Skip to main content

എച്ച് 1 എന്‍ 1: മുന്‍കരുതല്‍ വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

 

 

ജില്ലയിലെ ചില പ്രദേശങ്ങളില്‍ എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്തതിനാല്‍ രോഗബാധ കൂടാനുള്ള സാഹചര്യം മുന്‍കൂട്ടി കണ്ട് മുന്‍കരുതലുകള്‍ എടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.  പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കരള്‍- വൃക്കരോഗങ്ങള്‍ ഉള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ജലദോഷമാണെങ്കില്‍ പോലും ഡോക്ടറെ സമീപിക്കേണ്ടതാണ്. വായുവിലൂടെ പകരുന്ന വൈറസായ ഇന്‍ഫ്‌ളുവന്‍സ വിഭാഗത്തില്‍പെട്ട വൈറസ് പനിയാണ് എച്ച് 1 എന്‍ 1. രോഗത്തിന് ഫലപ്രദമായ ചികിത്സ സൗജന്യമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.

ലക്ഷണങ്ങള്‍

  •  കുളിര് 
  • പനി
  •  ചുമ
  •  തൊണ്ടവേദന
  •  മൂക്കൊലിപ്പ്, മൂക്കടപ്പ്
  •  ശരീരവേദന
  •  തളര്‍ച്ച
  •  വയറിളക്കം
  •  ഓക്കാനം, ഛര്‍ദ്ദി

 ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കുക.
  •  രോഗികള്‍ പരിപൂര്‍ണ്ണ വിശ്രമം എടുക്കുക. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുക. വീട്ടില്‍ തന്നെ വിശ്രമിക്കുകയും വേണം.
  •   കൈകള്‍ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും. 
  •  രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സക്ക് മുതിരാതെ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നു കഴിക്കണം
  •  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും രോഗം വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗി ഇക്കാര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. 
  •  യാത്രചെയ്യുന്നതും പൊതുസ്ഥലങ്ങളില്‍ പോകുന്നതും പനി മാറുന്നതു വരെ ഒഴിവാക്കുക
date