Skip to main content

വീടുകളുടെ നാശനഷ്ടം തിട്ടപ്പെടുത്തല്‍ - ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി സര്‍വെ ഇന്ന് തുടങ്ങും

ജില്ലയിലെ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ നാശനഷ്ടം കണ്ടെത്തി തിട്ടപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം താലൂക്കടിസ്ഥാനത്തില്‍  ജില്ലയില്‍ പൂര്‍ത്തിയായി. പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഇന്ന് മുതല്‍ വീടുകള്‍ സന്ദര്‍ശിച്ച് സര്‍വെ നടത്തും.  റീബില്‍ഡ് കേരള വിവരശേഖരണ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റവന്യൂ ഉദ്യോഗസ്ഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ് ഉദ്യോഗസ്ഥന്‍, ഓവര്‍സിയര്‍/എഞ്ചിനീയര്‍, ഐ.ടി വിദഗ്ദ്ധന്‍ എന്നിവരടങ്ങുന്ന നാലംഗ സംഘമാണ്  വിവരശേഖരണം നടത്തുക. വിവര ശേഖരണത്തിലൂടെ ലഭിച്ച വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ അപ് ലോഡ് ചെയ്യും. ഭവന നാശം സംബന്ധിച്ച വിവരങ്ങളില്‍ 30-59 വരെ,  60-74 വരെ,  75 ശതമാനത്തിന് മുകളിലോ പൂര്‍ണ്ണമായോ  തകര്‍ന്നത്, വീടും സ്ഥലവും വാസയോഗ്യമല്ലാതായത് എന്നിങ്ങനെയാണ് തരം തിരിക്കുന്നത്. ബന്ധപ്പെട്ട തഹസില്‍ദാരും തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും അടങ്ങുന്ന ടീം മേല്‍ പരിശോധന നടത്തും. അതിനായി ഓരോ താലൂക്കുകളിലും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ നിയമിച്ചിട്ടുണ്ട്. ഫീല്‍ഡ് സര്‍വെയില്‍ ഉള്‍പ്പെടാതെ പോയി എന്ന ആക്ഷേപം ഉന്നയിക്കുന്നവരില്‍ നിന്ന്  ബന്ധപ്പെട്ട തഹസില്‍ദാര്‍മാര്‍ അപേക്ഷ സ്വീകരിക്കുകയും അതത് സര്‍വെ ടീമിനെ ഏല്‍പ്പിക്കുകയും ചെയ്യും. വിവരശേഖരണത്തിനായി വീടുകളില്‍ ഉദ്യോഗസ്ഥര്‍ എത്തുന്ന സമയത്ത് ബന്ധപ്പെട്ട രേഖകളുമായി വീട്ടുടമകള്‍ സ്ഥലത്തുണ്ടായിരിക്കണം. റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് മറ്റ് രേഖകളും എന്നിവ വീട്ടുടമയുടെ കൈവശം ഉണ്ടായിരിക്കണം. വീട്ടുടമ പുറത്ത് പോകുകയാണെങ്കില്‍ രേഖകള്‍ വീട്ടിലെ ആരെങ്കിലും ഏല്‍പ്പിക്കണം. സര്‍വെ 10 ദിവസത്തിനകം ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കും.
 

date