Skip to main content

ഗൃഹശ്രീ പദ്ധതിയുടെ പേരിലുള്ള തട്ടിപ്പിനെതിരെ ജാഗ്രത വേണം 

ആലപ്പുഴ: സംസ്ഥാന ഭവന നിർമ്മാണ ബോർഡ് വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതി പ്രകാരം വീടുവയ്ക്കുന്നതിലേക്കായി സബ്‌സിഡി ഇനത്തിൽ രണ്ടു ലക്ഷം രൂപ വാങ്ങി നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് നടത്തുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്ന് കേരള സംസ്ഥാന ഭവന നിർമാണ ബോർഡ് ആലപ്പുഴ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.  ജില്ലയിൽ ചില വ്യക്തികളും സംഘടനകളും ഗുണഭോക്താക്കളിൽ നിന്നും ഗുണഭോക്തൃവിഹിതം സ്വീകരിക്കുന്നതായും  അതിൽ ഒരു ഭാഗം സർക്കാർ നൽകുന്ന ആദ്യ ഗഡു എന്ന് തെറ്റിദ്ധരിപ്പിച്ച്  അവർക്ക് തിരികെ നൽകി വരുന്നതായും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ബോർഡിൽ ഗൃഹശ്രീ പദ്ധതിയ്ക്കായി അപേക്ഷ സമർപ്പിച്ച് തിരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് ബോർഡിലെ ഉദ്യോഗസ്ഥർ  ഓരോ നിർമ്മാണഘട്ടവും നേരിട്ട് എത്തി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന്റെ അടിസ്ഥാനത്തിൽ ഘട്ടം ഘട്ടമായി മാത്രമാണ് തുക നേരിട്ട് ബാങ്ക് അക്കൗണ്ട് വഴി ഗുണഭോക്താക്കൾക്ക് നൽകുന്നത്. ഗൃഹശ്രീ പദ്ധതിയുടെ നടത്തിപ്പിനായി ബോർഡ് ഉദ്യോഗസ്ഥരെയല്ലാത്ത മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല. തട്ടിപ്പിനിരയാകാതെ ജാഗ്രത പാലിക്കണമെന്നും ഇത്തരത്തിലുള്ള നഷ്ടങ്ങൾക്ക് ബോർഡിന് യാതൊരു ബാധ്യതയും ഉണ്ടായിരിക്കുന്നതല്ലായെന്നും എക്‌സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

date