുകാർക്കിടയിലേക്ക് ചാന്ദ്രമനുഷ്യൻ അപ്രതീക്ഷിതമായി കടന്നുവന്നു.  ഇക്കുറി ഓണമുണ്ണാൻ ഞാനുമുണ്ടെന്ന് പറഞ്ഞെത്തിയ ഈ അതിഥിയെ കുട്ടികൾ ഹർഷാരവത്തോടെ സ്വാഗതം ചെയ്തു.  പിന്നെ ചാന്ദ്രവിശേഷങ്ങളറിയാൻ ചോദ്യങ്ങളുടെ പ്രളയമായിരുന്നു.  ചന്ദ്രനിൽ എന്താണ് സമുദ്രമില്ലാത്തത്?  ചന്ദ്രന് അന്തരീക്ഷമില്ലാത്തത് എന്തുകൊണ്ടാണ്? ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ ഇറങ്ങിയപ്പോൾ എന്തുതോന്നി?  ചന്ദ്രനിൽ വന്നാൽ ഒരു ആനയെ പൊക്കാൻ പറ്റുമോ?  തുടങ്ങി കുട്ടികൾ ചോദിച്ച ഓരോ ചോദ്യവും അവരിലെ ശാസ്ത്രകൗതുകത്തിന്റെ വേരുറപ്പിക്കുന്നതായിരുന്നു.
എല്ലാത്തിന്റെയും ഉത്തരം രസകരമായി ശബ്ദങ്ങളിലൂടെയും ചില പ്രകാശ സിഗ്‌നലുകളിലൂടെയും ചാന്ദ്രമനുഷ്യൻ കുട്ടികളോടു പറഞ്ഞു.  ചാന്ദ്രഭാഷയിലുള്ള ഈ സിഗ്‌നലുകൾ ഒരു ദ്വിഭാഷിയാണ് കുട്ടികൾക്ക് തങ്ങളുടെ ഭാഷയിൽ പറഞ്ഞുകൊടുത്തത്.  ഏകദേശം ഒരു മണിക്കൂറോളം ചാന്ദ്രമനുഷ്യനുമായി കുട്ടികൾ സംവദിച്ചു.  സമഗ്രശിക്ഷാ കേരളം ബി ആർ സി ചെങ്ങന്നൂരിന്റെയും കേരളശാസ്ത്രസാഹിത്യപരിഷത്ത് ചെങ്ങന്നൂർ മേഖലയുടെയും ആഭിമുഖ്യത്തിൽ നടന്ന ''ചന്ദ്രകാന്തം 2019'' എന്ന പരിപാടിയാണ് ഇത്തരത്തിൽ കൗതുകമായത്. ചെങ്ങന്നൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ  ജി.കൃഷ്ണകുമാർ ഉദ്ഘാടനം നിർവ്വഹിച്ച  പരിപാടിയിൽ എസ്.എസ്.കെ  പ്രോഗ്രാം ഓഫീസർ   എ. ഷുക്കൂർ, സ്‌ക്കുൾ പ്രഥമാധ്യാപകൻ .വി.ജി.സജികുമാർ, പരിഷത്ത്മേഖലാ സെക്രട്ടറി. റ്റി.സി.സുരേഷ്, മേഖലാപ്രസിഡന്റ് റ്റി.കെ.സുഭാഷ് എന്നിവർ പങ്കെടുത്തു.  ആലപ്പുഴ ജില്ലാ ബാലവേദിയുടെ കൺവീനർ മുരളി കാട്ടൂർ ദ്വിഭാഷിയായി കുട്ടികളോട് സംസാരിച്ചു.
ചെങ്ങന്നൂർ ബി ആർ സിയുടെ നേതൃത്വത്തിൽ എസ് വി എച്ച് എസ് എസ് പാണ്ടനാട്, ജി യു പി എസ് എണ്ണയ്ക്കാട്, എം പി യു പി എസ് പുത്തൻകാവ്, എസ് എച്ച് വി എച്ച് എസ് കാരയ്ക്കാട് എന്നീ വിദ്യാലയങ്ങളും ചാന്ദ്രമനുഷ്യൻ സന്ദർശിച്ചിരുന്നു.

ഫോട്ടോ ക്യാപ്ഷൻ: 

പേരിശ്ശേരി ഗവ.യു.പി.സ്‌ക്കൂളിൽ നടന്ന ചന്ദ്രകാന്തം പരിപാടിയിൽ നിന്ന്
 

date