Skip to main content

ഓണം ഖാദി മേള :  ജില്ലാതല നറുക്കെടുപ്പിന്റെ സമ്മാനദാനം നിര്‍വ്വഹിച്ചു

ഓണപൂക്കള മത്സരം 10 ന് 

 

ഓണം-ടൂറിസം വാരാഘോഷം 2019 ന്റെ ഭാഗമായി ഡി.ടി.പി.സി കോഴിക്കോട് പൂക്കള മത്സരം സംഘടിപ്പിക്കും. സെപ്തംബര്‍ 10 ന് രാവിലെ 10 മുതല്‍ കോഴിക്കോട് ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ ഒന്‍പതിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് മുമ്പായി ഡി.ടി.പി.സി ഓഫീസുമായി ബന്ധപ്പെടണം. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിയിലുള്ള മത്സരാര്‍ത്ഥികളില്‍നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.  കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2720012. 

 

നാട്ടാനകളുടെ  അനധികൃത കൈമാറ്റത്തില്‍  കര്‍ശനനടപടി;

ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

 

 നാട്ടാനകളുടെ കച്ചവടവും കൈമാറ്റവും വനംവകുപ്പിന്റെ അനുമതിയോടെയും മാനദണ്ഡങ്ങള്‍ക്കനുസൃതവുമായിരിക്കണമെന്നും ഇത് പാലിക്കാത്ത വര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്രകുമാര്‍ അറിയിച്ചു. അടുത്ത കാലത്തായി ആനകളുടെ കൈമാറ്റവും വില്‍പനയും വര്‍ധിച്ചു വരുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആനകളുടെ അനധികൃത കൈമാറ്റവും പാട്ടത്തിന് നല്‍കലും അവയുടെ ജീവഹാനിക്കു തന്നെ കാരണമാകുന്നുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത്  ചെരിഞ്ഞ 50 ലധികം ആനകളിലേറെയും ഇത്തരം കൈമാറ്റങ്ങള്‍ക്ക് വിധേയമായിരുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് നിയമനടപടികള്‍ കര്‍ക്കശമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

 രജിസറ്റര്‍ ചെയ്ത ജില്ലയില്‍ നിന്ന് ആനകളെ പുറത്തേക്ക്  കൊണ്ടുപോകുന്ന സാഹചര്യങ്ങളില്‍ എന്താവശ്യത്തിന്, എത്ര ദിവസത്തേക്ക് എവിടേക്ക് കൊണ്ടുപോകുന്നു എന്നത് സംബന്ധിച്ച് ഉടമ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററെ അറിയിക്കണം. ഒറ്റത്തവണയായി പതിനഞ്ചു ദിവസത്തില്‍ കൂടുതല്‍ സ്വന്തം ജില്ല വിട്ട് ആനകളെ മാറ്റി പാര്‍പ്പിക്കാന്‍ പാടില്ല.  പതിനഞ്ചു  ദിവസത്തിലധികം മാറ്റി പാര്‍പ്പിക്കേണ്ട സാഹചര്യങ്ങളില്‍  അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങുകയും  അവയ്ക്ക് മതിയായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്നും അദ്ദേഹം അറിയിച്ചു. 

 

 

അപേക്ഷ ക്ഷണിച്ചു

 

 

ഡി.എല്‍.എഡ് (ഹിന്ദി) കോഴ്‌സില്‍ സ്വാശ്രയ സ്ഥാപനങ്ങളിലേക്കുളള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് www.kozhikodedde.com .

ഡി.എല്‍.എഡ് കോഴ്‌സിലെ ഒഴിവ് വന്ന സീറ്റുകളിലേക്ക് സെപ്തംബര്‍ ഏഴിന് സ്‌പോട്ട് ഇന്റര്‍വ്യൂ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടത്തും. താല്‍പര്യമുളള വിദ്യാര്‍ത്ഥികല്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദ വിവരങ്ങള്‍ www.kozhikodedde.com വെബ്‌സൈറ്റില്‍ ലഭിക്കും.

 

 

ഓണം ഖാദി മേള :  ജില്ലാതല നറുക്കെടുപ്പിന്റെ സമ്മാനദാനം നിര്‍വ്വഹിച്ചു

 

 

കേരളഖാദി ഗ്രാമവ്യവസായ ബോര്‍ഡും ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം ഖാദിമേള- 2019 പ്രതിവാര നറുക്കെടുപ്പിന്റെ സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു.  ബാലുശ്ശേരി അറപ്പീടികയിലുളള ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് മെമ്പര്‍ കെ ലോഹ്യ അധ്യക്ഷനായി. വില്ലേജ് ഇന്റസ്ട്രീസ് ഓഫീസര്‍ കെ ഷിബി ആശംസ അര്‍പ്പിച്ചു. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഷാജി ജേക്കബ്, സൂപ്രണ്ട് കെ രവികുമാര്‍, എന്നിവര്‍ സംസാരിച്ചു. രണ്ട് പ്രതിവാര നറുക്കെടുപ്പുകളിലായി ആറ് പേര്‍ക്കാണ് സമ്മാനം ലഭിച്ചത്.  സമ്മാന ജേതാക്കള്‍ക്ക് ലഭിച്ചിട്ടുളള ഗിഫ്റ്റ് വൗച്ചറുകളുപയോഗിച്ച് എതെങ്കിലും ഖാദി ഷോറൂമികളില്‍ നിന്നും തത്തുല്യമായ തുകക്കുളള ഖാദി ഉല്‍പ്പന്നങ്ങല്‍ വാങ്ങാം. ഉല്പന്നങ്ങള്‍ക്ക് റിബേറ്റും ലഭിക്കും. 

 

ഗ്യാസ് ഏജന്‍സി ഉടമകളുടെ യോഗം

 

കൊയിലാണ്ടി താലൂക്കിലെ വിവിധ ഓയില്‍ കമ്പനികളുടെ അംഗീകൃത ഗ്യാസ് ഏജന്‍സികളുടെ അടിയന്തിര മീറ്റിംഗ് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്നു. ഓണക്കാലത്തും, തുടര്‍ന്നും എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് വിതരണം പരാതിക്കിടയില്ലാതെ സുഗമമായി നടത്തുമെന്ന്് യോഗം തീരുമാനിച്ചു.  ഗ്യാസ് സിലിണ്ടര്‍ വീടുകളിലെത്തിക്കുന്നതു സംബന്ധിച്ച്് അധികതുകഈടാക്കല്‍ പരാതികളില്ലാതെ വിതരണം നടത്തും.   ഡെലിവറി ബോയ്‌സ്‌നെ അതത് ഏജന്‍സികള്‍ നിരീക്ഷിക്കും. ഗ്യാസ് ലീക്കു ചെയ്യുന്നതു സംബന്ധിച്ച പരാതികള്‍ ഏജന്‍സികളെ അറിയിച്ചാലുടനെ പരിഹാരം കാണുന്നതിനുളള സംവിധാനങ്ങള്‍ ഗ്യാസ് ഏജന്‍സികള്‍ ഒരുക്കിയിട്ടുള്ളതായി യോഗത്തില്‍  അറിയിച്ചു.
ഗ്യാസ് സ്റ്റൗ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള നടപടികളുമായി സഹകരിക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ഗ്യാസ് ഏജന്‍സികള്‍ കൈക്കൊള്ളണം. ഓണക്കാലത്തേക്കാവശ്യമായ സ്റ്റോക്ക് മുന്‍കൂറായി സംഭരിക്കുന്നതിനുള്ള നടപടികളെടുക്കണമെന്ന താലൂക്ക് സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശം എല്ലാ ഏജന്‍സികളും അംഗീകരിച്ചു.
എല്ലാ ഗ്യാസ് ഏജന്‍സികളിലെയും ജീവനക്കാര്‍ ഗുണഭോക്താക്കളോട് സൗഹൃദപരമായി പെരുമാറേണ്ടതും മികച്ച രീതിയില്‍ ആശയവിനിമയം നടത്തേണ്ടതുമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.  അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ  എസ്.മുരഹരക്കുറുപ്,  അഷറഫ്.ബി, റേഷനിംഗ്  ഇന്‍സ്‌പെക്ടര്‍മാരായ  ദിനചന്ദ്രന്‍.സി.എം, ശ്രീജു.എം, സതീഷ്ചന്ദ്രന്‍.എ.കെ, .ലിജി.എന്‍, സജിത എസ്.കെ, ശ്രീജ.എം.പി, വിവിധ ഗ്യാസ് എജന്‍സി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.        

                                        
അഴിയൂര്‍ പഞ്ചായത്തില്‍ മുറ്റത്തെ മുല്ല പരിപാടി ആരംഭിച്ചു
അഴിയൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു

 

സഹകരണ വകുപ്പ് നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല വായ്പ പദ്ധതി അഴിയൂര്‍ സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചു. കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് 9 ശതമാനം നിരക്കില്‍ പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണ് മുറ്റത്തെ മുല്ല പദ്ധതി.  വായ്പകള്‍ ഉപയോഗിച്ച് സംരംഭ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്തി വരുമാനദായക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 209 കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ അഴിയൂരില്‍ ഉണ്ട്. അഴിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.പ്രമോദിന്റെ അദ്ധ്യക്ഷതയില്‍ പരിപാടി പഞ്ചായത്ത് പ്രസിഡന്റ്.ഇ.ടി.അയ്യൂബ്ബ് ഉദ്ഘാടനം ചെയ്തു.  അസി. രജിസ്ട്രാര്‍ ജനറല്‍ വടകര സി.കെ.സുരേഷ് പദ്ധതി വിശദീകരിച്ചു. ഓണക്കിറ്റ് വിപണിയിലിറക്കുന്നതിന്റെ ഉദ്ഘാടനം അഴിയൂര്‍ പഞ്ചായത്ത്  സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ് നിര്‍വ്വഹിച്ചു. കെ.എസ്.നായര്‍ മുറ്റത്തെ മുല്ല വായ്പയുടെ ബാങ്ക് പാസ്സ് ബുക്ക് വിതരണം ചെയ്തു. ബാങ്ക് ഡയറക്ടര്‍മാരായ പി.ശ്രീധരന്‍, കെ സുഗതന്‍, ടി.കെ.സുഗന്ധി, മീര, കുടുബശ്രീ സി.എഡി-എസ്.ചെയര്‍പെഴ്‌സണ്‍ ബിന്ദു ജയ്‌സണ്‍, ബാങ്ക് സെക്രട്ടറി രഞ്ചിത്ത്, എന്നിവര്‍ സംസാരിച്ചു. കമ്പോളത്തില്‍ ഇടപ്പെടല്‍ നടത്തി വിലക്കുറവില്‍ ആവശ്യ വസ്തുക്കള്‍ എത്തിക്കുക എന്നതിന്റെ ഭാഗമായാണ് ഓണക്കിറ്റ് വിപണിയിലിറക്കിയത്.

 

സ്പന്ദനം പ്രൊജക്ടിലേക്ക് നിയമനം

 

ഭാരതീയ ചികിത്സ വകുപ്പ് നടപ്പിലാക്കുന്ന ജില്ലാപഞ്ചായത്തിന്റെ സ്പന്ദനം പ്രൊജക്ടിലേക്ക് സ്‌പെഷ്യല്‍ എഡുക്കേറ്റര്‍ (സ്‌പെഷ്യല്‍ ബി.എഡ്, എം.ആര്‍.എല്‍.ഡി, ഡ്.സി.എം.ആര്‍, പി.ജി.ഡി.എം.എല്‍.ഡി തത്തുല്ല്യം- രണ്ട് ഒഴിവ്), ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്/ഫിസിയോ തെറാപിസ്റ്റ് (ബി.ഒ.ടി/ബി.പി.ടി- രണ്ട് ഒഴിവ്) , സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റ്/ ഓഡിയോളജിസ്റ്റ് (ബി.എസ്.എല്‍.പി-  ഒരു ഒഴിവ്) തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ സെപ്തംബര്‍ ആറിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം പങ്കെടുക്കണം.

 

 

വാഹന ലേലം

 സെപ്തംബര്‍ 24 ന് രാവിലെ 11 മണിക്ക്  നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ വാഹനം --റ്റാറ്റ സുമോ (കെ.എല്‍.11 എല്‍.431) ലേലം ചെയ്യും. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, മൂന്നാം നില, കേന്ദ്രീയ ഭവന്‍, എം.എസ് ബാബുരാജ് റോഡ്, കല്ലായ്, കോഴിക്കോട് - 673003 യില്‍ വെച്ചായിരിക്കും ലേലം.

 

 

 ധനസഹായം : അപേക്ഷ ക്ഷണിച്ചു

 

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുളള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും അറ്റകുറ്റപ്പണികള്‍ക്കും പുനര്‍നിര്‍മ്മാണത്തിനും 2019-2020 വര്‍ഷത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന ധനസഹായം ലഭിക്കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷകള്‍ രണ്ട് കോപ്പികള്‍ വീതം സെപ്തംബര്‍ 30 നകം ബന്ധപ്പെട്ട ഡിവിഷന്‍ അസി. കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം. സ്വകാര്യക്ഷേത്രങ്ങള്‍ക്കും പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിട്ട് നടത്തുന്ന ക്ഷേത്രങ്ങള്‍ക്കും പരിമിതമായ തോതില്‍ ധനസഹായം അനുവദിക്കും. വിശദവിവരവും, നിശ്ചിത അപേക്ഷാഫോറത്തിന്റെ മാതൃകയും മലബാര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും കാസര്‍ഗോഡ്, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും ലഭ്യമാണ്. അപേക്ഷാഫോമും മറ്റ് വിശദാംശങ്ങളും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ (www.malabardevaswom.kerala.gov.in) ലഭിക്കും. 

 

ചെറുകിട വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നതില്‍ തടസ്സമില്ല

 

കൂരാച്ചുണ്ട് പഞ്ചായത്തില്‍പ്പെടുന്ന അമ്പലക്കുന്ന് ആദിവാസി കോളനിയിലെ 13 ആദിവാസി കുടുംബങ്ങളിലെ 13 പേര്‍ക്ക് സാമൂഹിക വനാവകാശം നല്കിയിട്ടുണ്ടെന്നും ചെറുകിട വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്താമെന്നും  ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചതായി  ജില്ലാ നിയമസേവന അതോറിറ്റി സെക്രട്ടറി അറിയിച്ചു. 13 ആദിവാസികുടുംബങ്ങള്‍ക്ക് വനാവകാശ നിയമപ്രകാരം ചെറുകിട വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തുന്നതില്‍ വിലക്കുളളതായുളള പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ്സസ് അതോറിറ്റി സ്വമേധയാ നടപടി സ്വീകരിച്ചിരുന്നു. പാരാലീഗല്‍ വൊളണ്ടിയര്‍ വിനീതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നോട്ടീസയയ്ക്കുകയും ചെയ്തിരുന്നു. ഇതിനു മറുപടിയായിട്ടാണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, പ്രസ്തുത 13 കുടുംബങ്ങളില്‍പ്പെട്ട മണി മുതല്‍ 12 പേര്‍ക്ക് സാമൂഹിക വനാവകാശം നല്‍കിയിട്ടുളളതായും ചെറുകിട വനവിഭവങ്ങള്‍ ശേഖരിച്ച് ഉപജീവനം ചെയ്യുന്നതിന് ആദിവാസികള്‍ക്ക് അര്‍ഹതയുളളതായും യാതൊരുവിധ തടസ്സമുണ്ടാക്കുകയില്ലെന്നും സെക്രട്ടറിയെ  രേഖാമൂലം അറിയിച്ചത്.

 

വലിയ വാഹനങ്ങള്‍ക്ക് നിരോധനം

 

 

കാരശ്ശേരി ചെറുവാടി-കാവിലട-എന്‍.എം ഹുസൈന്‍ ഹാജി റോഡില്‍ കൊടിയത്തൂര്‍ അങ്ങാടിക്ക് സമീപം ഉളള കോട്ടമുഴി കലുങ്ക് അപകടാവസ്ഥയിലായതിനാല്‍ കലുങ്കിനു മുകളിലൂടെ ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ഭാരം കൂടിയ വാഹനങ്ങള്‍ കൊടിയത്തൂര്‍-കാരക്കുറ്റി-നെല്ലിക്കാപ്പറമ്പ് വഴിയും തിരിച്ചും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

 

മരം ലേലം

 

വെളളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്‌സിനുളളിലെ മരങ്ങള്‍ സെപ്തംബര്‍ 19 ന് രാവിലെ 11 മണിക്ക് വെളളിമാടുകുന്ന് ഗവ. ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ - 0495 2731907. 

 

ഉപതിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു 

 

 

 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പൂവ്വാട്ടുപറമ്പ്  ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നസീബാ റായി  905  വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. നസീബാറായ് 4794 വോട്ട് നേടി. എല്‍ ഡി എഫ് സ്ഥാനാര്‍ഥി ദീപ  3889 വോട്ടും ബി ജെ പി സ്ഥാനാര്‍ഥി  ജയ 995 വോട്ടും നസീബ (സ്വത) 121 വോട്ടും നേടി.  

 

മേലടി ബ്ലോക്ക് പഞ്ചായത്ത് തിക്കോടി ഡിവിഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥി സുനിത വി.എം 700 വോട്ടുകളുടെ ഭൂരിപക്ഷത്തിന്  വിജയിച്ചു. സുനിത വി.എം 1895 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശാന്ത കുറ്റിയില്‍ 1195 വോട്ട് നേടി. 

 

കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പടിയക്കണ്ടി വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ 255 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി അനിത പാറക്കുന്നത്ത് 255 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അനിത പാറക്കുന്നത്ത് 668 വോട്ട് നേടി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുജ 413 വോട്ടാണ് നേടിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭന കണ്ടപ്പാട്ടില്‍ 33 വോട്ടാണ് നേടിയത്.

 

date